ഇസ്‌ലാമാബാദ്: സൈന്യത്തെയും ചാര സംഘടനയായ ഐ.എസ്.ഐയെയും വാനോളം പുകഴ്ത്തി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് പ്രതിരോധത്തിന്റെ കുന്തമുന ഐ.എസ്.ഐ ആണെന്നും സൈന്യത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും പിന്നില്‍ സര്‍ക്കാരും ജനതയും അണിനിരക്കുമെന്നും ഖാന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

പാകിസ്താന്‍ സൈന്യത്തിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന ഇമ്രാന്‍ ഖാന്‍ ഐ.എസ്.ഐ ആസ്ഥാനം സന്ദര്‍ശിക്കവെയാണ് ചാര സംഘടനയെ പ്രശംസിച്ചത്. സുരക്ഷാ ഏജന്‍സികളുടെ വക്താവ് എന്നാണ് വിമര്‍ശകര്‍ ഇമ്രാന്‍ ഖാനെ വിശേഷിപ്പിക്കുന്നത്. സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയതെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍ക്കൊപ്പമാണ് ഇമ്രാന്‍ ഖാന്‍ ഐ.എസ്.ഐ ആസ്ഥാനത്തെത്തിയത്. മുതിര്‍ന്ന ഉദ്യോേഗസ്ഥരുമായി അദ്ദേഹം ദേശീയ സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐ ആണെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.

 

content highlights: government and the people of Pakistan firmly stood behind the army: Imran Khan