ശ്ചിമേഷ്യയെ വീണ്ടും കലാപഭൂമിയാക്കിക്കൊണ്ട് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നു. പതിറ്റാണ്ടുകളുടെ മുറിവുകള്‍ വീണ്ടും തുറക്കപ്പെടുകയാണ്. ഇരുപതുലക്ഷത്തിലേറെ പലസ്തീന്‍കാര്‍ പാര്‍ക്കുന്ന ഗാസയുടെ നിയന്ത്രണം കൈയാളുന്ന ഹമാസും ഇസ്രായേല്‍ സേനയും തമ്മിലാണ് ഏറ്റുമുട്ടല്‍. കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിയിലേക്കുള്ള പ്രധാനകവാടം അടച്ച് റംസാന്‍കാലത്തെ പലസ്തീന്‍കാരുടെ ഒത്തുകൂടല്‍ ഇസ്രായേല്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇതിനകം നൂറ്റിയെഴുപതിലേറെ പലസ്തീന്‍കാര്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അതില്‍ 41-ഉം കുട്ടികള്‍. മലയാളിയായ സൗമ്യയുള്‍പ്പെടെ 10 പേര്‍ ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലിലും കൊല്ലപ്പെട്ടു. ഇതുവരെയുള്ള സമാധാന ശ്രമങ്ങളെല്ലാം പാഴായി. സംഘര്‍ഷം വെസ്റ്റ് ബാങ്കിലേക്കും വ്യാപിച്ചു. ഗാസ അതിര്‍ത്തിയില്‍ യുദ്ധസന്നാഹത്തിലാണ് ഇസ്രായേല്‍. തിരിച്ചടിക്കാന്‍ ഒരുങ്ങി ഹമാസും. 

ഇസ്രായേലിന്റെ പ്രകോപനം

ഏപ്രില്‍ പകുതിയോടെ ഉരുണ്ടുകൂടിയ പ്രശ്നങ്ങളാണ് മേയ് പത്തിന് തുറന്ന ഏറ്റുമുട്ടിലിന് തുടക്കമിട്ടത്. പലസ്തീന്‍കാരുടെ ആരാധനാലയമായ അല്‍ അഖ്സ പള്ളിയിലേക്കുള്ള പ്രധാനകവാടം അകാരണമായി ഇസ്രായേല്‍ പോലീസ് അടച്ചു. ഇത് വലിയ പ്രകോപനമുണ്ടാക്കി. പ്രതിഷേധത്തിനു പിന്നാലെ തുറന്നുകൊടുത്തെങ്കിലും സംഘര്‍ഷം അയഞ്ഞില്ല. പിന്നാലെ കിഴക്കന്‍ ജറുസലേമിനടുത്തുള്ള ശൈഖ് ജാറയില്‍ തലമുറകളായിക്കഴിയുന്ന പലസ്തീന്‍ കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചു. സംഘര്‍ഷം മൂര്‍ച്ഛിച്ചു. എന്നിട്ടും കിഴക്കന്‍ ജറുസലേം പിടിച്ചെടുത്തതിന്റെ സ്മരണയ്ക്കായുള്ള വാര്‍ഷക ജറുസലേം ദിന പതാകജാഥയുമായി ഇസ്രായേല്‍ മുന്നോട്ടുപോയി. ഇതാണ് തുറന്ന ഏറ്റുമുട്ടിലിലേക്കു നയിച്ചത്. അല്‍ അഖ്സ പള്ളിവളപ്പ് സംഘര്‍ഷവേദിയായി. കിഴക്കന്‍ ജറുസലേമില്‍നിന്നു പിന്‍മാറാന്‍ ഇസ്രായേലിന് അന്ത്യശാസനം കൊടുത്തിരുന്ന ഹമാസ് റോക്കറ്റയച്ചു. ഇസ്രായേല്‍ തിരിച്ചടിച്ചു. 

2014-ല്‍ ഹമാസും ഇസ്രായേല്‍സേനയും തമ്മില്‍ നടന്ന സംഘര്‍ഷത്തിനുശേഷം പിന്നീട് ഇപ്പോഴാണ് ഇത്ര രൂക്ഷമായ ഏറ്റുമുട്ടല്‍. അന്ന് ഏഴാഴ്ച നീണ്ട ഏറ്റുമുട്ടല്‍ ഒടുങ്ങിയപ്പോള്‍ 2,300 ജീവനുകള്‍ നഷ്ടമായി. പതിവുപോലെ അതില്‍ മഹാഭൂരിപക്ഷവും പലസ്തീന്‍കാരായിരുന്നു. ഇപ്പോഴത്തെ സംഘര്‍ഷം നാലുദിവസം പിന്നിട്ടപ്പോള്‍ത്തന്നെ ഹാമസിന്റേതെന്നു പറയുന്ന 13 നിലക്കെട്ടിടം ഇസ്രായേലി യുദ്ധവിമാനങ്ങള്‍ തവിടുപൊടിയാക്കി. ഹമാസിന്റെ ഇന്റലിജന്‍സ് ആസ്ഥാനവും ഉന്നത കമാന്‍ഡര്‍മാരുടേതെന്നു പറയുന്ന നാലു കെട്ടിടങ്ങളും തകര്‍ത്തു. കമാന്‍ഡര്‍മാരെ വധിച്ചു. അല്‍ ജസീറയും എ.പി.യുമുള്‍പ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങളുടെ ഓഫീസ് സ്ഥിതിചെയ്തിരുന്ന 12 നിലയുള്ള കെട്ടിടം ഹമാസിന്റെ ഓഫീസുണ്ടെന്നു പറഞ്ഞ് ബോംബിട്ടു തകര്‍ത്തു.
ഗാസയിലെ ഹമാസിന്റെ 1000 കേന്ദ്രങ്ങളില്‍ ബോംബിട്ടുവെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അവകാശവാദം. ഹമാസിനെ നിശ്ശബ്ദമാക്കുംവരെ വെടിനിര്‍ത്തലില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന ന്യായംപറഞ്ഞ് ഏറ്റുമുട്ടല്‍ തുടരാന്‍ അവര്‍ക്ക് മൗനാനുവാദം കൊടുത്തിരിക്കുകയാണ് അമേരിക്ക. ദിവസങ്ങളോളം പോരാടാനുള്ള ആയുധശേഷിയുണ്ടെന്ന് ഹമാസും പറയുന്നു. 

സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണം ജൂതരും അറബികളും ഒരുമിച്ചുപാര്‍ക്കുന്ന ഇസ്രായേലി നഗരങ്ങളില്‍ വര്‍ഗീയകലാപങ്ങളും നടക്കുന്നു. കലാപം മൂര്‍ച്ഛിച്ചതോടെ ലോഡ് നഗരത്തില്‍ 1966-നുശേഷം ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

സ്വന്തം മണ്ണിനായി

പെട്ടെന്നുണ്ടായ ഏറ്റുമുട്ടലല്ല ഇതെന്ന് ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നു. ജറുസലേമാണ് ഈ സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദു. ജൂതരും അറബികളും ക്രിസ്ത്യാനികളും പുണ്യഭൂമിയായി കരുതുന്നയിടം. ബൈബിള്‍ പ്രകാരം ജൂതര്‍ക്ക് അത് യഹോവ വാഗ്ദാനം ചെയ്ത നാടാണ്. റോമന്‍ ചക്രവര്‍ത്തി ടൈറ്റസ് സീസറുടെ പടയോട്ടകാലത്ത് എ.ഡി.70-ല്‍ ജറുസലേം കൊള്ളയടിക്കപ്പെട്ടു. മഹാഭൂരിപക്ഷം ജൂതര്‍ക്കും നാടുവിടേണ്ടിവന്നു. വാഗ്ദത്തഭൂമിയിലേക്കു തിരിച്ചുവരുന്നതുംകാത്ത് ലോകത്തിന്റെ പലഭാഗങ്ങളില്‍ അവര്‍ കഴിഞ്ഞു. 

പിന്നീട് ജറുസലേമും പലസ്തീനുമുള്‍പ്പെടെ പശ്ചിമേഷ്യ മുഴുവന്‍ ഒട്ടോമന്‍ സാമ്രാജ്യത്തിനു കീഴിലായി. 1517 മുതല്‍ ഒന്നാം ലോകമഹായുദ്ധം വരെ ഒട്ടോമന്‍ ഭരണമായിരുന്നു. ആ ഭരണം അവസാനിപ്പിക്കാന്‍ അറബികളെ കൂട്ടുപിടിച്ച ബ്രിട്ടന്‍, അവര്‍ക്ക് സ്വന്തം രാജ്യം വാഗ്ദാനം ചെയ്തു. പാലിക്കാനുള്ളതായിരുന്നില്ല, യുദ്ധതന്ത്രം മാത്രമായിരുന്നു ആ വാഗ്ദാനം. യുദ്ധം അവസാനിച്ചു. പലസ്തീന്റെ ഭാഗമായിരുന്ന ജറുസലേമിന്റെ നിയന്ത്രണം ബ്രിട്ടന്റെ കൈയിലായി. അറബികള്‍ക്ക് സ്വന്തം രാജ്യം നല്‍കാനല്ല, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചിതറിക്കിടന്നിരുന്ന ജൂതരെ പലസ്തീനിലേക്കു തിരികെക്കൊണ്ടുവരാനുള്ള വഴിയാണ് ബ്രിട്ടന്‍ നോക്കിയത്. 'ജൂതജനതയ്ക്ക് സ്വന്തം രാജ്യം' എന്ന ഉദ്ദേശ്യത്തോടെ അവര്‍ ബാല്‍ഫര്‍ വിളമ്പരമിറക്കി. 

പലസ്തീന്‍ ജനസംഖ്യയുടെ പത്തുശതമാനത്തില്‍ താഴെയേ ഉണ്ടായിരുന്നു അന്ന് ജൂതര്‍. യൂറോപ്പില്‍നിന്ന് ജൂതര്‍ക്ക് ഇവിടേക്ക് കുടിയേറാന്‍ എല്ലാ സഹായവും ചെയ്തുകൊടുത്തു ബ്രിട്ടന്‍. 1935 ആയപ്പോള്‍ പലസ്തീനിലെ ജൂതര്‍ ആകെ ജനസംഖ്യയുടെ 27 ശതമാനമായി ഉയര്‍ന്നു. സ്വഭാവികമായും കലാപങ്ങളുണ്ടായി. ഇക്കാലത്താണ് ജര്‍മനിയില്‍ ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജൂതപീഡനം നടന്നത്. നാസികള്‍ ജൂതരെ കൊന്നൊടുക്കി. രക്ഷപ്പെട്ടവര്‍ കൂട്ടത്തോടെ പലസ്തീനിലെത്തി. ലോകത്തെ പലരാജ്യങ്ങളും സഹതാപത്തോടെ ജൂതരെ സഹായിച്ചു. കൂടുതല്‍ ജൂതരെത്തുംതോറും തലമുറകളായി അവിടെക്കഴിഞ്ഞിരുന്ന അറബികള്‍ പലസ്തീനില്‍നിന്ന് കുടിയിറക്കപ്പെട്ടുകൊണ്ടിരുന്നു. അവര്‍ക്കുവേണ്ടി കാര്യമായ ശബ്ദങ്ങളുയര്‍ന്നില്ല. 

1945-ല്‍ അറബ് ലീഗുണ്ടായി. പലസ്തീന്റെ മണ്ണില്‍ മറ്റൊരുരാജ്യമുണ്ടാക്കുന്നതിനെ അവര്‍ എതിര്‍ത്തു. ബ്രിട്ടന്‍ അവിടെനിന്നു പിന്‍വാങ്ങി. ഒടുങ്ങാത്ത ജൂത-അറബ് വിദ്വേഷത്തിനു വിത്തുപാകി ജൂതര്‍ക്കായി ഇസ്രായേല്‍ എന്ന രാജ്യം പലസ്തീന്‍ മണ്ണിലുണ്ടാക്കിയിട്ടായിരുന്നു ആ ഒഴിഞ്ഞുപോക്ക്. ആ ഭാഗംവെപ്പിനെ 1947 നവംബറില്‍ യു.എന്‍. പൊതുസഭ അംഗീകരിച്ചു. പലസ്തീന്‍ മോചനം സാധ്യമാക്കാന്‍ 1964-ല്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും ഇതേ ഉദ്ദേശ്യത്തോടെ 1987-ല്‍ ഹമാസും രൂപംകൊണ്ടു. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനിലെ വലിയ കക്ഷിയായ ഫത്തയുടെ നേതൃത്വത്തിലുള്ള പലസ്തീനിയന്‍ അതോറിറ്റിക്കാണ് പലസ്തീന്റെ നേതൃത്വം. വെസ്റ്റ് ബാങ്കാണ് ആസ്ഥാനം. മഹ്‌മൂദ് അബ്ബാസാണ് നേതാവ്. 

പലസ്തീന്‍ ജനതയ്ക്കൊപ്പമല്ല, പുതുതായി രൂപംകൊണ്ട ഇസ്രായേലിനൊപ്പമാണ് അമേരിക്കയും പാശ്ചാത്യശക്തികളും നിലകൊണ്ടത്. അവയുടെ സഹായത്തോടെ ഇസ്രായേല്‍ ലോകശക്തികളില്‍ ഒന്നായി മാറി. പലസ്തീന്‍ രാഷ്ട്രംപോലുമല്ലാതായി. സ്വന്തം മണ്ണു തിരികെക്കിട്ടാനാണ് പലസ്തീന്‍ ജനതയുടെ പോരാട്ടം. അവിടെ അവശേഷിക്കുന്ന അറബികളെ ആട്ടിപ്പായിക്കാന്‍ ഇസ്രായേലും ശ്രമിക്കുന്നു. 

1948-ലെ ആദ്യ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ജറുസലേമിന്റെ പടിഞ്ഞാറുഭാഗം ഇസ്രായേല്‍ പിടിച്ചെടുത്തു. 19 വര്‍ഷത്തിനുശേഷം കിഴക്കന്‍ ജറുസലേമിലും അധിനിവേശം നടത്തി. കിഴക്കന്‍ ജറുസലേമാണ് ഭാവി പലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി പലസ്തീന്‍ ജനത കരുതുന്നത്. അവരെ പരിഹസിക്കുംവിധം ജറുസലേമിന്റെ പരമാധികാരം അവകാശപ്പെടുകയാണ് ഇസ്രായേല്‍. ഇസ്രായേലിന്റെ അപ്രമാദിത്വം യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചുകൊടുത്തു. വെസ്റ്റ് ബാങ്കിലെ ജൂത അധിനിവേശത്തെയും അംഗീകരിച്ചു. അതുകൂടിയാണ് പുതിയ ഏറ്റുമുട്ടലിലേക്കു നയിച്ചത്. 


അധികാരവും മുഖ്യം

നെതന്യാഹുവിനും ഹമാസിനും അവരവരുടെ അധികാരം ഉറപ്പിച്ചുകിട്ടുന്നതിനുള്ള ഏറ്റുമുട്ടലാണിത്. അതുകൊണ്ടാണ് പരിഹാരത്തിന് ഇരുകൂട്ടര്‍ക്കും താത്പര്യമില്ലാത്തത് എന്ന വലിയിരുത്തലുണ്ട്. ഈജിപ്തും ഖത്തറും ഐക്യരാഷ്ട്രസഭയും നടത്തിയ സമാധാനശ്രമം ഫലം കണ്ടില്ല. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും റഷ്യയുടെയും ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളുടെയും അഭ്യര്‍ഥനയ്ക്ക് ഇരുഭാഗവും ചെവികൊടുക്കുന്നില്ല. തമ്മില്‍ത്തല്ലി ഇരുപക്ഷത്തിനും മടുക്കുമ്പോള്‍ സ്വയം അവസാനിച്ചുകൊള്ളുമെന്ന അയഞ്ഞ മനസ്ഥിതിയാണ് അമേരിക്കയ്ക്ക്. അതുകൊണ്ടാണ് നയതന്ത്രത്തിന് സാധ്യതകാണുംവരെ എന്നു പറഞ്ഞ് ഐക്യരാഷ്ടരസഭാ രക്ഷാസമതിയോഗം അവര്‍ മാറ്റിവെച്ചത്. 

ഇസ്രായേലിലെ നഗരങ്ങള്‍ നരകമാക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. പക്ഷേ, അത്യാധുനിക ആയുധങ്ങളുമായുള്ള ഇസ്രായേലിന്റെ തിരിച്ചടിയില്‍ ഗാസയാണ് നരകമാകുന്നത്. 2007-ല്‍ ഹാമാസിന്റെ നിയന്ത്രണത്തിലായതില്‍പ്പിന്നെ ഇസ്രയേലിന്റെയും ഈജിപ്തിന്റെയും ഉപരോധങ്ങളില്‍ നരകിക്കുകയാണ് ഗാസ. ഗാസയുടെ നിയന്ത്രണത്തിനപ്പുറം പലസ്തീന്‍ ജനതയുടെ നേതൃത്വമാണ് ഹമാസ് ആഗ്രഹിക്കുന്നത്. 15 കൊല്ലത്തിനുശേഷം ഈ മാസം നടക്കേണ്ടിയിരുന്ന പലസ്തീന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫത്തയെ തോല്‍പ്പിച്ച് നേട്ടമുണ്ടാക്കാമെന്ന് ഹമാസ് കരുതിയിരുന്നു. അധികാരമൊഴിയാന്‍ താത്പര്യമില്ലാത്ത അബ്ബാസ് ഇതു മുന്നില്‍ക്കണ്ടാണ് തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിയതെന്നാണ് വിലയിരുത്തല്‍. ബാലറ്റിലൂടെ നടക്കാതെപോയ ആ നേതൃമോഹം സാധിച്ചെടുക്കാനുള്ള അവസരമായിട്ടാണ് ഈ പോരാട്ടത്തെ ഹമാസ് കാണുന്നത്. 

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാകട്ടെ രണ്ടുകൊല്ലത്തിനിടെ നാലു തിരഞ്ഞെടുപ്പ് നേരിട്ടു. അവിയിലൊന്നിലും വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞതിനാല്‍ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല അഴിമതിക്കേസും നേരിടുകയാണ് നെതന്യാഹു. ഇപ്പോഴത്തെ സംഘര്‍ഷം അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിക്ക് നിര്‍ണായകമാണ്. ഹമാസിനു തിരിച്ചടി നല്‍കി കരുത്തനെന്നു വീണ്ടും തെളിയിച്ച് അധികാരത്തില്‍ തുടരുകയാണ് നെതന്യാഹുവിന്റെ ലക്ഷ്യം. 

മുന്‍ഗാമികളില്‍നിന്നു വ്യത്യസ്തമായി ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല ജോ ബൈഡന്‍. ചൈനയായിരുന്നു അദ്ദേഹത്തിന്റെ മുന്നിലെ വിലയ പ്രശ്നം. ഈ സംഘര്‍ഷത്തോടെ ബൈഡന് പശ്ചമേഷ്യാപ്രശ്നത്തില്‍ ഇടപെടാതിരിക്കാന്‍ വയ്യെന്നായിരിക്കുന്നു. പ്രശ്നപരിഹാരത്തില്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഞായാറാഴ്ച അടിയന്തരയോഗം ചേരുകയാണ്. പശ്ചിമേഷ്യയില്‍ കണ്ണുവെച്ചിരിക്കുന്ന ചൈന സംഘര്‍ഷത്തിന് അവയവുവരുത്താനായി വാദിക്കുമെന്നതില്‍ തര്‍ക്കമില്ല. റഷ്യയാകട്ടെ സമാധാനത്തിനായി അഭ്യര്‍ഥിച്ചുകഴിഞ്ഞു. അതിനാല്‍ രക്ഷാസമിതിയിലെ അമേരിക്കയുടെ നിലപാടാകും നിര്‍ണായകം.