ഗബ്രിയേൽ ബോറിക്, മായ ഫെർണാഡസ് അലൻഡെ, കാമില്ല വല്ലേജോ | Photo: facebook.com/gabrielboric
സാന്റിയാഗോ: ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി മുപ്പത്താറുകാരനായ ഇടതുപക്ഷനേതാവ് ഗബ്രിയേല്‍ ബോറിക് അധികാരമേറ്റു. 1973ല്‍ സി.ഐ.എ അട്ടിമറിയിലൂടെ ഇടതുപക്ഷ പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡെയെ പുറത്താക്കി 49 വര്‍ഷത്തിനുശേഷമാണ് ചിലിയില്‍ വീണ്ടുമൊരു ഇടതുപക്ഷ പ്രസിഡന്റുണ്ടാവുന്നത്.
രാജ്യത്ത് രാഷ്ട്രീയവും സാമ്പത്തികവുമായ നവീകരണത്തിന് യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള തന്റെ സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസിലെ ബാല്‍ക്കണിയില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് ബോറിക് പറഞ്ഞു. പതിറ്റാണ്ടുകള്‍ക്കുമുമ്പ് പിനോഷേ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച സ്വതന്ത്രവിപണി മാതൃക, ദാരിദ്ര്യം എന്നിവ തന്റെ സര്‍ക്കാര്‍ മാറ്റുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. തന്റെ പാത ദൈര്‍ഘ്യമേറിയതും ദുര്‍ഘടം പിടിച്ചതുമാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ബോറിക് പറഞ്ഞു. വിദ്യാര്ഥിപ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ ബോറിക്, അസമത്വത്തില്‍നിന്നും അനീതിയില്‍നിന്നും ചിലിയെ കരകയറ്റുമെന്നും വാഗ്ദാനംചെയ്തു.
തുറമുഖ നഗരമായ വാല്പറൈസോയിലെ ലെജിസ്ലേറ്റീവ് ചേംബറില്‍ നടന്ന ചടങ്ങില്‍ സെനറ്റിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് അല്‍വാരോ എലിസാല്‍ഡെ, ബോറിക്കിന്റെ തോളില്‍ പ്രസിഡന്‍ഷ്യല്‍ സാഷ് അണിയിച്ചു. തന്റെ സ്ഥിരം താടി വെച്ച് ടൈ ധരിക്കാതെയാണ് ബോറിക് അധികാരമേല്ക്കാനെത്തിയത്.

ഫെമിനിസ്റ്റ് ക്യാബിനറ്റ് എന്നാണ് ബോറിക് തന്റെ മന്ത്രിസഭയെ വിശേഷിപ്പിച്ചത്. 24 അംഗ ബോറിക് മന്ത്രിസഭയില്‍ 14 പേര് വനിതകളാണ് എന്നതാണ് അതിന് കാരണം. മുന്‍ ഇടതുപക്ഷ പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡെയുടെ കൊച്ചുമകള്‍ മായ ഫെര്‍ണാഡസ് അലന്‍ഡെയാണ് പ്രതിരോധമന്ത്രി. ചിലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലെ യുവനേതാവായ കാമില്ല വല്ലേജോ മന്ത്രിയും സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവുമാകും. ക്ഷേമകാര്യ മന്ത്രി ജിയാനേറ്റ യാര, തൊഴില്‍ മന്ത്രി ആന്ദ്രേസ് സലാസര്‍ എന്നിവരും കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളും വനിതകളുമാണ്. നവംബര്‍ 21ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷനേതാവും പിനോഷെയുടെ ആരാധകനുമായ യോസെ അന്റോണിയോ കാസ്റ്റിനെ തോല്പിച്ചാണ് ബൊറിക്ക് വിജയിച്ചത്. ഫ്രണ്ടേ ആംപ്ലിയോ എന്ന പുരോഗമന സഖ്യത്തില്‍ ചിലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കും സജീവ പങ്കാളിത്തമുണ്ട്.

വിദ്യാര്‍ഥി സമരങ്ങളിലൂടെയാണ് ബോറിക് രാജ്യത്തിന്റെ നേതാവായി വളര്‍ന്നത്. 1973മുതല്‍ 1990വരെ ഭരിച്ച ജനറല്‍ അഗസ്റ്റോ പിനോഷെയുടെ 17 വര്‍ഷത്തെ സൈനിക സ്വേച്ഛാധിപത്യ ഭരണത്തിനുശേഷം രാജ്യത്ത് ജനാധിപത്യം തിരിച്ചെത്തിയപ്പോള്‍ ബോറിക്കിന് നാലുവയസ്സായിരുന്നു. പിനോഷെയുടെ കീഴില്‍ നിര്‍മിച്ച ഭരണഘടനയ്ക്കുപകരമായി ഒരു പുതിയ ഭരണഘടന നിയമനിര്‍മാണസഭ തയ്യാറാക്കുന്ന സമയത്താണ് ബോറിക്കിന്റെ നാലുവര്‍ഷത്തെ ഭരണകാലാവധി ആരംഭിക്കുന്നത്.
ബോറികിന്റെ തിരഞ്ഞെടുപ്പ് വിജയം രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയെ ആശങ്കയിലാഴ്ത്തുകയും ഓഹരി വിപണി ഇടിയുകയും ചെയ്തിരുന്നു. എന്നാല്‍ പൊതു സ്വീകാര്യനായ മുന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മരിയോ മാര്‍സലിനെ ധനമന്ത്രിയായി നിര്‍ദേശിച്ച് ബോറിക് ഈ ആശങ്കകള്‍ പരിഹരിച്ചു. ഘട്ടംഘട്ടമായി മാത്രമേ മാറ്റങ്ങള്‍ കൊണ്ടുരവരികയുള്ളുവെന്ന് ബോറിക് നേരത്തെ വ്യക്തമാക്കിയിരുന്നു. വെനസ്വേലയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം ചിലിയെ അസ്വസ്ഥമാക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ബോറിക് അധികാരത്തിലെത്തുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്നും റഷ്യ യുക്രൈന് സംഘര്‍ഷത്തെ തുടര്‍ന്നുമുള്ള മാറിയ ലോകസാഹചര്യത്തിലാണ് ചിലിയില്‍ ഒരു യുവ ഇടത് പ്രസിഡന്റ് അധികാരത്തിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്.
Content Highlights: Gabriel Boric becomes Chile’s youngest president
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..