ബെര്‍ലിന്‍: നാളെയാണ് (സെപ്റ്റംബര്‍ 26) ജര്‍മ്മന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇതോടെ 16 വര്‍ഷമായി ജര്‍മ്മനിയില്‍ തുടരുന്ന മെര്‍ക്കല്‍ യുഗത്തിന് തിരശീല വീഴും. ജര്‍മനിയുടെ ആദ്യത്തെ വനിതാ ചാന്‍സലര്‍ കൂടിയായ മെര്‍ക്കല്‍ ഇതിനകം തന്നെ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രറ്റിക് യൂണിയന്‍ എന്ന സെന്‍ട്രിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ജര്‍മനിയുടെ ഭരണ നേതൃത്വം 16 വര്‍ഷങ്ങള്‍ക്കു ശേഷം സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് വീണ്ടും പോകുമോ എന്നതാണ്. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത പ്രീപോള്‍ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത് 25% വോട്ടോട് കൂടി എസ്.പി.ഡി ഒന്നാം സ്ഥാനത്തും മെര്‍ക്കലിന്റെ (സിഡിയു) 22% വോട്ടോട് കൂടി രണ്ടാം സ്ഥാനത്തേക്കും എത്തിയേക്കാമെന്നാണ്. 

സോഷ്യലിസ്റ്റ് ഡെമോക്രറ്റുകള്‍ക്ക് ആശ്വാസം പകരുന്ന മറ്റൊരു കാര്യം അവരെ പിന്തുണയ്ക്കാന്‍ സാധ്യത കൂടുതലുള്ള ഇടതുപക്ഷ പരിസ്ഥിതിവാദികളായ ഗ്രീന്‍ പാര്‍ട്ടി പ്രീപോള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ 16% വോട്ടോട് കൂടി മൂന്നാം സ്ഥാനത്ത് എത്താനുള്ള സാധ്യതയാണ്. വലതു ലിബറലുകളെന്ന് അറിയപ്പെടുന്ന എഫ്.ഡി.പി 11%, നിയോ നാസിസ്റ്റുകള്‍ എന്ന ആക്ഷേപം നേരിടുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡി, കിഴക്കന്‍ ജര്‍മനി ഭരിച്ചിരുന്ന മുന്‍ കമ്മ്യൂണിസ്റ്റുകളുടെ പിന്‍ഗാമികളെന്ന് അറിയപ്പെടുന്ന ദി ലിങ്ക് (The Left) 6% എന്നീ പാര്‍ട്ടികളും ജര്‍മ്മന്‍ പാര്‍ലമെന്റിലേക്ക് യോഗ്യത നേടാനുള്ള 5% എന്ന കടമ്പ കടക്കാന്‍ സാധ്യതയുള്ള പാര്‍ട്ടികളായി കണക്കാക്കപെടുന്നു. 

തിരഞ്ഞെടുപ്പിനു ശേഷം ഒരു ഭാഗത്തു സോഷ്യലിസ്റ്റുകളും (എസ്.പി.ഡി) മറുഭാഗത്ത് ക്രിസ്ത്യന്‍ ഡെമോക്രറ്റുകളും (സി.ഡി.യു) നേതൃത്വം കൊടുക്കുന്ന രണ്ട് മുന്നണികള്‍ നേര്‍ക്കുനേര്‍ വന്നാല്‍, ഗ്രീന്‍ പാര്‍ട്ടി, ദി ലിങ്ക് എന്നീ ഇടത് പാര്‍ട്ടികളുടെ പിന്തുണ സോഷ്യല്‍ ഡെമോക്രറ്റുകള്‍ക്ക് കിട്ടാനാണ് കൂടുതല്‍ സാധ്യത. ഇത് വരെ തുടര്‍ന്ന പോലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡിയുടെ പിന്തുണ ഒരു മുന്നണിയും സ്വീകരിക്കാന്‍ സാധ്യതയില്ല.

ഇന്ത്യയെ പോലെ തന്നെ ഫെഡറല്‍ സംവിധാനവും പാര്‍ലമെന്ററി ജനാധിപത്യവും പിന്തുടരുന്ന ജര്‍മ്മനിയില്‍ പക്ഷെ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി രണ്ട് വോട്ടുകളാണ് ഒരു ജര്‍മ്മന്‍ വോട്ടര്‍ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുള്ളത്. ഇതില്‍ ഒന്ന് അതാത് പ്രവിശ്യയിലെ എംപിയെ  നേരിട്ട് തിരഞ്ഞെടുക്കുന്ന ഡയറക്റ്റ് വോട്ടും, രണ്ടാമത്തേത് തങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിക്കും കൊടുക്കാവുന്നതാണ്. 

പാര്‍ട്ടിക്ക് കൊടുക്കുന്ന ഈ രണ്ടാമത്തെ വോട്ടുകളില്‍ 5% എങ്കിലും നേടുന്ന പാര്‍ട്ടികള്‍ക്ക് അവര്‍ക്ക് കിട്ടിയ വോട്ടുകളുടെ ആനുപാതികാടിസ്ഥാനത്തില്‍ പാര്‍ലമെന്റിലെ പകുതി സീറ്റുകള്‍ വിഭജിക്കപ്പെടും. ബാക്കി പകുതിയിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാരും ഉള്‍ക്കൊള്ളുന്നതാണ് ജര്‍മ്മന്‍ പാര്‍ലമെന്റായ ബുണ്ടെസ്റ്റാഗ് (Bundestag). ഇതിന്റെ കൂടെ ഇന്ത്യയിലെ പോലെ തന്നെ അതാത് ഫെഡറല്‍ സംസ്ഥാനങ്ങളിലെ അസംബ്ലി അംഗങ്ങള്‍ തിരഞ്ഞെടുത്തു അയക്കുന്ന നമ്മുടെ രാജ്യസഭയ്ക്ക് തുല്യമായ ബുണ്ടെസ്രത്ത് (Bundesrat) കൂടി ഉള്‍ക്കൊള്ളുന്നതാണ് ജര്‍മ്മനിയിലെ കേന്ദ്ര നിയമ നിര്‍മ്മാണ സംവിധാനം.

content highlights: Germany election, German Chancellor Angela Merkel