ന്യൂഡല്‍ഹി: നെറ്റ് വര്‍ക്ക് പ്രശ്‌നത്തെ തുടര്‍ന്ന് ലോകവ്യാപകമായി അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യതയെന്ന് റഷ്യയുടെ അറിയിപ്പ്. അറ്റകുറ്റപ്പണിക്കായി പ്രധാന ഡൊമൈന്‍ സെര്‍വറുകളെല്ലാം പ്രവര്‍ത്തനരഹിതമാക്കുന്നതോടെയാണിത്. ഏതാനും സമയത്തേക്കായിരിക്കും ഇന്റര്‍നെറ്റ് തടസ്സം നേരിടുക.

അറ്റകുറ്റപ്പണിക്കായി ക്രിപ്‌റ്റോഗ്രഫിക് കീ മാറ്റും. ഇതുവഴി ഡൊമൈന്‍ പേരുകൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണം കണക്കിലെടുത്ത് ഇതിനെ നേരിടുന്നതിന് സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് മെയിന്റനന്‍സ് നടത്തുന്നത്.

ഇന്റര്‍നെറ്റ് സേവനദാതാക്കളും നെറ്റ് വര്‍ക്ക് ഓപ്പറേറ്റമാരും ഈ കീ മാറ്റത്തിന് തയ്യാറാകാത്ത പക്ഷം അവരുടെ സേവനം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാതെ വന്നേക്കാം എന്നാണ് കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നത്.

ഉചിതമായ സുരക്ഷാ അനുബന്ധ നടപടികള്‍ കൈക്കൊണ്ടാല്‍ തടസ്സപ്പെടല്‍ ഒഴിവാക്കാനാകും. വെബ് പേജുകളും അതുപോലെ ഓണ്‍ലൈനായി ഇടപാടുകള്‍ നട ത്തുന്നതിനും അടുത്ത 48 മണിക്കൂര്‍ ചില തടസ്സങ്ങള്‍ നേരിട്ടേക്കാം. കാലഹരണപ്പെട്ട ഐഎസ്പിയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് കിട്ടുന്നതിനും തടസ്സം നേരിട്ടേക്കാം.