കാബൂൾ: അഫ്ഗാനിസ്താനിൽ പെൺകുട്ടികളെ വൈകാതെ തന്നെ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കുമെന്ന് താലിബാൻ. അഫ്ഗാനിസ്താലെ സ്കൂളുകൾ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട  ചർച്ച അന്തിമ ഘട്ടത്തിലാണെന്നും എത്രയും പെട്ടെന്ന് തന്നെ ഇത് യാഥാർഥ്യമാകുമെന്നും താലിബാൻ വക്താവ് സൈബുള്ളാ മുജാഹിദ് പറഞ്ഞു. എന്നാൽ ഇത് എപ്പോൾ സംഭവിക്കും എന്ന കാര്യത്തിൽ ഒന്നും അദ്ദേഹം ഒരു വ്യക്തത പറഞ്ഞിട്ടില്ല. 

അഫ്ഗാനിസ്താനിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസങ്ങളിൽ നിന്ന് പെൺകുട്ടികളെ വിലക്കിക്കൊണ്ട് ആൺകുട്ടികൾക്ക് മാത്രമായി സ്കൂളുകൾ തുറന്നിരുന്നു. വനിതാ അധ്യാപകരെ ഒഴിവാക്കി പുരുഷ അധ്യാപകരെ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 

എല്ലാ പുരുഷ അധ്യാപകരും 7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികളും സ്കൂളുകളിലേക്ക് വരണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. എന്നാൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. 

Content Highlights: Girls in Afghanistan will be allowed to return to school as soon as possible