ഗ്ലാസഗോ: കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ മന്ദഗതിയിലാകുന്നതില്‍ രോഷം പ്രകടിപ്പിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യുവ പരിസ്ഥിതി പ്രവര്‍ത്തകര്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നിടത്ത് നിന്ന് ക്ലൈഡ് നദിയുടെ എതിര്‍ കരയിലേക്ക് മാര്‍ച്ച് നടത്തി. 'ഞങ്ങള്‍ നിങ്ങളെ കാണുന്നുണ്ട്' എന്ന മുദ്രാവാക്യമുള്ള ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്.

സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോക നേതാക്കളും മറ്റ് ഉദ്യോഗസ്ഥരും 'നമ്മുടെ ഭാവിയെ ഗൗരവമായി കാണുന്നതായി അഭിനയിക്കുകയാണ്' എന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ ആരോപിച്ചു. 'മാറ്റം ഉള്ളില്‍ നിന്ന് വരാന്‍ പോകുന്നില്ല, കൂടുതല്‍ ബ്ലാ... ബ്ലാ... ബ്ലാ... വേണ്ട', യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയെ വിമര്‍ശിച്ച് ഗ്രെറ്റ പറഞ്ഞു. 

ആഗോളതാപനത്തിന്റെ ദുരിതം ഇതിനകം അനുഭവിക്കുന്നവരുടെ മുന്നില്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് ലോക നേതാക്കളോട് കെനിയന്‍ കാലാവസ്ഥാ പ്രവര്‍ത്തക എലിസബത്ത് വാതുറ്റി വികാരാധീനമായ അഭ്യര്‍ത്ഥന നടത്തിയതും ശ്രദ്ധേയമായി. ''ഞാന്‍ ഇവിടെ ഗ്ലാസ്ഗോയിലെ ഈ കോണ്‍ഫറന്‍സ് സെന്ററില്‍ സുഖമായി ഇരിക്കുമ്പോള്‍, എന്റെ രാജ്യത്തെ രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം പട്ടിണിയിലാണ്', എലിസബത്ത് വാതുറ്റി പറയുന്നു. തന്റെ രാജ്യമായ കെനിയയില്‍ വരള്‍ച്ച കാരണം പലരും ഭക്ഷണമില്ലാതെയാണ് ജീവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Greta Thunberg and other activists protest on slow pace of climate action by governments