സ്റ്റോക്ക്ഹോം: പുതുവസ്ത്രങ്ങൾ വാങ്ങുന്നത് അവസാനിപ്പിക്കുകയാണെന്ന് കാലാവസ്ഥ സംരക്ഷണ പ്രവർത്തക ഗ്രെറ്റ ത്യുൻബെ. എന്നാൽ മറ്റുളളവരെ അവരുടെ ജീവിതശൈലിയുടെ പേരിൽ താൻ വിമർശിക്കില്ലെന്നും ഗ്രെറ്റ വ്യക്തമാക്കി. പതിനെട്ടാം ജന്മദിനത്തോട് അനുബന്ധിച്ച് ടൈംസ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഗ്രെറ്റയുടെ പ്രഖ്യാപനം.

'എനിക്ക് പുതിയ വസ്ത്രങ്ങൾ ആവശ്യമില്ല. വസ്ത്രങ്ങളുളള ആളുകളെ എനിക്കറിയാം. അതിനാൽ അവരിൽ നിന്ന് ഞാൻ കടംവാങ്ങുകയോ അവർക്കാവശ്യമില്ലാത്ത വസ്ത്രങ്ങൾ ചോദിച്ചുവാങ്ങുകയോ ചെയ്യും. സന്തോഷമായിരിക്കാൻ വേണ്ടി എനിക്ക് തായ്ലൻഡിലേക്ക് വിമാനയാത്ര നടത്തേണ്ട കാര്യമില്ല. എനിക്കാവശ്യമില്ലാത്ത വസ്ത്രങ്ങൾ ഞാൻ വാങ്ങേണ്ട കാര്യമില്ല. അതിനാൽ തന്നെ അതൊരു ത്യാഗമായിട്ട് എനിക്ക് തോന്നുന്നുമില്ല.' പുതുവസ്ത്രം ഉപേക്ഷിക്കാനുളള തീരുമാനത്തെ കുറിച്ച് ഗ്രെറ്റ പറയുന്നു.

വർഷങ്ങൾക്ക് മുമ്പ് തന്നെ വിമാനയാത്രകൾ ഗ്രെറ്റ അവസാനിപ്പിച്ചിരുന്നു. തന്നെയുമല്ല വീഗനാണ് ഗ്രെറ്റ. എന്നാൽ ലോകം മുഴുവൻ വിമാനയാത്രകൾ നടത്തുകയും കാലാവസ്ഥാസംരക്ഷണത്തെ കുറിച്ച് ശബ്ദമുയർത്തുകയും ചെയ്യുന്ന സെലിബ്രിറ്റികളെ കുറിച്ച് ചോദിച്ചപ്പോൾ അവരെ വിമർശിക്കാൻ ഗ്രെറ്റ തയ്യാറായില്ല. 'ഞാനാരോടും എന്ത് ചെയ്യണമെന്ന് പറയാറില്ല. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾ ശബ്ദമുയർത്തുന്നതിൽ ഇങ്ങനെ ചില വെല്ലുവിളികളുണ്ട്. പറയുന്നതല്ല നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ നിങ്ങൾ വിമർശിക്കപ്പെട്ടേക്കാം, പറയുന്നതെല്ലാം ഗൗരവത്തോടെ സ്വീകരിക്കണമെന്നുമില്ല.' ഗ്രെറ്റ പറയുന്നു.

കാർബൺ പുറന്തളളൽ കുറയ്ക്കുന്നതിനായി ഓരോ വ്യക്തിയും അവരുടെ ദീർഘദൂര വിമാനയാത്രകൾ ഒഴിവാക്കുകയാണ് വേണ്ടതെന്ന് പഠന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിനേക്കാൾ മികച്ചത് കുട്ടികളെ വേണ്ടെന്ന് വെക്കുന്നതാണെന്നും പഠനത്തിൽ പറയുന്നുണ്ട്. എന്നാൽ കുട്ടികളുണ്ടാകുന്നത് സ്വാർഥതയാണെന്ന് താൻ കരുതാത്തതിനാൽ ആളുകളോട് കുട്ടികളെ വേണ്ടെന്ന് വെയ്ക്കണമെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഗ്രെറ്റ വ്യക്തമാക്കി. 'ആളുകളല്ല, അവരുടെ പെരുമാറ്റമാണ് പ്രശ്നം.'

ഭാവി എങ്ങനെയായിരിക്കുമെന്നോർത്ത് ആകുലപ്പെടുന്നതിൽ അർഥമില്ലെന്നാണ് ഗ്രെറ്റയുടെ അഭിപ്രായം. നിങ്ങൾക്കിപ്പോൾ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നിടത്തോളം കാലം നിങ്ങൾക്ക് വിഷാദപ്പെടേണ്ടിയോ ഉത്‌കണ്ഠപ്പെടേണ്ടിയോ വരില്ല. ഈ ഭൂമിക്ക് വേണ്ടി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നുളള പ്രതിജ്ഞയാണ് എല്ലാവരിൽ നിന്നും താൻ ആഗ്രഹിക്കുന്ന പിറന്നാൾ സമ്മാനമെന്നും അവർ കൂട്ടിച്ചേർത്തു.

കാലാസ്ഥാസംരക്ഷണത്തിന് വേണ്ടി സ്വീഡനിൽ ഒറ്റയാൾ പോരാട്ടം നടത്തിയാണ് ഗ്രെറ്റ പുതുതലമുറയുടെ മാതൃകയാകുന്നത്.പുതുതലമുറയിലെ കുട്ടികളിൽ നിന്നും തികച്ചും വിഭിന്നമാണ് ഗ്രെറ്റയുടെ ജീവിതരീതി.