ബ്ലൂംബെർഗ്: പ്രമുഖ നിർമിതബുദ്ധി ഗവേഷകയായ ടിമ്നിറ്റ് ഗെബ്രുവിനെ പുറത്താക്കിയ സംഭവത്തിൽ ജീവനക്കാരോട് ക്ഷമ ചോദിച്ച് ഗൂഗിൾ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. ഗെബ്രുവിനെ പുറത്താക്കിയത് കമ്പനി എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നത് സംബന്ധിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

'ഡോ. ഗെബ്രുവിനെ പുറത്താക്കിയതിലുളള പ്രതികരണങ്ങൾ ഞാൻ വ്യക്തമായി കേട്ടു. അത് നമുക്കിടയില്‍ സംശയങ്ങളുടെ വിത്തുപാകിയിരിക്കുകയാണ്. മാത്രമല്ല, ഗൂഗിളിൽ തങ്ങളുടെ സ്ഥാനമെന്തെന്ന്  ചോദിക്കുന്നതിലേക്ക് ഈ സംഭവം നയിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഞാൻ വളരെയധികം ഖേദിക്കുന്നു, നിങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ഉത്തരവാദിത്വം ഞാനേറ്റെടുക്കുന്നു', ജീവനക്കാർക്കയച്ച കത്തിൽ സുന്ദർ പിച്ചൈ വ്യക്തമാക്കി.

ഫേയ്‌സ് റക്കഗ്നിഷന്‍ സങ്കേതത്തിന്റെ മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഗവേഷകയാണ്‌ നിർമിതബുദ്ധി വിദഗ്ധയായ ഡോ. ടിമ്നിറ്റ് ഗെബ്രു. ഒരു ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളെ തുടര്‍ന്നാണ് അവരെ ഗൂഗിള്‍ പുറത്താക്കിയത്. ഇക്കാര്യം ട്വിറ്ററിലൂടെയാണ് ഗെബ്രു അറിയിച്ചത്.

Content Highlights:Google CEO apologizes for handling of departure Timnit Gebru