ലണ്ടന്‍:  കാലാവസ്ഥ സംരക്ഷിക്കാന്‍ സ്വീഡനില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയയായ ഗ്രെറ്റ തുന്‍ബെര്‍ഗിന് വിഷാദ രോഗം ഉണ്ടായിരുന്നതായി പിതാവിന്റെ വെളിപ്പെടുത്തല്‍. കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവളെ മാറ്റിയെടുത്തെന്നും ഇപ്പോള്‍ ഗ്രെറ്റ വളരെ സന്തോഷവതിയാണെന്നും അദ്ദേഹം പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രെറ്റയുടെ വിഷാദരോഗത്തെ കുറിച്ച് പിതാവ് സ്വാന്റെ തുന്‍ബെര്‍ഗ് തുറന്നുപറഞ്ഞത്. 

നിങ്ങള്‍ കരുതുന്നത് അവള്‍ ഇപ്പോള്‍ ഒരു സാധാരണ പെണ്‍കുട്ടിയല്ലെന്നാണ്. കാരണം അവള്‍ ശ്രേഷ്ഠയാണെന്നുള്ളതും അവള്‍ വളരെ പ്രശസ്തയാണെന്നുള്ളതും കൊണ്ടാണ്. പക്ഷേ എന്നെ സംബന്ധിച്ച് അവള്‍ ഇപ്പോള്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്. അവള്‍ക്കിപ്പോള്‍ മറ്റെല്ലാവരും ചെയ്യുന്നതുപോലെ എല്ലാ കാര്യങ്ങളും ചെയ്യാനാകും.- പിതാവ് പറയുന്നു. 

മൂന്ന് - നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗ്രെറ്റയെ വിഷാദരോഗം ബാധിച്ചത്. അതോടെ ഗ്രെറ്റ സംസാരിക്കുന്നത് നിര്‍ത്തിയെന്നും സ്‌കൂളില്‍ പോകുന്നത് അവസാനിപ്പിച്ചെന്നും ഗ്രെറ്റയുടെ അച്ഛന്‍ പറയുന്നു. ഒരുവേള ഭക്ഷണം കഴിക്കുന്നത് പോലും അവസാനിച്ചിരുന്നു. ഇപ്പോള്‍ അവള്‍ നൃത്തം ചെയ്യുന്നു, അവള്‍ ഒരുപാട് ചിരിക്കുന്നു ഞങ്ങള്‍ക്കിടയില്‍ ഒരുപാട് തമാശകള്‍ സംഭവിക്കുന്നു. മാത്രമല്ല അവള്‍ നല്ലൊരു സ്ഥലത്തുമാണ്. - സ്വാന്റെ കൂട്ടിച്ചേര്‍ത്തു

ആഗോളതാപനം ഉയരുന്നതിലെ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളുടെ ബോധവത്കരിച്ചതിന് ഗ്രെറ്റയ്ക്ക് ആനെംസ്റ്റി പുരസ്‌കാരം ലഭിച്ചിരുന്നു. 

Content Highlights: Greta Thunberg was battling with depression now she is okay Mr.Thunberg says