Reuters
റിയോ : ബ്രസീലിലെ ആശുപത്രികള്‍ കൊറോണ രോഗികളെ കൊണ്ട് നിറയുന്നു. മോര്‍ച്ചറികളിലും സെമിത്തേരികളിലും സ്ഥലമില്ലാതായതിനെ തുടര്‍ന്ന് കൂട്ടക്കുഴിമാടങ്ങളൊരുക്കിയാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. സ്ഥിതി അതീവ ഗൗരവതരമായിട്ടും സാമൂഹിക അകലം പാലിക്കാനുള്ള കടുത്ത നടപടികൾ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മാത്രവുമല്ല മെയ് മാസത്തിൽ ലോക്ക്ഡൗണിൽ അയവുവരുത്താനാണ് പ്രസിഡന്റ് ആലോചിക്കുന്നതും.
റിയോ ഡി ജനീറയിലെയും മറ്റ് നാല് പ്രധാന നഗരങ്ങളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ അവരുടെ ആശുപത്രി സംവിധാനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പ് ഇതിനോടകം നല്‍കിക്കഴിഞ്ഞു. കൂടുതല്‍ രോഗികളെ പ്രവേശിക്കാന്‍ കഴിയാത്ത വിധം ആശുപത്രികള്‍ നിറഞ്ഞുവെന്നും അവര്‍ പറയുന്നു.
ഈ അടിയന്തിര ഘട്ടത്തിലും കോവിഡ് ചെറിയ രോഗമാണെന്നും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യമില്ലെന്നുമുള്ള തന്റെ മുന്‍കാല നിലപാടിനു മാറ്റമില്ലാതെ തുടരുകയാണ് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ. ഉയര്‍ന്ന രോഗലക്ഷണമുള്ളവരെ മാത്രം ക്വാറന്റൈന് ചെയ്താല്‍ മതിയെന്ന നിലപാടാണ് അദ്ദേഹം ഇപ്പോഴും സ്വീകരിക്കുന്നത്.
ആമസോണിലെ പ്രധാന നഗരമായ മനാസില്‍ കൂട്ടിക്കുഴിമാടം ഒരുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അധികൃതര്‍. എന്നിട്ടും പ്രസിഡന്റിന്റെ നിലപാടിന് അയവുവന്നിട്ടില്ല. ഒരു ദിവസം ശരാശരി നൂറ് മൃതദേഹങ്ങളാണ് ഇവിടങ്ങളില്‍ അടക്കം ചെയ്യുന്നത്. സംസ്കാര സേവനങ്ങള്‍ ചെയ്യുന്ന ഇരുപതുകാരനായ ഡ്രൈവര്‍ പറയുന്നത് 36 മണിക്കൂറില്‍ ഇടതടവില്ലാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ്. ഇതിനാല്‍ തങ്ങളുടെ ഉടമ പുതിയൊരു വണ്ടി കൂടി സേവനത്തിനായി ഇറക്കി.
53000 പേര് ഇതുവരെ ബ്രീസിലില്‍ രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. മരണസംഖ്യ 3600 കടന്നു. വ്യാഴാഴ്ച മാത്രം 3700 പുതിയ കേസുകളും 400 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു.
സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളൊഴിഞ്ഞ ശേഷമേ പുതിയ രോഗികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന അവസ്ഥയിലെത്തി. മരക്കാന ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ 400 ബെഡ്ഡുകള്‍ ഒരുക്കുന്നുണ്ട്. 200 ബെഡ്ഡുകളും ഐസിയുവും ഉള്ള പുതിയ ആശുപത്രി സൗകര്യം റിയോയില്‍ ഒരുക്കുന്നുണ്ട്.
ആളുകളെ കൊല്ലുന്ന ഗുരുതര വൈറസാണ് കൊറോണയെന്ന് ജനം ഇനിയും വിശ്വസിക്കേണ്ടതുണ്ട്. പ്രസിഡന്റിന്റെ നിലപാടാണ് ജനം കൊറോണയെ ഗൗരവതരമായി എടുക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
വൈറസ് വ്യാപനം രാജ്യത്തുണ്ടാകുന്നുവെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വാദങ്ങളെ തള്ളുന്ന നടപടിയാണ് പ്രസിഡന്റ് ബൊല്‍സനാരോയുടെ ഭാഗത്തു നിന്നുണ്ടായത്. വൈറസിനെ തുരത്താനുള്ള കടുത്ത നടപടികള്‍ സ്വീകരിച്ച ആരോഗ്യ മന്ത്രിയെ കഴിഞ്ഞ ദിവസം പ്രസിഡന്റ് പുറത്താക്കിയിരുന്നു
content highlights: hospitals full, Brazil Next Coronavirus Epicentre With Mass Graves
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..