ന്യൂഡല്‍ഹി: ലഷ്‌കര്‍-ഇ-തയിബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ഹാഫിസ് സയിദ് തന്റെ പേര് ഭീകരരുടെ പട്ടികയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യുഎന്നിന് കത്ത് നല്‍കി. 

ഹാഫിസ് സയിദ് വീട്ടുതടങ്കലിലായ സാഹചര്യത്തില്‍ ലാഹോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിയമ സ്ഥാപനമാണ് അദ്ദേഹത്തിന് വേണ്ടി യുഎന്നിനെ സമീപിച്ചിരിക്കുന്നത്. 

അമേരിക്കന്‍ സേന 10 മില്ല്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്ന  ഇയാളെ കഴിഞ്ഞ ദിവസം പാകിസ്താന്‍ ജയില്‍ മോചിതനാക്കിയിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ജയിലില്‍ കഴിയുന്ന ഇയാളെ തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് വെറുതെ വിട്ടത്. 

മുംബൈ ഭീകരാക്രമണത്തിന് ആസൂത്രണം നല്‍കിയ ഹാഫിസ് സയിദിനെ തടവിലാക്കുന്നതിനുള്ള നടപടിയെടുക്കാന്‍ പാക് തയാറായില്ലെങ്കില്‍ പാകിസ്താന്‍-യുഎസ് ബന്ധം വഷളാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഹാഫിസിനെ വിചാരണ ചെയ്യാനോ നടപടി സ്വീകരിക്കാനോ തയാറായില്ലെങ്കില്‍ പാക് ഭീകരവാദത്തെ പിന്തുണയ്ക്കുന്നെന്നും വിലയിരുത്തുമെന്നും പാക് മണ്ണില്‍ ഭീകരവാദം വളരാന്‍ അനുവദിക്കില്ലെന്ന വാദം മുഖവിലയ്‌ക്കെടുക്കില്ലെന്നും വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

സയിദിനെതിരേ നിയമപരമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ തയാറായില്ലെങ്കില്‍ ആഗോളതലത്തില്‍ രാജ്യത്തിന്റെ മുഖം വികൃതമാക്കുമെന്നും പ്രസ്താവനയിലുണ്ട്. 

സയിദിനെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ലാഹോര്‍ ഹൈക്കോടതി അദ്ദേഹത്തെ വീട്ടയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. 30 ദിവസം നീണ്ട വീട്ട് തടവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് കോടതി ഉത്തരവ്. 

എനിക്കെതിരേ ചുമത്തിയിരുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് കോടതി തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യ തനിക്കെതിരേ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എന്നാല്‍, താന്‍ നിരപരാധിയാണെന്ന് കോടതി തിരിച്ചറിഞ്ഞെന്നുമായിരുന്നു ഹാഫിസിന്റെ പ്രതികരണം.