പാബ്ലോ എസ്‌കോബാറിന്റെ ഹിപ്പോകള്‍ ഇന്ത്യയിലേക്കും; വരുന്നത് 4 പതിറ്റാണ്ടു മുൻപ് കടത്തിയവയുടെ പിൻതലമുറ


2 min read
Read later
Print
Share

ഹസിൻഡ നാപ്പോൾസിലെ തടാകത്തിലെ ഹിപ്പോകൾ | ഫോട്ടോ: എ.പി.

ബഗോട്ട (കൊളംബിയ): കൊളമ്പിയന്‍ ലഹരിമരുന്ന് രാജാവായിരുന്ന പാബ്ലോ എസ്‌കോബാറിന്റെ ഹിപ്പോകള്‍ ഇന്ത്യയിലേക്ക്. അത്ഭുതപ്പെടേണ്ട, 1993-ല്‍ കൊല്ലപ്പെട്ട പാബ്ലോയുടെ കൈവശമുണ്ടായിരുന്ന ഹിപ്പോപ്പൊട്ടാമസുകളുടെ പിന്‍തലമുറയില്‍പ്പെട്ടവരെയാണ് ഇന്ത്യയിലെ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളില്‍ പുനരധിവസിപ്പിക്കാന്‍ പോകുന്നത്. ഇതു സംബന്ധിച്ചുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നാണ് കൊളംബിയന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ കുറ്റവാളി എന്നറിയപ്പെട്ടിരുന്ന കൊളംബിയന്‍ മാഫിയ രാജാവ് പാബ്ലോ എസ്‌കോബാറിന് കൊളംബിയയില്‍ 'ഹസിന്‍ഡ നാപ്പോള്‍സ്' എന്നൊരു എസ്‌റ്റേറ്റ് ഉണ്ടായിരുന്നു. സുഖവാസ കേന്ദ്രമായി അദ്ദേഹം ഉപയോഗിച്ചിരുന്ന ഈ പ്രദേശം ഏകദേശം 20 കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ വ്യാപിച്ച് കിടന്നിരുന്നു. 1980-കളില്‍ ആഫ്രിക്കയില്‍നിന്ന് മൂന്ന് പെണ്‍ ഹിപ്പോകളെയും ഒരു ആണ്‍ ഹിപ്പോയെയും അനധികൃതമായി കടത്തിക്കൊണ്ടുവന്ന് അദ്ദേഹം ഈ സ്ഥലത്ത് വളര്‍ത്തി.

1993-ല്‍ പാബ്ലോ എസ്‌കോബാര്‍ കൊല്ലപ്പെട്ടതിനു ശേഷം ഹസിന്‍ഡ നാപ്പോള്‍സ് പിന്നീട് ഒരു പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രമായി മാറി. എസ്റ്റേറ്റ് ഉള്‍പ്പെടുന്ന വലിയ ഭൂപ്രദേശം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നെങ്കിലും അവിടെയുണ്ടായിരുന്ന ഹിപ്പോപ്പൊട്ടാമസുകള്‍ നദീതീരങ്ങളിലും കാട്ടിലുമായി പെറ്റുപെരുകുകയായിരുന്നു.

നാല് പതിറ്റാണ്ടിനിടയില്‍ ഹസിന്‍ഡ നാപ്പോള്‍സിന്റെ ചുറ്റുപാടും മഗ്ദലേന നദിയുടെ തീരപ്രദേശങ്ങളിലുമായി ഹിപ്പോകള്‍ പെരുകി. ഇപ്പോള്‍ അന്റിഗ്വിയ പ്രവിശ്യയില്‍ മാത്രം ഹിപ്പോകള്‍ ഏകദേശം 130 എണ്ണം വരുമെന്നാണ് കണക്കാക്കുന്നത്. അനുകൂലമായ പ്രകൃതിയും ശത്രുക്കളില്ലാത്ത ആവാസവ്യവസ്ഥയും ഇവയുടെ വംശവർധനവിന് സഹായകരമായി. ഇക്കണക്കിനു പോയാൽ എട്ടു വര്‍ഷംകൊണ്ട് അവയുടെ എണ്ണം 400 ആയി വര്‍ധിക്കുമെന്നും അത് പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലനത്തെ ദോഷകരമായി ബാധിക്കുമെന്നും പരിസ്ഥിതി ഗവേഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

പാബ്ലോ എസ്കോബാർ

ഹിപ്പോകളുടെ കാഷ്ഠം നദിയോരങ്ങളിലെ പാരിസ്ഥിതിക ഘടനയെ ബാധിക്കുന്നു, ഇത് മനാറ്റീസ്, കാപ്പബറാസ് തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നു തുടങ്ങിയ പരാതികളും ഹിപ്പോകള്‍ക്കെതിരേ പരിസ്ഥിതിവാദികള്‍ ഉയര്‍ത്തിയിരുന്നു. അധിനിവേശ ജീവിവര്‍ഗമായി കഴിഞ്ഞ വര്‍ഷം ഹിപ്പോകളെ കൊളമ്പിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. ഇതേത്തുടര്‍ന്നാണ് പാബ്ലോ എസ്‌കോബാറിന്റെ ഹിപ്പോകളില്‍ കുറച്ചെണ്ണത്തെ നാടുകടത്തി അവയുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ത്യ, മെക്‌സിക്കോ എന്നിവിടങ്ങളിലേക്ക് 70 ഹിപ്പോകളെ കയറ്റിയയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഒരു വര്‍ഷമായി ഇതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്ന് കൊളംബിയയുടെ മൃഗസംരക്ഷണ-ക്ഷേമകാര്യ മന്ത്രാലയ ഡയറക്ടര്‍ ലിന മാര്‍സെല ഡിലോസ് മൊറാലെസ് പറഞ്ഞു. മൂന്ന് ടണ്ണോളം ഭാരംവരുന്ന ഹിപ്പോകളെ വലിയ ഇരുമ്പ് കൂടുകളിലാക്കി ഹസിന്‍ഡ നാപ്പോള്‍സില്‍നിന്ന് 150 കിലോ മീറ്റർ അകലെയുള്ള റിയോനെഗ്രോയിലെ വിമാനത്താവളത്തില്‍ എത്തിക്കാനാണ് പദ്ധതി. തുടര്‍ന്ന് വിമാനത്തില്‍ ഇന്ത്യയിലേക്കും മെക്‌സിക്കോയിലേക്കും അയക്കും.

അറുപത് ഹിപ്പോകളെ ഗുജറാത്തിലെ ഗ്രീന്‍സ് സുവോളജിക്കല്‍ റസ്‌ക്യു ആന്‍ഡ് റീഹാബിലിറ്റേഷന്‍ കിങ്ഡത്തിലേക്കാണ്‌ എത്തിക്കുകയെന്ന് ലിന മാര്‍സെല പറഞ്ഞു. പത്തെണ്ണത്തെ മെക്‌സിക്കോയിലെ വിവിധ മൃഗശാലകളിലേക്കും മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്കുമായി നല്‍കും. ഇക്വഡോര്‍, ഫിലിപ്പീന്‍സ്, ബോട്‌സ്വാന എന്നീ രാജ്യങ്ങളും കൊളംബിയയില്‍നിന്നുള്ള ഹിപ്പോകളെ പുനരധിവസിപ്പിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Hippos living near Pablo Escobar’s former Colombia ranch may be shipped to India, hippopotamus

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

ബിരുദ ദാന ചടങ്ങിനിടെ വേദിയില്‍ തട്ടിവീണ് ജോ ബൈഡന്‍ | VIDEO

Jun 2, 2023


Rahul Gandhi

1 min

ഹലോ മിസ്റ്റര്‍ മോദി, എന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് എനിക്കറിയാം- യുഎസിലെ പരിപാടിയിൽ രാഹുൽ

Jun 1, 2023


Malayalai beer
Premium

കയറ്റുമതി മുടങ്ങിയ അവില്‍, പോംവഴിയായി ബിയര്‍; 'മലയാളി ബിയര്‍' പോളണ്ടിലുണ്ടായ കഥ

Jan 17, 2023

Most Commented