ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിക്കുന്ന എന്‍ 95 മാസ്‌കുകള്‍ അണുവിമുക്തമാക്കാന്‍ ഇലക്ട്രിക് കുക്കറുകള്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍. ഇത്തരം മാസ്‌കുകളുടെ ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ കാര്യക്ഷമമായി അണുവിമുക്തമാക്കാന്‍ ഈ മാര്‍ഗത്തിലൂടെ സാധിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
സാധാരണഗതിയില്‍ ഒരു തവണ മാത്രം ഉപയോഗിച്ച് നശിപ്പിക്കുന്ന വിധത്തിലാണ് എന്‍-95 മാസ്‌കുകള്‍ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ നിലവില്‍ മാസ്‌കുകളുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാനുള്ള മാര്‍ഗമാണ് ഗവേഷകര്‍ അന്വേഷിച്ചത്. വീടുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് കുക്കറുകള്‍ ഉപയോഗിച്ച് 100 ഡിഗ്രി സെല്‍ഷ്യസില്‍ 50 മിനിറ്റ് ചൂടാക്കിയാല്‍ മാസ്കുകള്‍ പൂണമായും അണുവിമുക്തമാകുകയും പൂര്‍ണ കാര്യക്ഷമതയോടെ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും.
ഉപയോഗിക്കുന്ന ആളുകളില്‍നിന്ന് സ്രവങ്ങള്‍ മറ്റുള്ളവരിലേയ്ക്ക് എത്താതെ തടയുക എന്നതാണ് സാധാരണ തുണികൊണ്ടുള്ള മാസ്‌കുകളും സര്‍ജിക്കല്‍ മാസ്‌കുകളും ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനം. എന്നാല്‍ എന്‍ 95 പോലുള്ള മാസ്‌കുകള്‍ ഉപയോഗിക്കുന്നതിലൂടെ പുറത്തുനിന്നുള്ള വൈറസ് കലര്‍ന്ന കണങ്ങള്‍ ധരിക്കുന്ന ആളുടെ ഉള്ളിലെത്താതെ തടയാനാവും.
മാസ്‌കുകളെ അണുവിമുക്തമാക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. എന്നാല്‍ ഈ മാര്‍ഗങ്ങളില്‍ പലതും വായുവിനെ അരിച്ച് ഉള്ളിലേയ്‌ക്കെടുക്കാനുള്ള മാസ്‌കിന്റെ ശേഷിയും മുറുക്കവും നഷ്ടപ്പെടുത്തും. ഈ ശേഷി നിലനിര്‍ത്തിക്കൊണ്ട് മാസ്‌കുകളെ അണുവിമുക്തമാക്കാനുള്ള മാര്‍ഗമാണ് ഗവേഷകര്‍ കണ്ടെത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും വീടുകളില്‍ ഇത്തരം മാക്‌സുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഇത് ഏറെ സഹായകമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ലെറ്റേഴ്‌സ് എന്ന ജേണലിലാണ് അമേരിക്കന്‍ ഗവേഷകരുടെ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗവേഷകരില്‍ ഒരാള്‍ ഇന്ത്യന്‍ വേരുകളുള്ള അമേരിക്കക്കാരനാണ്.
Content Highlights: Home electric cookers could efficiently sanitise N95 masks- scientists