ഹോങ്‌കോങ്: ഹോങ് കോങില്‍ ജനാധിപത്യ അനുകൂലിയായ മാധ്യമ മാധ്യമ ഭീമന്‍ ജിമ്മി ലായിയെ നാടകീയ നീക്കങ്ങളിലൂടെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പത്ര സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയാണ് അറസ്റ്റ് ചെയ്തത്‌. ചൈന സുരക്ഷാ നിയമം ഏര്‍പ്പെടുത്തിയത് മുതല്‍ വിയോജിപ്പുകള്‍ക്കെതിരെ ഹോങ്‌കോങില്‍ ശക്തമായ അടിച്ചമര്‍ത്തലുകളാണ് നടന്നുവരുന്നത്. കഴിഞ്ഞ മാസമാണ് ചൈന ഹോങ് കോങ് സുരക്ഷാ നിയമം നടപ്പിലാക്കിയത്.

വിദേശ ശക്തികളുമായി കൂട്ടുകൂടിയെന്ന ആരോപണത്തിന്റെ പേരിലാണ്‌ ജിമ്മി ലായി അടക്കം ഏഴുപേരെ കസ്റ്റഡിയിലെടുത്തത്. 72-കാരനായ ജിമ്മി ലായിയുടെ വീട്ടില്‍ ആദ്യം റെയ്ഡ് നടത്തിയ ശേഷമാണ് പോലീസ് അദ്ദേഹത്തിന്റെ നെക്സ്റ്റ് ഡിജിറ്റല്‍ പബ്ലിഷിങ് സ്ഥാപനത്തിന്റെ ഓഫീസിലെത്തിയത്. പോലീസ് പത്ര സ്ഥാപനത്തില്‍ റെയ്ഡ് നടത്തുന്നത് തത്സമയം സംപ്രേക്ഷണം  ചെയ്യുകയുമുണ്ടായി.

ലായിയുടെ രണ്ട് ആണ്‍ മക്കളേയും പിടികൂടിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 200 ഓളം പോലീസുകാര്‍ റെയ്ഡില്‍ പങ്കാളികളായി. റെയ്ഡ് നടത്തുന്നത് പത്ര സ്ഥാപനത്തിലെ ജോലിക്കാരെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ ലൈവ് ചെയ്തിരുന്നു. കയ്യാമം വെച്ചാണ് ജിമ്മി ലായിയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. 

ചൈന ഹോങ് കോങ്ങില്‍ കര്‍ശനമായ സുരക്ഷാ നിയമം കൊണ്ടുവന്നതിനു പിന്നാലെ ഹോങ് കോങ്ങുമായുള്ള പല കരാറുകളും യുഎസും മറ്റും രാജ്യങ്ങളും റദ്ദാക്കിയിരുന്നു.

Content Highlights: Hong Kong media tycoon arrested, newspaper raided