ഒട്ടാവ: പോലീസ് വേഷം ധരിച്ചെത്തിയ അക്രമകാരി കാനഡയിലെ നോവ സ്‌കോടിയയില്‍ നടത്തിയ വെടിവെയ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയും ഉള്‍പ്പെടുന്നു. മുപ്പത് കൊല്ലത്തിനിടെ കാനഡയില്‍ ഏറ്റവുമധികം പേര്‍ക്ക് ജീവഹാനി സംഭവിച്ച ആക്രമണമാണിത്‌. ഞായറാഴ്ചയായിരുന്നു സംഭവം. 

അമ്പത്തൊന്നുകാരനായ ഗബ്രിയേല്‍ വോട്മാന്‍ എന്നയാളാണ് വെടിവെയ്പിന് പിന്നിലെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു. കൃത്രിമപല്ല് നിര്‍മിക്കുന്ന തൊഴിലിലേര്‍പ്പെട്ടിരുന്ന ഗബ്രിയേല്‍ പോലീസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. പോലീസ് യൂണിഫോമിലെത്തിയ കൊലപാതകി തന്റെ വാഹനം പോലീസ് വാഹനത്തെ പോലെ രൂപമാറ്റം വരുത്തിയിരുന്നു. 

അറ്റ്‌ലാന്റിക് പ്രവിശ്യയിലെ വിവിധ മേഖലകകളിലാണ് ഇയാള്‍ വെടിവെയ്പ് നടത്തിയത്. ഏകദേശം 12 മണിക്കൂറോളം നീണ്ട ആക്രമണത്തിന് ശേഷമാണ് ഇയാളെ കീഴടക്കാന്‍ പോലീസിന് കഴിഞ്ഞത്. പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് ആദ്യം പോലീസ് അറിയിച്ചത്. 16 പേരോളം മരിച്ചതായി പിന്നീട് പോലീസ് മേധാവി ബ്രെന്‍ഡ ലൂക്കി അറിയിച്ചു. 

കൊല്ലപ്പെട്ടവരില്‍ ആര്‍ക്കും ഗബ്രിയേലുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലെന്നും ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. ആക്രമണത്തിനിടെ കൊല്ലപ്പെട്ട ആര്‍സിഎംപി ഉദ്യോഗസ്ഥ, ഇരുപത്തിമൂന്നുകാരിയായ ഹൈദി സ്റ്റീവന്‍സണ്‍ രണ്ട് കുട്ടികളുടെ മാതാവാണ്. 

യുഎസിനേക്കാള്‍ തോക്കുപയോഗത്തിനുള്ള നിയമങ്ങള്‍ കാനഡയില്‍ കര്‍ശനമായതിനാല്‍ വെടിവെയ്പ് പോലുള്ള സംഭവങ്ങള്‍ രാജ്യത്ത് താരതമ്യേന കുറവാണ്. 1989 ഡിസംബറില്‍ മോണ്‍ട്രിയയില്‍ 15 സ്ത്രീകള്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടതാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ കൂട്ടക്കൊല. കൊറോണവ്യാപനത്തെ തുടര്‍ന്ന് കാനഡയിലും സഞ്ചാരനിയന്ത്രണങ്ങള്‍ നിലവിവുണ്ട്. 

 

Content Highlights:Gunman kills at least 16 in Canada's worst mass murder since 1989