ലാഹോര്‍: ഇന്ത്യ തേടുന്ന കൊടുംഭീകരന്‍ ഹാഫിസ് സയീദ് രാജ്യത്തിന് ഭീഷണിയാണെന്ന് പാക് പ്രതിരോധ മന്ത്രി. ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന അന്താരാഷ്ട്ര സുരക്ഷാ സമ്മേളനത്തിലാണ് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവന ഉണ്ടായത്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് സയീദിനെ അറസ്റ്റു ചെയ്ത് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നതെന്നും ഖ്വാജ ആസിഫ് പറഞ്ഞു. 

സയീദ് സമൂഹത്തിന് വലിയ ഭീഷണിയാണ്. രാജ്യതാല്‍പ്പര്യം മാനിച്ച് ഇയാളെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെ ഏതെങ്കിലും മതവുമായി കൂട്ടിച്ചേര്‍ക്കരുത്. ഭീകരര്‍ ക്രിസ്ത്യാനികളോ, മുസ്ലീങ്ങളോ, ബുദ്ധമതക്കാരോ, ഹിന്ദുക്കളോ അല്ല. അവര്‍ അവര്‍ കുറ്റവാളികളാണെന്നും അദ്ദേഹം പറഞ്ഞു. 

മുംബൈ ആക്രമണത്തിലെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ രണ്ട് ദിവസം മുമ്പാണ് പാകിസ്താന്‍ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിത്. തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാമത്തെ പട്ടികയിലാണ് ഹാഫിസ് സയീദിന്റെയും കൂട്ടാളിയായ ഖ്വാസി കാഷിഫിന്റെയും പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അബ്ദുള്ള ഉബൈദ്, സഫര്‍ ഇഖ്ബാല്‍, അബ്ദുര്‍ റഹ്മാന്‍ എന്നിവരും ഭീകര വിരുദ്ധ നിയമ പട്ടികയില്‍ ഉള്‍പ്പെട്ട തീവ്രവാദികളാണ്. പട്ടികയില്‍ ഉള്‍പെട്ട ഹാഫിസ് സയീദും കൂട്ടരും ജനുവരി 30 മുതല്‍ വീട്ടുതടങ്കലിലാണ്.

ഹാഫീസ് സയിദിനെതിരായ നീക്കത്തിനെ സ്വാഗതം ചെയ്ത് ഇന്ത്യ രംഗത്ത് വന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്താനില്‍ 100 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമാണ് സയീദിനെതിരെ ശക്തമായ നടപടി എടുക്കാന്‍ പാകിസ്താനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.