ജനീവ: ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് 2022 വരെ കോറോണ വാക്സിൻ ലഭിക്കാൻ സാധ്യതയില്ലന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്. 

ചെറുപ്പക്കാർക്ക് കൊറോണ വാക്സിൻ ലഭിക്കുന്നതിനായി 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നും ആരോഗ്യപ്രവർത്തകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രായമുളളവരേയും ദുർബല വിഭാഗക്കാരെയുമാണെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

' മുൻനിര കോവിഡ് പ്രതിരോധ പ്രവർത്തകരിൽ നിന്നുമാണ് ഇത് ആരംഭിക്കുന്നത്. അവിടെപ്പോലും കൂടുതൽ അപകടസാധ്യതയുളളവരാരെന്ന് നിർണയിക്കേണ്ടതുണ്ട്. അവർക്ക് ശേഷം പ്രായമായവർ. ആരോഗ്യമുളള ചെറുപ്പക്കാർക്ക് 2022 വരെ കാത്തിരിക്കേണ്ടി വരും.' സൗമ്യ പറയുന്നു.

നിരവധി വാക്സിൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ വേഗത്തിൽ വാക്സിൻ ലഭ്യമാകാൻ സാധ്യതയില്ലെന്നുതന്നെയാണ് ലോകാരോഗ്യസംഘടന ആവർത്തിച്ചത്. ട്രയലുകൾക്കിടയിൽ വളണ്ടിയർ അസുഖബാധിതനായതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസൺ ട്രയൽ നിർത്തിവെച്ചിരിക്കുകയാണ്.

ഹെർഡ് ഇമ്മ്യൂണിറ്റി കൈവരിക്കാമെന്ന പ്രതീക്ഷയിൽ കോവിഡ് 19 പടരാൻ അനുവദിക്കുന്നത് അധാർമികതയാണെന്ന് ലോകാരോഗ്യ സംഘടന നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ആവർത്തിച്ചുളള കൈകഴുകൽ, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങി നിരവധി മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടന ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

ആളുകൾ ഹെർഡ് ഇമ്മ്യൂണിറ്റിയെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ വാക്സിന്റെ പശ്ചാത്തലത്തിൽ മാത്രമേ നമുക്ക് ഇതിനെ കുറിച്ച് സംസാരിക്കാനാകൂ. വൈറസ് വ്യാപനം തടയണമെങ്കിൽ 75 ശതമാനം ആളുകൾക്കെങ്കിലും കുത്തിവയ്പ്പെടുക്കേണ്ടതായി വരും. - സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

Content Highlights :Healthy Young people might not get covid 19 vaccine until 2022 WHO