വാഷിംഗ്ടണ്‍: ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ തലപ്പത്തേക്ക്.  മലയാളിയായ ഗീതാ ഗോപിനാഥ് ജനുവരിയില്‍ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേല്‍ക്കും.

ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ജെഫ്രി ഒകമോട്ടോയുടെ പിന്‍ഗാമിയായാണ് ഗീതാ ഗോപിനാഥ് എത്തുന്നത്. ഇത് ആദ്യമായാണ് രണ്ട് വനിതകള്‍ ഐഎംഎഫിന്റെ നേതൃ സ്ഥാനങ്ങളിലേക്ക് എത്തുന്നത്.  നേതൃസ്ഥാനം ഏറ്റെടുക്കാന്‍ 'ശരിയായ സമയത്ത് ശരിയായ വ്യക്തി' എത്തുന്നു എന്ന് ഐഎംഎഫ് മേധാവി ജോര്‍ജീവ ഗീതാ ഗോപിനാഥിന്റെ നിയമനത്തെക്കുറിച്ച് പറഞ്ഞു.

കോവിഡ് മഹാമാരിയില്‍ ഐഎംഎഫിന്റെ അംഗരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന മാക്രോ ഇക്കണോമിക് വെല്ലുവിളികളുടെ സമയത്ത് ലോകത്തിലെ മുന്‍നിര മാക്രോ ഇക്കണോമിസ്റ്റുകളിലൊരാളായ ഗീതയ്ക്ക് ഇത് കൈകാര്യം ചെയാനുള്ള കൃത്യമായ വൈദഗ്ദ്ധ്യം ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായി ജോര്‍ജീവ പ്രസ്താവനയില്‍ പറഞ്ഞു.

2018 ഒക്ടോബറില്‍ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനത്ത് നിയമിതയായ ഗീത ഗോപിനാഥ് ജനുവരിയില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ തന്റെ ജോലിയിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗീതാ ഗോപിനാഥ് ഹാര്‍വാര്‍ഡ് വിടുമെന്നാണ് സൂചന. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും ഗീതാ ഗോപിനാഥിന് യുഎസ് പൗരത്വമാണുള്ളത്.

Content Highlights: Gita gopinath to take up top role in IMF