'ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു പിക്ക് അപ്പ് വാന്‍'. അതില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന അത്യാധുനിക മെഷീന്‍ ഗണ്‍. ലക്ഷ്യം മുന്നിലെത്തിയതിനു പിന്നാലെ മെഷീന്‍ ഗണ്‍ പ്രവര്‍ത്തിച്ചു/ പ്രവര്‍ത്തിക്കപ്പെട്ടു. വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു. ഇറാന്റെ ആണവായുധ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന മുഹ്‌സിന്‍ ഫക്രിസാദെയെ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് വധിച്ചത് ഇങ്ങനെയാണ്. മുഹ്‌സിനെ മൊസാദ് വധിച്ചതിന്റെ വിശദാംശങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് ആണ് പുറത്തുവിട്ടിരിക്കുന്നത്. 

ആരാണ് മുഹ്‌സിന്‍, എന്തുകൊണ്ട് മുഹ്‌സിന്‍

ഉത്തരം ലളിതമാണ്- ന്യൂക്ലിയര്‍ ബോംബ് നിര്‍മിക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മുഹ്‌സിന്‍ ആയിരുന്നു. ആക്രമിക്കപ്പെട്ടേക്കാമെന്ന് ഇറാന്റെ രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മുഹ്‌സിന്‍ അത് അവഗണിക്കുകയായിരുന്നു. ഇറാന്റെ സൈനികസംവിധാനത്തില്‍ ഉന്നതസ്ഥാനീയനായിരുന്നു അദ്ദേഹം. പക്ഷെ തീര്‍ത്തും സാധാരണ ജീവിതം നയിക്കാനായിരുന്നു മുഹ്‌സിന്‍ ഇഷ്ടപ്പെട്ടിരുന്നത്. പേര്‍ഷ്യന്‍ കവിതകള്‍ വായിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന, കുടുംബത്തിനൊപ്പം കടല്‍ത്തീരത്ത് പോകാനിഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മുഹ്‌സിന്‍. 

ആരാണ് മുഹ്‌സിനെ വധിക്കാന്‍ മൊസാദ് ഒരുക്കിയ 'ഹിറ്റ്മാന്‍'

പതിന്നാലു കൊല്ലത്തോളമായി, കൃത്യമായി പറഞ്ഞാല്‍ 2007 മുതല്‍ മൊസാദിന്റെ ഹിറ്റ് ലിസ്റ്റില്‍ മുഹ്‌സിന്‍ ഉണ്ടായിരുന്നു. പലവിധ ആസൂത്രണങ്ങള്‍ക്കും പദ്ധതികള്‍ക്കും ശേഷം 2020 നവംബര്‍ 27 വെള്ളിയാഴ്ചയാണ് മൊസാദ്, മുഹ്‌സിനെ വധിക്കുന്നത്. കൃത്യതയും കണിശതയുമുള്ള ബെല്‍ജിയന്‍ നിര്‍മിത 7.62 എം.എം. FN MAG മെഷീന്‍ ഗണ്ണിന്റെ പ്രത്യേക മോഡല്‍ ആണ് ഇതിനായി മൊസാദ് തിരഞ്ഞെടുത്തത്. ഇത് ഒരു അത്യാധുനിക റോബോട്ടില്‍ ഘടിപ്പിച്ചു. മുഹ്‌സിന്‍ എന്ന ലക്ഷ്യത്തിനായി മൊസാദ് ഒരുക്കിയ ഈ 'ഹിറ്റ്മാന്റെ' ഭാരം ഏകദേശം ഒരു ടണ്‍ ആയിരുന്നു. മുഹ്‌സിനെ വധിക്കാനുള്ള ആയുധങ്ങള്‍ ഇറാനിലെത്തിച്ചത് അതീവ രഹസ്യമായാണ്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ആയുധങ്ങള്‍ പാര്‍ട്‌സ് പാര്‍ട്‌സായി ഇറാനിലേക്ക് കടത്തുകയായിരുന്നു. പിന്നീട് ഇവ അതീവരഹസ്യമായി ആക്രമണസമയത്ത് കൂട്ടിച്ചേര്‍ത്തു. ആക്രമണശേഷം മെഷീന്‍ ഗണ്ണിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സ്‌ഫോടകവസ്തുക്കള്‍ പിക്കപ്പില്‍ നിറച്ചിരുന്നത്. എന്നാല്‍ മെഷീന്‍ ഗണ്ണിന് വലിയ കേടുപാടൊന്നും സംഭവിച്ചില്ല.

Mohsen Fakhrizadeh
മുഹ്‌സിന്‍ ഫക്രിസാദെയുടെ സംസ്‌കാരച്ചടങ്ങുകളില്‍നിന്ന്| Photo: AP 

മുഹ്‌സിനെ വധിക്കാന്‍ ഒരുക്കിയത് പല പദ്ധതികള്‍

2019-ല്‍ മുഹ്‌സിനെ വധിക്കാന്‍ മൊസാദ് തീരുമാനിച്ചെങ്കിലും പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. മുഹ്‌സിനെ ഇല്ലാതാക്കാന്‍ പലതരത്തിലുള്ള പദ്ധതികള്‍ മൊസാദ് ഒരുക്കിയിരുന്നു. മുഹ്‌സിന്‍ പോകുന്ന വഴിയില്‍ ബോംബ് ഭീഷണി ഉയര്‍ത്തുകയും കാറില്‍നിന്ന് ഇറങ്ങുമ്പോള്‍ സ്‌നൈപര്‍മാരെ ഉപയോഗിച്ച് മുഹ്‌സിനെ ഇല്ലാതാക്കാനും ആലോചിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതിയും പിന്നീട് വേണ്ടെന്നു വെക്കുകയായിരുന്നു. 

വലവിരിച്ചത് ഇങ്ങനെ

കമ്പ്യൂട്ടറൈസ്ഡ് ആയ ആയുധത്തെ പിക്കപ്പ് വാനില്‍ ഘടിപ്പിച്ച് മുഹ്‌സിന്‍ കടന്നുപോകുന്ന വഴിയില്‍ ഉപേക്ഷിച്ചു. ഭാര്യയ്‌ക്കൊപ്പം അവധിക്കാല വസതിയിലേക്കുള്ള യാത്രയിലായിരുന്നു മുഹ്‌സിന്‍. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചായിരുന്നു മെഷീന്‍ ഗണ്ണിനെ നിയന്ത്രിച്ചിരുന്നത്. ക്യാമറ, സ്‌ഫോടക വസ്തുക്കള്‍ എന്നിവയും ഈ പിക്കപ്പ് വാനില്‍ ഉണ്ടായിരുന്നു. ഈ പിക്കപ്പ് വാന്‍, മുഹ്‌സെന്റെ വീട്ടിലേക്കുള്ള ജങ്ഷനില്‍ നിര്‍ത്തിയിട്ടു. മൊസാദിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ ഏജന്റുമാരായിരുന്നു ഈ ദൗത്യം നിര്‍വഹിച്ചത്. 

ഓപ്പറേഷന്‍ മുഹ്‌സിന്‍ 

മുഹ്‌സെന്റെ വാഹനം ജങ്ഷനിലെത്തി. പിക്കപ്പ് വാനില്‍ ഘടിപ്പിച്ചിരുന്ന ക്യാമറകളുടെ സഹായത്തോടെ ടാര്‍ഗറ്റ് കൃത്യമാണോ എന്ന് മൊസാദ് ഉറപ്പിക്കുന്നു. തുടര്‍ന്ന് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നു. ആകെ പതിനഞ്ച് ബുള്ളറ്റുകളാണ് മുഹ്‌സിന് നേര്‍ക്ക് മെഷീന്‍ ഗണ്ണില്‍നിന്നുതിര്‍ന്നത്. 

Mohsen Fakhrizadeh
മുഹ്‌സിന്‍ ഫക്രിസാദെയുടെ സംസ്‌കാരച്ചടങ്ങുകളില്‍നിന്ന്| Photo: AP 

ആ അറുപത് സെക്കന്‍ഡ്

വെറും അറുപതു സെക്കന്‍ഡിനുള്ളില്‍ എല്ലാം അവസാനിച്ചു. പരിക്കേറ്റത് മുഹ്‌സിനു മാത്രം. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും ഒന്നും സംഭവിച്ചില്ല. മുഖം തിരിച്ചറിയാന്‍ സഹായിക്കുന്ന ഫേഷ്യല്‍ റെക്കൊഗ്നേഷന്‍ സോഫ്റ്റ് വെയറാണ് മുഹ്‌സിന്റെ ഭാര്യക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ കാരണമായത്. ആരാണ് ആക്രമിച്ചത് എന്നറിയാതെ മുഹ്‌സിന്റെ സുരക്ഷാജീവനക്കാര്‍ അമ്പരന്നു. ഇറാനില്‍നിന്ന് ഏകദേശം ആയിരം മൈല്‍ അകലെ ഇരുന്നാണ് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മൊസാദ് മുഹ്‌സിനെ ഇല്ലാതാക്കിയത്. 

content highlights: how mossad assasinated mohsen fakhrizadeh