ന്യൂയോര്‍ക്ക്: ജീവികളുടെ ജിനോമില്‍ എച്ച്.ഐ.വി ഡി.എന്‍.എ എഡിറ്റ് ചെയ്ത് ഒഴിവാക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ടെമ്പിള്‍ യൂനിവേഴ്സിറ്റി ഗവേഷകര്‍ ചുണ്ടെലിയില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. 

ചുണ്ടെലിയിലെ എച്ച് ഐ വി ബാധിതമായ ഡിഎന്‍എയെ എഡിറ്റ് ചെയ്ത് പൂര്‍ണമായും ഉന്‍മൂലനം ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് ഗവേഷകര്‍ പറയുന്നത്. മനുഷ്യ ശരീരത്തിലും ഈ പരീക്ഷണം വിജയിച്ചാല്‍ ഭാവിയില്‍ എയ്ഡ്‌സ് വ്യാപനം തടയുന്നതില്‍ ഒരുപക്ഷേ വിപ്ലവകരമായ മുന്നേറ്റമായി മാറിയേക്കാം. 

മൊളിക്യുലാര്‍ തെറാപ്പി എന്ന സയന്‍സ് ജേര്‍ണലിലാണ് ടെമ്പിള്‍ യൂനിവേഴ്സിറ്റി ഗവേഷകര്‍ നടത്തിയ പരീക്ഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

മൂന്ന് മൃഗങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഇതില്‍ മനുഷ്യസഹജമായ അംശങ്ങള്‍ അടങ്ങിയ ചുണ്ടെലിയില്‍ നടത്തിയ പഠനവും വിജയമായിരുന്നുവെന്നത് ശാസത്രലോകത്തിന് പ്രതീക്ഷ നല്‍കുന്നു.

മാരകമായ രീതിയില്‍ എച്ച് ഐവി വൈറസ് ആക്രമിച്ച ചുണ്ടെലിയുടെ കോശങ്ങളിലും മനുഷ്യകോശങ്ങളിലും നടത്തിയ CRISPR/CAS9 എന്ന ജീന്‍ എഡിറ്റിങ് സങ്കേതം വിജയകരമായിരുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

എച്ച് ഐവി ടൈപ്പ് 1 വൈറസ് ബാധിതമായ കോശങ്ങള്‍ പെരുകുന്നത് തടയാനും ഡിഎന്‍എയെ എഡിറ്റ് ചെയ്ത് ഒഴിവാക്കുന്നതിലൂടെ സാധിക്കും. ഇതിലൂടെ വൈറസ് ബാധിതമായ കോശങ്ങളെ നീക്കം ചെയ്യാനാവുമെന്നും ഗവേഷകര്‍ പ്രത്യാശിക്കുന്നു. ഈ സങ്കേതികവിദ്യ മനുഷ്യരിലും പരീക്ഷിച്ച് വിജയിച്ചാല്‍ അത് എയ്ഡ്‌സ് തടയുന്നതിലേക്കുള്ള നിര്‍ണായക ചുവടുവയ്പായി മാറിയേക്കാം