ബെര്‍ലിന്‍: ജര്‍മ്മനിയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രീപോള്‍ സര്‍വ്വേകള്‍ സൂചിപ്പിച്ചപോലെ തന്നെ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. ജര്‍മനിയിലെ പ്രധാന എതിര്‍ കക്ഷികളായ ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഒരു പ്രത്യേക സാഹചര്യത്തില്‍ ആംഗേല മെര്‍ക്കലിന്റെ നേതൃത്വത്തില്‍ 2017ല്‍ ഒരുമിച്ച് ഭരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത്തരം ഒരു മുന്നണി രണ്ട് പാര്‍ട്ടികളും തിരഞ്ഞെടുപ്പിന് മുമ്പ് പൂര്‍ണമായി തള്ളികളിഞ്ഞിരുന്നു. 

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഫലങ്ങള്‍ അനുസരിച്ച് 25.8% വോട്ടോട് കൂടി എസ്.പി.ഡി ഒന്നാം സ്ഥാനത്തും മെര്‍ക്കലിന്റെ സി.ഡി.യു  24.1% വോട്ടോട് കൂടി രണ്ടാം സ്ഥാനത്തുമാണുള്ളത്. മറ്റുള്ള പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് യഥാക്രമം ഗ്രീന്‍ പാര്‍ട്ടി (ഇടതുപക്ഷ പരിസ്ഥിതി വാദികള്‍) 14.6%, എഫ്ഡിപി (വലതുപക്ഷ ലിബറല്‍ ഡെമോക്രാറ്റ്‌സ്) 11.5%, എഎഫ്ഡി (തീവ്ര വലതുപക്ഷം) 10.5%, ദി ലിങ്ക് (തീവ്ര ഇടതുപക്ഷം) 4.9% എന്നിങ്ങനെയാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് സോഷ്യലിസ്റ്റ് പാര്‍ട്ടി സൂചിപ്പിച്ച  പോലെ ഗ്രീന്‍ പാര്‍ട്ടിയെയും ദി ലിങ്ക് പാര്‍ട്ടിയെയും ഉള്‍പ്പെടുത്തിയുള്ള ഒരു മുഴുവന്‍ ഇടതുപക്ഷ സര്‍ക്കാരിനുള്ള വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിക്ക് ഗ്രീന്‍ പാര്‍ട്ടിയേയും ലിബറല്‍ ഡെമോക്രറ്റുകളെയും ഉള്‍പ്പെടുത്തിയുള്ള ഒരു സെന്റര്‍ ലെഫ്റ്റ് മുന്നണിക്കായിരിക്കും ഒലാഫ് ഷോല്‍സിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകളുടെ ശ്രമം.

മറുഭാഗത്ത് ക്രിസ്ത്യന്‍ ഡമോക്രറ്റുകള്‍ ആര്‍മിന്‍ ലാഷെറ്റിന്റെ നേതൃത്വത്തില്‍ അവരോട് യോജിച്ചുപോകാന്‍ ഏറെ താല്പര്യമുള്ള ലിബറല്‍ ഡെമോക്രറ്റുകളെയും എതിര്‍ ചേരിയിലുള്ള ഗ്രീന്‍ പാര്‍ട്ടിയെയും ഉള്‍പ്പെടുത്തി മെര്‍ക്കലിന്റെ സെന്‍ട്രിസ്റ്റ് സര്‍ക്കാരിന് ഒരു തുടര്‍ച്ചയുണ്ടാക്കാനായിരിക്കും ശ്രമിക്കുക.

എന്നാല്‍ ലിബറല്‍ ഡെമോക്രറ്റുകളെയും ഗ്രീന്‍ പാര്‍ട്ടിയെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. സാമൂഹികമായി പുരോഗമനാശയങ്ങള്‍ പിന്തുടരുന്ന രണ്ട് പാര്‍ട്ടികളും ഒരു പോലെ ആകര്‍ഷിക്കുന്നത് യുവതലമുറയില്‍ പെട്ടവരെയാണ്. ലിബറലുകള്‍ പ്രതിനിധാനം ചെയ്യുന്നത് ഉപരിവര്‍ഗ്ഗത്തെയും സ്വയംതൊഴില്‍ ചെയ്യുന്നവരെയും ആണെങ്കില്‍ ഗ്രീന്‍ പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്നത് പ്രൊഫെഷനലുകളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ്. പരിസ്ഥിതി സംരക്ഷണത്തിന് പുറമെ തൊഴില്‍ നിയമങ്ങള്‍ തൊഴില്‍ എടുക്കുന്നവര്‍ക്ക് അനുകൂലമായി ശക്തിപ്പെടുത്തുക, ശമ്പളക്കാര്‍ക്കുള്ള ആദായ നികുതി ലഘൂകരിക്കുക എന്നുള്ളവയാണ് ഗ്രീന്‍ പാര്‍ട്ടിയുടെ മാനിഫെസ്റ്റോയിലെ മുഖ്യ വാഗ്ദാനങ്ങള്‍. ലിബറല്‍ ഡെമോക്രറ്റുകളുടേത് സര്‍ക്കാരിന് ബാധ്യത ഉണ്ടാക്കാവുന്ന ശമ്പളക്കാര്‍ക്കുള്ള ആദായ നികുതി ഇളവുകള്‍ ഒഴിവാക്കുക, തൊഴില്‍ നിയമങ്ങള്‍ വ്യാവസായിക വളര്‍ച്ചയ്ക്ക് അനുകൂലമായി ലഘൂകരിക്കുക എന്നുള്ളതാണ്. ഇത് കൂടാതെ പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്ന ഡീസല്‍ വാഹനങ്ങളുടെ ഉല്പ്പാദന നിരോധനം, കല്‍ക്കരി-ന്യൂക്ലിയര്‍ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുക തുടങ്ങിയ ഗ്രീന്‍ പാര്‍ട്ടിയുടെ ആവശ്യങ്ങളും ലിബറലുകള്‍ എതിര്‍ക്കുന്നു.

ആശയപരമായും മാനിഫെസ്റ്റോയിലും രണ്ട് ധ്രുവങ്ങളിലുള്ള ഗ്രീന്‍ പാര്‍ട്ടിയെയും ലിബറല്‍ ഡെമോക്രറ്റുകളെയും ഒരുമിച്ചുകൂട്ടാതെ ഒരു സര്‍ക്കാര്‍ രൂപീകരണം ഏറെക്കുറെ സാധ്യമല്ലെന്ന് ഉറപ്പായ സ്ഥിതിക്ക് ഈ രണ്ട് പാര്‍ട്ടികളും അംഗീകരിക്കുന്ന ഒരു 'കോമണ്‍ മിനിമം പ്രോഗ്രാം' ഉണ്ടാക്കാന്‍ കഴിയുന്ന മുന്നണിക്കായിരിക്കും ജര്‍മ്മനിയിലെ അടുത്ത ഭരണ സാരഥ്യം. അതിന് സാധ്യമാവുന്നത് ക്രിസ്ത്യന്‍ ഡെമോക്രറ്റുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന മെര്‍ക്കലിന്റെ പിന്‍ഗാമിയായ ആര്‍മിന്‍ ലാഷെറ്റിന് ആണോ അതോ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് നേതൃത്വം കൊടുക്കുന്ന മെര്‍ക്കലിന്റെ കൂട്ട് മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്ന ഒലാഫ് ഷോല്‍സിന് ആണോയെന്ന് കാത്തിരുന്ന് കാണണം.

രണ്ടായാലും പെട്ടെന്നുള്ള ഒരു മുന്നണി രൂപവത്കരണം എളുപ്പമാവില്ല. കാരണം ജര്‍മ്മനിയില്‍ മുന്നണി രൂപീകരണത്തില്‍ പാര്‍ട്ടികളുടെ പൊതുവായ ലക്ഷ്യം മന്ത്രിസഭയില്‍ കിട്ടിയേക്കാവുന്ന അംഗസംഖ്യയിലോ വകുപ്പുകളിലോ അല്ല. മറിച്ച് അതാത് പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ കൊടുത്ത വാഗ്ദാനങ്ങള്‍ ഏത് മുന്നണിയുടെ കോമണ്‍ മിനിമം പ്രോഗ്രാമില്‍ ആണോ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് ആ മുന്നണിക്കായിരിക്കും അവരുടെ മുന്‍ഗണന.

content highlights: germen election result