ബെര്‍ലിന്‍: തന്റെ വിരസതമാറ്റാനായി ജര്‍മിനിയില്‍ ഒരു നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. കൂടുതല്‍ മൃതദേഹങ്ങള്‍ പരിശോധിക്കുന്നതോടെ കൊല്ലപ്പെട്ടവരുടെ സംഖ്യവര്‍ധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

നീല്‍സ് ഹോഗെല്‍ എന്ന 41 കാരനായ നഴ്‌സാണ് ഈ ക്രൂരത ചെയ്തത്. ജര്‍മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ദെല്‍മെന്‍ഹോസ്റ്റ് എന്ന ആശുപത്രിയില്‍ 2015ല്‍ നടന്ന രണ്ടു കൊലപാതകങ്ങളും നാലു കൊലപാതക ശ്രമങ്ങളുടേയും പേരില്‍ നീല്‍സ് പിടിയിലായപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ മൊത്തം 106 പേരെ ഇയാള്‍ കൊലപ്പെടുത്തിയതായി കണ്ടെത്തി. ഇതില്‍ 16 കൊലപാകതങ്ങള്‍ 1999-2005 കാലഘട്ടത്തില്‍ രണ്ടു ആശുപത്രികളിലായി ജോലി ചെയ്തപ്പോള്‍ നടത്തിയതാണ്.

അഞ്ചു കേസുകളില്‍ മൃതദേഹങ്ങളില്‍ ടോക്‌സികോളജി പരിശോധന നടത്തിവരികയാണ്. നീല്‍സിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്ന് വരികയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് പോലീസ് അറിയിച്ചു.

നീല്‍സിന് വിരസത വരുമ്പോള്‍ രോഗികളില്‍ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷാംശം കലര്‍ന്ന മരുന്ന് കുത്തിവെക്കും.തുടര്‍ന്ന് രോഗികള്‍ മരണ വെപ്രാളം കാണിക്കുമ്പോള്‍ മറുമരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുകയും ചിലതില്‍ വിജയിക്കുകയും ചെയ്തിരുന്നു. അങ്ങനെ ആശുപത്രിയില്‍ പേരെടുക്കകയും ചെയ്തിരുന്നു ഇയാള്‍. എന്നാല്‍ ഇത്തരം പരീക്ഷണത്തില്‍ ഭൂരിഭാഗം പേര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയാണുണ്ടായത്.