വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പാര്‍ലമെന്റിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഇന്ത്യാക്കാരനും. ഹിമാചല്‍പ്രദേശ് സ്വദേശിയായ ഡോക്ടര്‍ ഗൗരവ് ശര്‍മയാണ് ലേബര്‍ പാര്‍ട്ടി പ്രതിനിധിയായി ഹാമില്‍ടണ്‍ വെസ്റ്റില്‍ നിന്ന് പാര്‍ലമെന്റിലേക്കെത്തിയത്. 4,425 വോട്ടുകള്‍ക്കാണ് മുപ്പത്തിമൂന്നുകാരനായ ഡോക്ടര്‍ ഗൗരവ് ശര്‍മ എതിര്‍സ്ഥാനാര്‍ഥിയായ ടിം മസിന്‍ഡോയെ പരാജയപ്പെടുത്തിയത്.
ഡോക്ടര്‍ ഗൗരവ് ശര്‍മയുടെ വിജയത്തില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കുര്‍ അഭിനന്ദനമറിയിച്ചു. ഡോക്ടര്‍ ശര്‍മയുടെ വിജയം സംസ്ഥാനത്തിന് ശ്രദ്ധ നേടാന്‍ ഇടവരുത്തിയതായും ഹിമാചലിലെ ജനങ്ങള്‍ അദ്ദേഹത്തെ കുറിച്ച് അഭിമാനിക്കുന്നതായും ജയ് റാം താക്കുര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരാണ് ഡോക്ടര്‍ ശര്‍മയുടെ സ്വദേശം.
20 കൊല്ലങ്ങള്‍ക്ക് മുമ്പ് ന്യൂസിലാന്‍ഡിലെത്തിയ ഡോക്ടര്‍ ഗൗരവ് ശര്‍മ മെഡിക്കല്‍ ബിരുദവും എംബിഎ ബിരുദവും നേടിയ ശേഷം ഹാമില്‍ടണില്‍ ഡോക്ടറായി പ്രവര്‍ത്തിച്ച് വരികയാണ്. രാജ്യം കോവിഡ് മുക്തി നേടുന്ന ഘട്ടത്തില്‍ തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ ആരോഗ്യമേഖലയിലെ പ്രവൃത്തിപരിചയം സഹായിക്കുമെന്ന് ഡോക്ടര്‍ ശര്‍മ പറയുന്നു.
വിവിധ രാജ്യങ്ങളിലെ പൊതു ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവര്‍ത്തിച്ചതായും 2015 ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഗ്രാമങ്ങളുടെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം പങ്കാളിയായിരുന്നതായും അഭയാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി ഡോക്ടര്‍ ശര്‍മ ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും ലേബര്‍ പാര്‍ട്ടി പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനീയറായിരുന്ന അച്ഛന്‍ ജോലി രാജിവെച്ച് ന്യൂസിലാന്‍ഡിലേക്ക് പോയതോടെയാണ് ഡോക്ടര്‍ ശര്‍മയുടെ കുടുംബം അവിടെ സ്ഥിരതാമസമാരംഭിച്ചത്. അന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഡോക്ടര്‍ ശര്‍മ. 2017 ല്‍ ഒരു ചാനലിനനുവദിച്ച അഭിമുഖത്തില്‍ തന്റെ നാടുമായുള്ള ബന്ധം ഇപ്പോളും തുടരുന്നതായി ഇദ്ദേഹം പറഞ്ഞിരുന്നു.
ലേബര്‍ പാര്‍ട്ടി ഇക്കുറിയും വന്‍ വിജയമാണ് തിരഞ്ഞെടുപ്പില്‍ നേടിയത്. ഒപ്പം പാര്‍ട്ടിയുടെ ഏറ്റവും ജനസമ്മതിയുള്ള നേതാവ് ജസീന്ത ആര്‍ഡേന്‍ രണ്ടാമതും പ്രധാനമന്ത്രി പദത്തിലേക്കെത്തുകയും ചെയ്തു.
Content Highlights: Dr. Gourav Sharma Himachal Man Who Moved to New Zealand Elected as MP in Jacinda Ardern's Cabinet