ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ | Photo:AFP
സിഡ്നി: ഓസ്ട്രേലിയയിൽ ഫെയ്സ്ബുക്ക് വഴി വാർത്തകൾ പങ്കിടുന്നതിന് കമ്പനി വിലക്കേർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയും ഫെയ്സ്ബുക്ക് അധികൃതരും ചർച്ചകൾ നടത്തി. ഉള്ളടക്കം പങ്കിടുന്നതിന് ഗൂഗിളും ഫെയ്സ്ബുക്കുമടക്കമുള്ള കമ്പനികൾ രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകണമെന്ന നിയമത്തിൽ നിന്ന് പിന്മാറില്ലെന്ന് അധികൃതർ ഫെയ്സ്ബുക്കിനെ അറിയിച്ചു.
ചൊവ്വാഴ്ച മുതൽ ഓസ്ട്രേലിയയിൽ വാർത്തകൾ പങ്കിടുന്നത് ഫെയ്സ്ബുക്ക് നിർത്തിയിരുന്നു. തീപ്പിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തരസാഹചര്യങ്ങളിൽ സേവനം ലഭ്യമാക്കുന്നതിനുള്ള സർക്കാരിന്റെ ഔദ്യോഗിപേജുകളും ചില വാണിജ്യപേജുകളും ഫെയ്സ്ബുക്ക് വിലക്കിയിരുന്നു. ഇതുസംബന്ധിച്ച് ഫെയ്സ്ബുക്ക് മേധാവി സക്കർബർഗുമായി ചർച്ച നടത്തിയെന്നും ചർച്ചകൾ തുടരുമെന്നും ട്രഷറർ ജോഷ് ഫ്രൈഡെൻബെർഗ് അറിയിച്ചു.
ഭീഷണിപ്പെടുത്തുന്ന നീക്കത്തിൽ നിന്ന് എത്രയും വേഗം പിന്മാറണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ സർക്കാർ കൊണ്ടുവന്ന പ്രതിഫലം സംബന്ധിച്ച നിയമം ലോകനേതാക്കൾ താല്പര്യത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയതായും സ്കോട്ട് പറഞ്ഞു.
വാർത്തകൾ വിലക്കിക്കൊണ്ടുളള ഫെയ്സ്ബുക്കിന്റെ നീക്കത്തെ ഓസ്ട്രേലിയൻ സർക്കാർ അപലപിച്ചിരുന്നു. അടിയന്തര സേവനങ്ങൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതിലൂടെ ഫെയ്സ്ബുക്ക് പൊതുജനസുരക്ഷ ഭീഷണിയിലാക്കിയെന്ന് സർക്കാർ ആരോപിച്ചു. അതേസമയം, പ്രതിനിധിസഭ പാസാക്കിയ ബില്ല് സെനറ്റുകൂടി അംഗീകരിച്ചാൽ നിയമമാകും. ഓസ്ട്രേലിയയിൽ പ്രതിഫലം സംബന്ധിച്ച നിയമം നടപ്പാക്കിയാൽ മറ്റു രാജ്യങ്ങളും അതേറ്റുപിടിച്ചേക്കുമെന്നാണ് ടെക് ഭീമന്മാർ ഭയക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..