മെക്സികോസിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും അമരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സും മെക്സിക്കോയില്‍ സന്ദര്‍ശനം നടത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ യു.എസ് കോണ്‍സുലേറ്റിന് നേരെ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം. വെള്ളിയാഴ്ച രാത്രിയോടെ മെക്സിക്കോയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്വാഡലജരയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കോണ്‍സുലേറ്റിന്റെ മതില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

സംഭവത്തില്‍ ഫെഡറല്‍ അതോറിറ്റി അന്വേഷണം നടത്തിവരികയാണ്. മെക്സിക്കോയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനായി ഇവാന്‍ക ട്രംപും മൈക് പെന്‍സുമടക്കമുള്ള ഉന്നത യുഎസ് സംഘം ശനിയാഴ്ച രാവിലെയാണ് മെക്സിക്കോ സിറ്റിയിലെത്തിയത്.

കോണ്‍സുലേറ്റ് കെട്ടിടത്തിന് പുറത്ത് നിന്ന് ഒരാള്‍ സ്ഫോടന വസ്തു എറിഞ്ഞ ശേഷം ഓടികളഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവിടെയുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. സംഭവ സ്ഥലത്ത് നിന്ന് ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

Content Highlights: Ivanka Trump, US Consulate Attacked, Ivanka Trump