gotabaya rajapaksa
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ രാജ്യംവിട്ടെന്ന് സ്പീക്കര്‍ മഹിന്ദ അഭയവര്‍ധന. പ്രസിഡന്റ് ഒരു അയല്രാജ്യത്തുണ്ടെന്നും ബുധനാഴ്ച ലങ്കയിലേക്ക് മടങ്ങി എത്തുമെന്നും ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ തൊട്ടുപിന്നാലെ തന്റെ പ്രസ്താവന തിരുത്തിയ അഭയവര്‍ധന, പ്രസിഡന്റ് ലങ്കയില്‍ തന്നെയുണ്ടെന്നും വ്യക്തമാക്കി.
'പ്രസിഡന്റ് ഗോതബായ രാജപക്സെ ഇപ്പോഴും രാജ്യത്തുതന്നെയുണ്ട്. ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ എനിക്കൊരു തെറ്റുപറ്റിയതാണ്'- അഭയവര്ധനയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യംവിട്ട ഗോതബായ രാജപക്സെ ജൂലായ് 13ന് ലങ്കയില്‍ തിരിച്ചെത്തുമെന്നും പ്രസിഡന്റ് പദം രാജിവയ്ക്കുമെന്നാണ് നേരത്തെ അഭയവര്‍ധന വ്യക്തമാക്കിയിരുന്നത്.
രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കൈയ്യേറിയതോടെ ഗോതബായ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരുന്നു. സൈനിക കപ്പലില്‍ കയറി അദ്ദേഹം രാജ്യംവിട്ടന്നെ റിപ്പോര്‍ട്ടാണ് ആദ്യം പുറത്തുവന്നത്. കപ്പലിലുള്ള അദ്ദേഹം ലങ്കന്‍ തീരത്തുതന്നെ തുടരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പിന്നാലെ പുറത്തുവന്നു. ഇതിനിടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗ രാജിവച്ചതോടെ താനും പദവി ഒഴിയാന്‍ തയ്യാറാണെന്ന് അജ്ഞാത കേന്ദ്രത്തിലിരുന്ന് ഗോതബായ സ്പീക്കറെ അറിയിച്ചിരുന്നു.
ബുധനാഴ്ച തന്നെ പ്രസിഡന്റ് രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസും തിങ്കളാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും പദവി ഒഴിയുന്നതോടെ പുതിയ കൂട്ടുകക്ഷി സര്‍ക്കാരിനെ തിരഞ്ഞെടുക്കാനാണ് സര്‍വകക്ഷി യോഗത്തിലെ തീരുമാനം. ഇതിനായി ജൂലായ് 15ന് പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കും. ജൂലായ് 20ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. അതുവരെ സ്പീക്കറായിരിക്കും ആക്ടിങ് പ്രസിഡന്റ്. നിലവിലെ പ്രതിപക്ഷ നേതാവായ സജിത് പ്രേമദാസ പ്രധാനമന്ത്രിയാകാനാണ് സാധ്യത.
അതേസമയം പ്രക്ഷോഭകാരികള്‍ കൊളംബോ നഗരത്തില്‍ തുടരുകയാണ്. പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടെയും വസതികള്‍ ഇപ്പോഴും പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..