വാഷിങ്ടൻൺ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു കോവിഡ് പിടികൂടിയ സാഹചര്യത്തില്‍ അത് ഭരണകൂടത്തിന്റെ ഏറ്റവും വലിയ പരാജയമാണെന്ന പ്രസ്താവനയുമായി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദപരിപാടിയിലായിരുന്നു കമല ഹാരിസിന്റെ രൂക്ഷ വിമര്‍ശനം.

"രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണ പരാജയത്തിനാണ് അമേരിക്കക്കാര്‍ സാക്ഷ്യം വഹിച്ചത്", കാലിഫോര്‍ണിയയില്‍ നിന്നുള്ള യുഎസ് സെനേറ്റര്‍ കൂടിയായ കമലാ ഹാരിസ് ആരോപിച്ചു.

"കോവിഡിന്റെ അപകടസാധ്യതകള്‍ അറിഞ്ഞിട്ടും വൈറ്റ് ഹൗസ് നടപടിയെടുത്തില്ല. കോവിഡ് ഭീഷണി തട്ടിപ്പാണെന്ന് വരെ പ്രസിഡന്റ് പറഞ്ഞു. അങ്ങനെ അവരതിന്റെ ഗൗരവം കുറച്ചു", കമലാ ഹാരിസ് പറഞ്ഞു

എന്നാൽ ജനുവരി 31ന് തന്നെ ചൈനയില്‍ നിന്നുള്ളവരുടെ വരവ് നിരോധിച്ച് കൊണ്ട് പ്രസിഡന്റ് ഇടപെടലുകള്‍ നടത്തിയെന്ന്‌ റിപ്പബ്ലിക്കൻ പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥി പെൻസ് തിരിച്ചടിച്ചു." വുഹാന്‍ കേസ് റപ്പോര്‍ട്ട് ചെയ്തിട്ട് ഒരുമാസമേ ആകുന്നുണ്ടായിരുന്നുള്ളൂ. ജനുവരി 31ന് തന്നെ ചൈനയില്‍ നിന്നുള്ളവരുടെ വരവ് നിരോധിച്ച് കൊണ്ട് പ്രസിഡന്റ് ഇടപെടലുകള്‍ നടത്തി. ആദ്യ ദിവസം മുതല്‍ തന്നെ അമേരിക്കയുടെ ആരോഗ്യത്തിനാണ് പ്രസിഡന്റ് ട്രംപ് പ്രാധാന്യം നല്‍കിയത്", പെന്‍സ് സംവാദത്തില്‍ തിരിച്ചടിച്ചു.

രാജ്യത്ത് രണ്ട് ലക്ഷത്തിലധികം ആളുകള്‍ കോവിഡ് ബാധിതരായി അമേരിക്കയില്‍ മരിക്കുകയും 75 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യം മുന്നില്‍ നില്‍ക്കെയാണ് ഇത്തരമൊരു സംവാദം നടക്കുന്നത്.

kamala harris Mike pence debate
കമലാ ഹാരിസ്സും മൈക്ക് പെൻസും
തമ്മിൽ നടന്ന സംവാദം| ഫോട്ടോ : AFP

പ്ലെക്‌സി ഗ്ലാസ്സ് കൊണ്ട് ഇരുവരുടെയും ഇരിപ്പിടങ്ങള്‍ വേര്‍തിരിച്ചു കൊണ്ടാണ് പെന്‍സ് -ഹാരിസ് സംവാദം മുന്നോട്ടു പോയത്. ഈ പ്ലെക്‌സി ഗ്ലാസ്സ് നിലവിലെ ഭരണത്തിന്റെ കോവിഡ് പോരാട്ടത്തിന്റെ പരാജയമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണം. 

ട്രംപിന്റെ കാലത്ത് വികസിപ്പിച്ച വാക്‌സിന്റെ വിശ്വാസ്യതയില്‍ സംവാദത്തിനിടെ കമലാ ഹാരിസ് സംശയം പ്രകടിപ്പിച്ചു. 

"ശാസ്ത്ര ഉപദേശകരുടെ പിന്തുണയില്ലാതെ ട്രംപിന്റെ നിര്‍ബന്ധത്താല്‍ മാത്രം പുറത്തിറങ്ങുന്ന കോവിഡ് വാക്‌സിന്‍ താന്‍ സ്വീകരിക്കുകയില്ല. ശാസ്ത്ര ഉപദേശകര്‍ നിര്‍ദേശിച്ചാലേ വാക്‌സിന്‍ താന്‍ സ്വീകരിക്കുകയുള്ളൂ. അങ്ങനെയാണെങ്കില്‍ അങ്ങനെ സ്വീകരിക്കുന്നവരുടെ മുന്‍ നിരയില്‍ ഞാൻ ഉണ്ടാകും", എന്നായിരുന്നു സംവാദത്തിനിടെ കമലാ ഹാരിസ് പറഞ്ഞത്.

ട്രംപ് ഭരണകാലത്ത് വാക്‌സിന്‍ വികസിപ്പിച്ചതിന്റെ പേരില്‍ ആ വാക്‌സിനിലുള്ള പൊതുജനവിശ്വാസം നിങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നത് വലിയതെറ്റാണെന്ന് പെന്‍സ് മറുപടി നല്‍കി. "ജനങ്ങളുടെ ജീവന്‍ വെച്ച് രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കൂ" എന്നായിരുന്നു പെന്‍സിന്റെ പ്രതികരണം

content highlights: Greatest failure of any presidential administration in the history of America, says Kamala Harris