കല്യാണത്തിനിടയ്ക്ക് വെള്ളിടി വെട്ടിയെന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ, എന്നാല്‍ മസ്സാച്ചുസെറ്റ്‌സിലെ ഒരു വിവാഹത്തിനിടെ അത് നടന്നു. 2020 ഒരു മോശം വര്‍ഷമാണെന്ന വരന്റെ തമാശ ശരി വെക്കുന്ന പോലെ കൃത്യമായിരുന്നു ഇടിയും മിന്നലും. ആരോണ്‍ സവിറ്റ്‌സ്‌കിയുടെയും ഡെനിസ് മക് ക്ല്യുവറിന്റെയും വിവാഹച്ചടങ്ങിനിടെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 

വീടിന് പുറത്ത് ഒരുക്കിയ പന്തലിലായിരുന്നു ചടങ്ങ്. '2020 ഒരു നല്ല വര്‍ഷമല്ല, എങ്കിലും നാമതിനെ അഭിമുഖീകരിച്ചേ പറ്റൂ' ആരോണിന്റെ തമാശയ്ക്ക് തൊട്ടുപിന്നാലെ അതിശക്തമായ ഇടിമിന്നലുണ്ടായി. 'പ്രകൃതിയുടെ ഹ്യൂമര്‍ സെന്‍സ് അത്ര പോര' എന്ന കുറിപ്പോടെ സംഭവത്തിന്റെ വീഡിയോ ആരോണ്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. ഭാഗ്യത്തിന് ആര്‍ക്കും ഷോക്കേറ്റില്ലെന്നും മഴ ആരംഭിക്കുന്നതിന് മുമ്പ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്നും ആരോണ്‍ കൂട്ടിച്ചേര്‍ത്തു.

ആരോണിന്റെ വീഡിയോ 95,000 ത്തോളം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെ കണ്ടുകഴിഞ്ഞു. ടണ്‍ കണക്കിന് ഫണ്‍ എന്ന നിലയിലായി കമന്റുകള്‍. സമയോചിതമായ ഇടിമിന്നല്‍ അടിപൊളിയായെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ ദൗര്‍ഭാഗ്യത്തിന്റെ അനുഗ്രഹമാണിതെന്ന് മറ്റൊരാള്‍ കമന്റു ചെയ്തു. 2020 നെ കുറിച്ചുള്ള രസകരമായ തമാശകളുടെ പെരുമഴയായി പിന്നീട് കമന്റ് ബോക്‌സില്‍.   

 

Content Highlights: Groom Makes A Joke About 2020 Right Before Lightning Strikes