സിഡ്നി: ഹെഡ്ഫോണ്‍ പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരിയായ യുവതിക്ക് പൊള്ളലേറ്റു. ബെയ്ജിങ്ങില്‍ നിന്ന് മെല്‍ബണിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ഫെബ്രുവരി 19 ന് നടന്ന സംഭവത്തെക്കുറിച്ച് ബുധനാഴ്ചയാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്ഫോണില്‍ പാട്ടുകേട്ട് മയങ്ങുകയായിരുന്നു യുവതി. മയക്കത്തില്‍ നിന്നെഴുന്നേറ്റപ്പോള്‍ മുഖത്ത് പൊള്ളുന്നതുപോലെ അനുഭവപ്പെട്ടെന്ന് യുവതി ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് ബ്യൂറോയോട് പറഞ്ഞു. ഹെഡ്ഫോണ്‍ ഊരി നിലത്തേക്ക് എറിഞ്ഞു. ആ സമയത്ത് ഹെഡ്ഫോണില്‍ നിന്ന് തീപ്പൊരി ചിതറുന്നുണ്ടായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്ളൈറ്റിലുണ്ടായിരുന്നവര്‍ ഹെഡ്ഫോണില്‍ വെള്ളം ഒഴിക്കുകയും തുടര്‍ന്ന് ബാറ്ററിയും കവറും ഉരുകി നിലത്തൊട്ടിപ്പിടിക്കുകയും ചെയ്തു. വിമാനത്തില്‍ പുക നിറഞ്ഞിരുന്നുവെന്നും ഇറങ്ങിയ ശേഷവും പലരും ചുമയ്ക്കുന്നുണ്ടായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

ഏതു കമ്പനിയുടെ ഹെഡ്‌ഫോണാണ് ഇതെന്ന് വ്യക്തമല്ല. നേരത്തെ പൊട്ടിത്തെറി ഭീഷണിയെ തുടര്‍ന്ന് സാംസങ് ഗ്യാലക്സി നോട്ട് 7 ഫോണുകള്‍ വിവിധ വിമാനക്കമ്പനികള്‍ വിലക്കിയിരുന്നു.