
റെയ്നർ പർവ്വതം, മൈക്കിൾ ക്നാപിൻസ്കി |Photo:AP
വാഷിങ്ടണ്‍: മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയ ആള് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. വാഷിങ്ടണിലെ റെയ്നര്‍ പര്‍വ്വത ദേശീയ ഉദ്യാനത്തില്‍ വെച്ച് കാണാതായ ഹൈക്കര്‍ മൈക്കിള്‍ ക്നാപിന്സ്കിയാണ് അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയത്.
കനത്ത മഞ്ഞുവീഴ്ചയില്‍ 45-കാരനായ മൈക്കിള്‍ ഈ മാസം ഏഴിനാണ് സുഹൃത്തിനൊപ്പം യുഎസ് ദേശീയ ഉദ്യാനത്തിലെത്തിയത്. ഒരു നിശ്ചിത സ്ഥലത്ത് കണ്ടുമുട്ടാമെന്ന് തീരുമാനിച്ച് യാത്രയ്ക്കിടയില്‍ സുഹൃത്തുമായി മൈക്കിള്‍ വേര്‍പിരിഞ്ഞു.
ഇതിനിടെ മഞ്ഞുവീഴ്ച രൂക്ഷമായി. കനത്ത മഞ്ഞില്‍ ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എത്താമെന്ന് പറഞ്ഞ സ്ഥലത്ത് സുഹൃത്തിന് മൈക്കിള്‍ ക്നാപിന്സ്കിയെ കാണാനായില്ല. ഒരുപാട് സമയം കാത്തിരുന്നെങ്കിലും മൈക്കിള്‍ എത്തിയില്ല. തുടര്‍ന്ന് സുഹൃത്ത് അധികൃതരെ ഇക്കാര്യം അറിയിച്ചു.
ഹൈലികോപ്ടറിലടക്കം രക്ഷാപ്രവര്‍ത്തകര്‍ മൈക്കിളിലിനായി തിരച്ചില്‍ നടത്തി. ഒടുവില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹത്തിന് പള്സുണ്ടായിരുന്നെങ്കിലും ഹൃദയം നിലച്ചിരുന്നു. ആദ്യം പരിശോധിച്ച ഡോക്ടര്‍ അദ്ദേഹം മരിച്ചെന്ന് പറഞ്ഞു. എന്നിരുന്നാലും അവസാന ശ്രമമെന്ന നിലയില്‍ മെഡിക്കല്‍ സംഘം സിപിആര്‍ നടത്തുകയും ഇ.സി.എം.ഒ മെഷീനിലേക്ക് ബന്ധിപ്പിക്കുകയും ചെയ്തു. ശരീരത്തില്‍ നിന്ന് രക്തം ഹൃദയത്തിലേക്ക് പമ്പ് ചെയ്യാന്‍ സഹായിക്കുന്ന നൂതന യന്ത്രമാണ് ഇ.സി.എം.ഒ. 45 മിനിറ്റ് പരിശ്രമത്തിനൊടുവില്‍ മൈക്കിളിന്റെ ഹൃദയമിടിച്ചു.
രണ്ടു ദിവസത്തിന് ശേഷം മൈക്കിള്‍ ഉണര്‍ന്നുവെന്നും ജീവിതത്തിലേക്ക് തിരിച്ച് വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..