കാലിഫോര്‍ണിയ: ഗൂഗിളിന്റെ ഏറ്റവും പുതിയ  ഓഫീസ് ക്യാമ്പസാണ് ഗൂഗിള്‍ ബേ വ്യൂ. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യുവിലുള്ള ഗൂഗിള്‍ ആസ്ഥാനത്തിന് നിന്നും ഏതാനും കിലോമീറ്റര്‍ മാറിയാണ് ഈ പുതിയ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. ഹരിതവാതകങ്ങള്‍ പുറന്തള്ളാതെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുമെന്നുള്ളതാണ് ഗൂഗിളിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ പ്രത്യേകത. അമേരിക്കന്‍ മാധ്യമമായ ബ്ലൂംബര്‍ഗാണ് കെട്ടിടത്തിന്‍റെ സവിശേഷതകള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

സാന്‍ഫ്രാന്‍സിസ്‌കോ തീരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ക്യാമ്പസിന് മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ ആദ്യം ശ്രദ്ധിക്കുന്നത് ഈ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളാണ്. സര്‍ക്കസ് കൂടാരങ്ങള്‍ പോലെയാണ് ഈ കെട്ടിടങ്ങളുടെ രൂപം. ഏതാണ്ട് ടെന്റ് മാതൃകയില്‍ നിലത്തേക്ക് ചരിഞ്ഞ മൂന്ന് കെട്ടിടങ്ങള്‍. ഓരോ മേല്‍ക്കൂരയും സോളാര്‍ പാനലുകള്‍ കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. 50,000 സോളാര്‍ പാനലുകളാണ് മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഗൂഗിള്‍ ഈ രൂപകല്‍പ്പനയെ ഡ്രാഗണ്‍സ്‌കെയില്‍ എന്നാണ് വിളിക്കുന്നത്.

പൂര്‍ണമായുള്ള ഹരിത ക്യാമ്പസ് ആണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ആഗോളതാപനത്തിന് കാരണമാകുന്ന കാര്‍ബണെ പുര്‍ണമായും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ക്യാമ്പസ്. അതാണ് ഗൂഗിള്‍ ബേ വ്യൂ ക്യാമ്പസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ കുറച്ച് ജീവനക്കാരെ വെച്ച് ജനുവരിയോടെ ഈ മാതൃകാ ക്യാമ്പസ് തുറക്കാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഭൂമിക്കടിയിലേക്ക് ആഴത്തിലിറക്കിയ കോണ്‍ക്രീറ്റ് തൂണുകള്‍ പ്രകൃതി വാതകങ്ങളുടെ സഹായമില്ലാതെ തന്നെ കെട്ടിടത്തിനുള്ളലില്‍ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്നു. പൂര്‍ണ്ണമായും കാര്‍ബണ്‍ ഇല്ലാതെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള മഹത്തായ അഭിലാഷത്തിന്റെ സാക്ഷാത്കാരമായാണ് ഗൂഗിള്‍ അവരുടെ ഏറ്റവും പുതിയ കാമ്പസിനെ കാണുന്നത്.

എല്ലാ ഓഫീസും ഡാറ്റ സെന്ററും അന്തരീക്ഷം മലിനമാക്കാത്ത ശുദ്ധമായ ഉറവിടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഗൂഗിളിന്റെ പദ്ധതി സിഇഒ സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചിരുന്നു. ഡികാര്‍ബണൈസേഷന്‍ നടത്താനുള്ള ഏറ്റവും വലിയ കോര്‍പ്പറേറ്റ് പദ്ധതി നടപ്പിലാക്കാന്‍ അദ്ദേഹം 2030 വരെയാണ് സമയപരിധി നിശ്ചയിച്ചത്.

പ്രതിദിനം ശതകോടിക്കണക്കിന് വെബ് സെര്‍ച്ചുകള്‍, ഇമെയിലുകള്‍, മാപ്പിംഗ് റൂട്ടുകള്‍ എന്നീ സേവനങ്ങള്‍ നമുക്ക് നല്‍കുന്നതാണ് ഗൂഗിള്‍ സെര്‍വറുകള്‍. ഈ സെര്‍വറുകള്‍ സ്ഥിതി ചെയ്യുന്ന ഗൂഗിളിന്റെ ഡാറ്റാ സെന്ററുകളാണ് അവരുടെ വൈദ്യുതി ഉപഭോഗത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നത്. 2020ല്‍ 15.1 ദശലക്ഷം മെഗാവാട്ട്-അവര്‍ വൈദ്യുതിയാണ് ഗൂഗിള്‍ ഡാറ്റാ സെന്ററുകള്‍ ഉപയോഗിച്ചത്. 

കാര്‍ബണ്‍ ഒഴിവാക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഒരു വലിയ വെല്ലുവിളിയാണ്. സാധാരണ കോര്‍പ്പറേറ്റുകള്‍ ചെയുന്നതിനുമപ്പുറമാണ് ഗൂഗിള്‍ ലക്ഷ്യം വയ്ക്കുന്നതെന്നുള്ളതും കൃത്യമായി അതിനുള്ള ചുവടുകള്‍ വയ്ക്കുന്നു എന്നുള്ളതും വളരെ മികച്ച ഒരു മാതൃകയാണ്. ഡസന്‍ കണക്കിന് കമ്പനികള്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലെത്താന്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു എന്നുള്ളതും വളരെ പ്രതീക്ഷ നല്‍കുന്ന ചുവടുവെയ്പാണ്.

Content Highlights: Google green campus to be opened soon as company aims achieving carbon free status by 2030