ന്യൂഡല്‍ഹി: ഇന്ത്യയുടെ സംഗീത ഇതിഹാസം എ. ആര്‍. റഹ്മാന് 2016ലെ ഫുക്കുവോക്ക ഗ്രാന്‍ഡ് പുരസ്‌കാരം. ദക്ഷിണേഷ്യയുടെ സംഗീതപാരമ്പര്യം സംരക്ഷിച്ചതിനും സമ്പന്നമാക്കിയതിനുമാണ് റഹ്മാനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് പുരസ്‌കാരസമിതിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഏഷ്യന്‍ സാംസ്‌കാരികരംഗത്ത് സവിശേഷ പ്രകടനം കാഴ്ചവെച്ച പ്രതിഭകളെയും സംഘടനകളെയും അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരവും യകാടോപിയ ഫൗണ്ടേഷനും ചേര്‍ന്നാണ് ലോകപ്രശസ്തമായ 'ഫുക്കുവോക്ക എഷ്യന്‍ കള്‍ച്ചര്‍ പ്രൈസ്' നല്‍കുന്നത്. ഗ്രാന്‍ഡ് പ്രൈസ്, അക്കാദമിക്, കല-സംസ്‌കാരം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍.

റഹ്മാനെ കൂടാതെ ഫിലിപ്പീന്‍ ചരിത്രകാരനായ അംപത് ആര്‍. ഒകാംപോ (അക്കാദമിക് പുരസ്‌കാരം), പാകിസ്ഥാന്‍ ആര്‍കിടെക്ട് യമീന്‍ ലാറി (കല-സംസ്‌കാരം) എന്നിവരാണ് ഇത്തവണത്തെ മറ്റു പുരസ്‌കാര ജേതാക്കള്‍. ആദ്യ ഗ്രാന്‍ഡ് പുരസ്‌കാരം(1990) ലഭിച്ചത് പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ രവിശങ്കറിനാണ്. 2012-ല്‍ വന്ദന ശിവയ്ക്കും ഗ്രാന്‍ഡ് പുരസ്‌കാരം ലഭിച്ചു. നര്‍ത്തകി പത്മസുബ്രഹ്മണ്യം, റൊമില ഥാപ്പര്‍, അംജത് അലി ഖാന്‍, ആശിഷ് നന്ദി എന്നിവരെ കൂടാതെ കഴിഞ്ഞ വര്‍ഷം രാമചന്ദ്രഗുഹയ്ക്കും അക്കാദമിക്/ആര്‍ട്‌സ് പുരസ്‌കാരം ലഭിച്ചു.