ന്യൂഡല്‍ഹി: ആണവ ശക്തികളായ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള പ്രശ്നത്തില്‍ ആഗോള ഇടപെടല്‍ വേണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ആവശ്യം തള്ളി ഇന്ത്യ. ഇമ്രാന്‍ഖാന്റെ പരാമര്‍ശം അദ്ദേഹം നിരാശനാണെന്നും പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുവെന്നും ഉള്ളതിന്റെ സൂചനയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞ കാര്യങ്ങളില്‍ പുതുതായി ഒന്നുമില്ല. അവരുടെ ഇരട്ടത്താപ്പ് ആഗോള സമൂഹത്തിന് തന്നെ ഇന്ന് കാണാം. സ്വയം തീവ്രവാദത്തിന്റെ ഇരകളാണെന്ന് നടിക്കുമ്പോള്‍തന്നെ വര്‍ഗീയവാദികളെ പോറ്റിവളര്‍ത്തി ഇന്ത്യയിലും മറ്റുരാജ്യങ്ങളിലും തീവ്രവാദം വ്യാപിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

കശ്മീരില്‍ പരിഭ്രാന്തി പരത്താനുള്ള പാകിസ്താന്റെ പരിശ്രമം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. കശ്മീരിലെ നമ്മുടെ സ്ഥാനം വ്യക്തമാണ്. വര്‍ഷങ്ങളായി അത് സ്ഥിരമായി തന്നെ തുടരുന്നുമുണ്ട്. ഇതെല്ലാം ഉഭയകക്ഷി പ്രശ്‌നങ്ങളാണ്, ഇന്ത്യക്കും പാകിസ്താനുമിടയില്‍ ചര്‍ച്ച ചെയ്യേണ്ടത്. ഈ സാഹര്യത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ട ആവശ്യം തന്നെയില്ല. സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഇമ്രാന്‍ ഖാന്‍ ആദ്യം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ പങ്കുവെക്കാനുള്ള ഇടമല്ല ലോക സാമ്പത്തിക ഉച്ചകോടിയെന്നും രവീഷ് അഭിപ്രായപ്പെട്ടു. 

ഉച്ചകോടിയുടെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഎന്നും അമേരിക്കയും ഇടപെടണമെന്ന് ഇമ്രാന്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി ഇന്ത്യ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സാഹചര്യമുണ്ടെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഇമ്രാന്‍ അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: He is desperate Indian External Affairs Ministry spoke person says