(Mauro Scrobogna|LaPresse via AP)
റോം: കൊറോണയെ നേരിടാനാകാതെ പകച്ചുനില്‍ക്കുന്ന ഇറ്റലി സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ജര്‍മനിയുടെ സഹായം തേടി. ഇറ്റലിയിലെ വിവിധ പ്രവിശ്യയിലെ മേയര്‍മാരും ഗവര്‍ണര്‍മാരുമാണ് ജര്‍മനിയോട് സഹായം തേടി രംഗത്തെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മനിയ്ക്ക് ഇറ്റലിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്കിയ സാമ്പത്തിക സഹായം ഓര്‍മിച്ച് ഇപ്പോള്‍ ആവശ്യമായ പിന്തുണ നല്‍കണമെന്നും ഇവര്‍ ജര്‍മനിയോട് ആവശ്യപ്പെട്ടു.
കൊറോണാവൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പല വലിയ രാജ്യങ്ങളും സാമ്പത്തിക ഞെരുക്കത്തിലേക്കാണ് പോകുന്നത് എന്നാണ് സൂചന. എങ്കിലും പല രാജ്യങ്ങളും പരസ്പരസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജര്‍മനി മറ്റ് രാജ്യങ്ങളുടെ സഹായാഭ്യര്ഥനകളിലേക്ക് ശ്രദ്ധ നല്‍കുന്നില്ല എന്നാണ് ഇറ്റലിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പറയുന്നത്.
'പ്രിയ ജര്‍മന്‍ സുഹൃത്തുക്കളെ, ശരിയായ തീരുമാനങ്ങളെടുക്കാന്‍ ഓര്‍മകള്‍ സഹായിക്കും'. യുദ്ധത്തിന് ശേഷം ജര്‍മനിയുടെ വായ്പാതിരിച്ചടവിനായി 1953 ല്‍ ഉണ്ടാക്കിയ കരാറിനെ സൂചിപ്പിച്ച് ഭരണകര്‍ത്താക്കള്‍ പറഞ്ഞു. സഹായം തേടി എഴുതിയ കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വൈറസ് ബാധ ഏറ്റവുമധികം ബാധിച്ച ഇറ്റലിയിലെ വടക്കന്‍ നഗരങ്ങളുടെ അധ്യക്ഷന്മാരാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്.
യൂറോപ്യന്‍ മേഖലയെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനായി ഇറ്റലി, ഫ്രാന്‍സ്, സ്പെയിന് തുടങ്ങി ഒമ്പത് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ സംയുക്തമായി സാമ്പത്തിക സഹായകൂട്ടായ്മയ്ക്കായുള്ള ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ജര്‍മനി, നെതര്‍ലന്‍ഡ്സ്, ഫിന്‍ലന്‍ഡ്, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ ഇതില്‍ അതൃപ്തി പ്രകടമാക്കിയിരുന്നു.
Content Highlights: Help us like you were helped after war Italy's virus hit cities tell Germany
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..