'കഫ് സിറപ്പ് കഴിച്ചതോടെ മൂത്രം പോകാതെയായി, പിന്നാലെ മരണം'; നീതി തേടി ഗാംബിയയിലെ അമ്മമാർ


ഗാംബിയയിൽ റെഡ്‌ക്രോസ് വളണ്ടിയർമാർ ഇന്ത്യൻ കമ്പനിയുടെ വിവാദ കഫ് സിറപ്പുകൾ ശേഖരിക്കുകയും ജനങ്ങൾക്ക് ബോധവത്കരണം നടത്തുകയും ചെയ്യുന്നു |ഫോട്ടോ:twitter.com/GambiaRedCross

ബഞ്ജുല്‍: മറിയം കുയാതെയുടെ വീടിന്റെ ഒരു മൂലയിലായി ചുവന്ന കളിപ്പാട്ട മോട്ടോര്‍ബൈക്ക് പൊടിപിടിച്ച് കിടപ്പുണ്ട്. അത് അവരുടെ 20 മാസം പ്രായമുണ്ടായിരുന്ന കുഞ്ഞ് മൂസയുടേതായിരുന്നു. സെപ്റ്റംബറില്‍ അവന്‍ മരിച്ചതോടെയാണ് ആ കളിപ്പാട്ടം മൂലയിലായത്. ചുമ, ജലദോഷം എന്നിവയ്ക്കായി ഇന്ത്യന്‍ കമ്പനി പുറത്തിറക്കുന്ന മരുന്നുകള്‍ കഴിച്ച് ഗാംബിയയില്‍ മരിച്ച 66 കുട്ടികളിലൊരാളാണ് മൂസ. മാരക രാസവസ്തുക്കള്‍ കലര്‍ന്ന, ഗുണനിലവാരമില്ലാത്ത ഈ മരുന്നുകള്‍ കുട്ടികളുടെ കിഡ്‌നി തകരാറില്ലാക്കിയെന്നാണ് ലോക ആരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ.) പറയുന്നത്.

മൂസയുടെ അമ്മ 30-കാരിയായ മറിയം കുയാതെയ്ക്ക് മറ്റു നാലു മക്കളുണ്ട്. ഗാംബിയയിലെ ഏറ്റവും വലിയ നഗരമായ സെറെകുന്ദയുടെ പ്രാന്തപ്രദേശത്തുള്ള വീട്ടില്‍ ഇരുന്നുകൊണ്ട്, വീടിന്റെ മൂലയിലിരിക്കുന്ന തന്റെ ഇളയ മകന്റെ കളിപ്പാട്ടങ്ങളെ നോക്കി അവരിപ്പോഴും കണ്ണീരൊഴുക്കുകയാണ്. അവന്റെ അസുഖം ഒരു പനിയില്‍ നിന്നാണ് ആരംഭിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ടറോട് മറിയം വിശദീകരിച്ചു.'പനിയെ തുടര്‍ന്ന് ഒരു ഡോക്ടറെ കണ്ടതിന് ശേഷം, തന്റെ ഭര്‍ത്താവ് ഒരു സിറപ്പ് വാങ്ങി കൊണ്ടുവന്നു. ഞങ്ങളത് കുഞ്ഞിന് കൊടുത്തു. പനി നിന്നെങ്കിലും അത് മറ്റൊരു പ്രശ്‌നത്തിലേക്കാണ് വഴിവെച്ചത്. എന്റെ മകന്‍ മൂത്രം ഒഴിക്കാതെയായി. ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് രക്തപരിശോധന നടത്തി. കൂടുതല്‍ ചികിത്സ നല്‍കിയിട്ടും ട്യൂബ് ഇട്ടിട്ടും കുഞ്ഞ് മൂത്രമൊഴിച്ചില്ല. ഒടുവില്‍ ശസ്ത്രക്രിയ നടത്തിയിട്ടും പുരോഗതിയുണ്ടായില്ല' മറിയം പറഞ്ഞു.
താമസിയാതെ മരിച്ചു.

സെപ്റ്റംബര്‍ 29-നാണ് ഹരിയാണയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച നാല് സിറപ്പുകള്‍ സംബന്ധിച്ച് ഡബ്ല്യു എച്ച് ഒ മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്സ് കണ്‍ട്രോളർ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രോമിത്താസിന്‍ ഓറല്‍ സൊലൂഷന്‍, കൊഫെക്‌സ്മാലിന്‍ ബേബി കഫ് സിറപ്പ്, മേകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവക്കെതിരെയാണ് അന്വേഷണം.

സംഭവത്തില്‍ ഗാംബിയയില്‍ വന്‍പ്രതിഷേധം ഉയരുകയാണ്. രാജ്യത്തേക്ക് മരുന്ന് ഇറക്കുമതി ചെയ്യുന്നവര്‍ക്കെതിരെ വിചാരണ ചെയ്യണമെന്നും ആരോഗ്യ മന്ത്രി ഡോ.അഹമദൗ ലാമി സമതേയുടെ രാജിയും ആവശ്യപ്പെട്ട് ഗാംബിയയുടെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

'66 എന്നത് വലിയ സംഖ്യയാണ്. ഞങ്ങള്‍ക്ക് നീതി വേണം, കാരണം ഇരകള്‍ നിരപധാകളായ കുഞ്ഞുങ്ങളാണ്', മറിയം കുയാതെ പറഞ്ഞു.

ഗാംബിയന്‍ തലസ്ഥാനമായ ബഞ്ജുലിലെ ആശുപത്രികളില്‍ നിന്ന് റെഡ്‌ക്രോസ് വളണ്ടിയര്‍ ഇന്ത്യന്‍ കമ്പനിയുടെ വിവാദ കഫ് സിറപ്പുകള്‍ ശേഖരിക്കുന്നു |ഫോട്ടോ:AFP

അഞ്ചു മാസം പ്രയമുണ്ടായിരുന്ന അയിഷയാണ് മറ്റൊരു ഇര. മറിയം കുയാതെയുടെ സമാനമായ അനുഭവം തന്നെയാണ് അയിഷയുടെ മാതാവ് മറിയം സിസാവോയ്ക്കും പറയാനുള്ളത്. കഫ് സിറപ്പ് കഴിച്ച ശേഷം ഒരു പ്രഭാതംമുതല്‍ അഞ്ചു മാസക്കാരിക്ക് മൂത്രം പോകാതെയായി. മൂത്രാശയത്തില്‍ കുഴപ്പമൊന്നുമില്ലെന്ന് ആശുപത്രിയിലെ പ്രാഥമിക പരിശോധനയില്‍ ഡോക്ടര്‍മാര്‍ മറിയം സിസാവോയോട് പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്കായി ഗാംബിയയുടെ തലസ്ഥാനമായ ബഞ്ജുലിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവരുടെ വീട് നില്‍ക്കുന്ന ബരികായില്‍ നിന്ന് 36 കിലോമീറ്റര്‍ അകലത്തിലായിരുന്നു തലസ്ഥാനം. അവിടെ അഞ്ചു ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ അയിഷയെ മരണം കവര്‍ന്നു.

'ഏറെ വേദനാജനകമായ മരണമാണ് എന്റെ മകള്‍ക്കുണ്ടായത്. എനിക്കും അതേ വാര്‍ഡിലെ മറ്റ് രണ്ട് സ്ത്രീകള്‍ക്കും ഞങ്ങളുടെ മക്കളെ ഇതുപോലെ നഷ്ടപ്പെട്ടു. എനിക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. അയിഷ എന്റെ ഏക മകളായിരുന്നു. അയിഷയെ ഞങ്ങള്‍ക്ക് ലഭിച്ചത് മുതല്‍ വീട്ടില്‍ വലിയ സന്തോഷമായിരുന്നു. അവളുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് ആരും ഇതുവരെ മോചിതരായിട്ടില്ല', മറിയം സിസാവോ പറഞ്ഞു.

മരുന്നുകള്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കാന്‍ പ്രാപ്തമായ ഒരു ലബോറട്ടറി നിലവില്‍ ഗാംബിയയിലില്ല, അതിനാല്‍ അവ പരിശോധിക്കാന്‍ വിദേശത്തേക്ക് അയയ്ക്കുമെന്ന് ഗാംബിയ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ മുസ്തഫ ബിതായ് ബിബിസിയോട് വ്യക്തമാക്കി.

മരുന്നുകളുടെ സുരക്ഷാ പരിശോധന നടത്തുന്നതിനുള്ള സംവിധാനം രാജ്യത്ത് ആരംഭിക്കുമെന്ന് ഗാംബിയന്‍ പ്രസിഡന്റ് ആദമ ബറോ കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ വിതരണം ചെയ്യുന്നതിന്റെ മാനദണ്ഡങ്ങളും നിയമങ്ങളും അവലോകനം ചെയ്യാന്‍ അദ്ദേഹം ആരോഗ്യ മന്ത്രാലയത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഇരകളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. 'രക്ഷിതാക്കള്‍ക്ക് ഇതൊരു പാഠമാണ്, എന്നാല്‍ വലിയ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഏതെങ്കിലും മരുന്നുകള്‍ രാജ്യത്ത് എത്തുന്നതിന് മുമ്പ്, അവ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണോ അല്ലയോ എന്ന് ശരിയായി പരിശോധിക്കണം', മറിയം സിസാവോ പറഞ്ഞു.

പനിയെ തുടര്‍ന്ന് മരുന്ന് കഴിക്കുകയും തുടര്‍ന്ന് മൂത്രം ഒഴിക്കാന്‍ കഴിയാത്ത സ്ഥിതിയിലാകുകയും മരണത്തിന് കീഴടങ്ങുകയും ചെയ്ത അനുഭവമാണ് മറ്റുള്ളവര്‍ക്കും പറയാനുണ്ടായിരുന്നത്. വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അമിത അളവില്‍ അടങ്ങിയതായി പ്രാഥമിക രാസപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നാണ് ഡബ്ല്യു എച്ച് ഒ വ്യക്തമാക്കിയിട്ടുള്ളത്.

ആ മരുന്ന് ഇന്ത്യയില്‍ വിറ്റിട്ടില്ല -കേന്ദ്രം

ഗാംബിയയില്‍ കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ഡബ്‌ള്യു.എച്ച്.ഒ. കുറ്റപ്പെടുത്തിയ സിറപ്പുകള്‍ ഇന്ത്യയില്‍ വിറ്റിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

കയറ്റുമതി ആവശ്യത്തിനുമാത്രമായി ഉത്പാദിപ്പിച്ചവയാണ് ഗാംബിയയിലേക്ക് അയച്ചത്. സാധാരണനിലയ്ക്ക് ഇത്തരം ഔഷധങ്ങളുടെ ഗുണനിലവാരം ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളാണ് ഉപയോഗത്തിനുമുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. ഹരിയാണയിലെ കമ്പനി കയറ്റുമതിചെയ്ത സിറപ്പുകളുടെ സാംപിളുകള്‍ വിദഗ്ധപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മരണം ഇന്ത്യയിലും

സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. 2021 ഡിസംബറിലാണ് ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന മൊഹല്ലാ ക്ലിനിക്കില്‍ മൂന്ന് കുട്ടികള്‍ മരിച്ചത്.

മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡെക്സ്ട്രോമെത്തോര്‍ഫന്‍ എന്ന സിറപ്പ് കുട്ടികള്‍ക്ക് നല്‍കിയതാണ് മരണകാരണം. 16 കുട്ടികളെയാണ് സിറപ്പ് കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്ന് നിര്‍ദേശിച്ച മൂന്ന് ഡോക്ടര്‍മാരെ ഡല്‍ഹി സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഈ മരുന്ന് പിന്‍വലിക്കാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു.

Content Highlights: Gambia cough syrup scandal-Mothers demand justice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented