ന്യൂയോര്‍ക്ക്: കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനെതിരെ 16 വയസ്സുകാരിയുടെ നേതൃത്വത്തില്‍ സമരം. പരിസ്ഥിതിക്ക് വേണ്ടി നടക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണിതെന്നാണ് വലയിരുത്തപ്പെടുന്നത്. 139 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമരത്തില്‍ പ്രധാനമായും വിദ്യാര്‍ഥികളാണ് രംഗത്തുള്ളത്.

കാലാവസ്ഥാ പ്രതിസന്ധിയില്‍ ആശങ്കപ്പെട്ട് നില്‍ക്കുന്ന ലോകത്തിന് പ്രതീക്ഷയുടെ രൂപമായി മാറുകയാണ് സ്വീഡിഷ് വിദ്യാര്‍ഥിനി ഗ്രേറ്റാ തുന്‍ബെര്‍ഗ്‌. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ ഇടപെടല്‍ വേണം. അതും അടിയന്തിരമായി. ഇതാണ് ഗ്രേറ്റയുടെ ആവശ്യം. 

ഗ്രേറ്റയുടെ നേതൃത്വത്തില്‍ മുമ്പ് നടന്ന രണ്ട് ആഗോള സമരത്തിലും വിദ്യാര്‍ഥികള്‍ മാത്രമാണ് പങ്കെടുത്തത്. പക്ഷെ ഇന്നത്തെ സമരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ മുതിര്‍ന്നവരും രാജ്യാന്തര സംഘടനകളും അണിനിരക്കുന്നു. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്റെ ഭാഗമായി നടന്നു കഴിഞ്ഞു.

ഈ മാസം 23ന് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റ ന്യൂയോര്‍ക്കില്‍ നടക്കുന്ന സമരത്തിന് നേതൃത്വം നല്‍കും. വിഷയത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ധം ചെലുത്തുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം. 

Greta Thunberg
AFP

ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങി വമ്പന്‍ കമ്പനികളുടെ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം 10 ലക്ഷത്തില്‍ കൂടുതലാണ്. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. 

പായ്ക്കപ്പലില്‍ 15 ദിവസം കൊണ്ട് അറ്റ്‌ലാന്റിക്ക് സമുദ്രം താണ്ടിയാണ് ഗ്രേറ്റ അമേരിക്കയിലെത്തിയത്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഒരു വര്‍ഷം സ്‌കൂളില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് ഗ്രേറ്റ. പ്രവചനാതീതമായ കാലാവസ്ഥ പ്രതിസന്ധിയെ പ്രതിരോധിക്കുകയാണ് തന്റെ ലക്ഷ്യമെന്ന്  ഗ്രേറ്റ പറയുന്നു. 

മനുഷ്യന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന കാലാവസ്ഥ മാറ്റങ്ങളെ ലോകം വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ല എന്നാണ് ഗ്രേറ്റയുടെ പക്ഷം. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കെതിരെ പോരാടാന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഗ്രേറ്റ പറയുന്നു. കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള സ്‌കൂള്‍ പണിമുടക്കെന്ന ഗ്രേറ്റയുടെ ആശയത്തെ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

content highlights: Greta Thunberg and school students lead climate crisis protest