കസാഖ്സ്താനിൽ പ്രക്ഷോഭകാരികൾ വാഹനങ്ങൾക്ക് തീയിട്ടപ്പോൾ | ചിത്രം: AP
നൂര്‍ സുല്‍ത്താന്‍: മിക്ക കസാഖ്സ്താന്കാരും ഇന്ധനമായി ഉപയോഗിക്കുന്ന എല്‍പിജിയുടെ കുത്തനെയുള്ള വില വര്‍ദ്ധനയ്ക്കെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത് സര്‍ക്കാരിന്റെ രാജിക്ക് വരെ കാരണമായിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ രാജിവെച്ചിട്ടും കസാഖ്സ്താനിലുടനീളമുള്ള പല നഗരങ്ങളും അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്.

പുതുവത്സരത്തില്‍ എല്‍.പി.ജി.യുടെ വില ഏകദേശം ഇരട്ടിയായി വര്‍ധിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണം. ഭൂരിഭാഗവും ആളുകളും എല്‍.പി.ജി.കാര്‍ ഉപയോഗിക്കുന്ന പടിഞ്ഞാറന്‍ മേഖലയിലാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭകര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് തീയിടുകയും വ്യാപക അതിക്രമങ്ങള്‍ നടത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തും പ്രധാനനഗരങ്ങളിലും പ്രവിശ്യകളിലും ബുധനാഴ്ച പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കമാണ് അസ്കര്‍ മാമിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രസിഡന്റ് ഖാസിം ജൊമാര്‍ട്ട് തൊകയേവിന് രാജിസമര്‍പ്പിച്ചത്. രാജി സ്വീകരിച്ച പ്രസിഡന്റ് അലിഖന്‍ സ്മെയ്ലോവിനെ താത്കാലിക പ്രധാനമന്ത്രിയായി നിയോഗിച്ചു. ഇന്ധനവില കുറയ്ക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ്ടാകുമെന്നും പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ രാജിവെച്ചിട്ടും പ്രക്ഷോഭങ്ങള്‍ക്ക് അയവായിട്ടില്ല. ബുധനാഴ്ച പ്രക്ഷോഭകര്‍ കസാഖ്സ്താനിലെ പ്രധാനനഗരമായ അല്‍മാറ്റിയിലെ മേയറുടെ ഓഫീസിന് തീയിട്ടു. അടിയന്തരാവസ്ഥ മറികടന്ന് ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. മൊബൈല്‍ ഇന്റര്‍നെറ്റും മെസേജിങ് ആപ്പുകളും സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്നു.
'പാവങ്ങളുടെ വാഹന ഇന്ധനങ്ങള്‍'
വിലക്കുറവ് കാരണം 'പാവങ്ങളുടെ വാഹന ഇന്ധനങ്ങള്‍' എന്ന് വിളിക്കപ്പെടുന്ന ബ്യൂട്ടെയ്ന്‍, പ്രൊപ്പെയ്ന്‍ എന്നിവയുടെ വില പരിധി നീക്കം ചെയ്യുന്ന ഇന്ധന വിപണി പരിഷ്കരണം സര്‍ക്കാര്‍ ആദ്യമായി നടപ്പിലാക്കിയത് 2015ലാണ്. എങ്കിലും പ്രാദേശിക വിപണിയില്‍ ഇത് വേണ്ടുവോളം ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിരുന്നു.

മുന്‍കാല സബ്സിഡികള്‍ കാരണം എണ്ണ ഉല്‍പ്പാദക രാജ്യമായ കസാഖ്സ്താനില്‍ പതിവായി ബ്യൂട്ടെയ്ന്‍, പ്രൊപ്പെയ്ന്‍ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുന്ന ഒരു സാഹചര്യം സൃഷ്ടിച്ചിരുന്നു.
ഇതോടെ ഈ വര്‍ഷം ജനുവരി ഒന്നിന് (ശനിയാഴ്ച) വില പൂര്‍ണമായി ഉദാരവല്‍ക്കരിച്ചതോടെ ആഭ്യന്തര വിപണിയിലേക്കുള്ള വരവ് ഉയരുമെന്നും ദീര്‍ഘകാലമായുള്ള ക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഒറ്റരാത്രികൊണ്ട് ഇന്ധനവില ഏകദേശം ഇരട്ടിയായി വര്‍ധിച്ച് ലിറ്ററിന് 120 കസാഖ്സ്താന് ടെങ്കെയായി (ഏകദേശം 20 ഇന്ത്യന്‍ രൂപ).
വിഭവസമൃദ്ധിയും ദാരിദ്ര്യവും
എണ്ണ സമ്പന്നമായ പ്രദേശമായ പടിഞ്ഞാറന്‍ കസാഖ്സ്താനിലാണ് ജനരോഷം ആദ്യം ആരംഭിച്ചത്. ചൊവ്വാഴ്ചയോടെ രാജ്യം മുഴുവന്‍ ഇത് പടര്‍ന്നു. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം ഇതിനോടകം തന്നെ അസ്വസ്ഥരായിരുന്ന ജനങ്ങളുടെ രോഷം ഇന്ധനവില വര്‍ധനയോടെ ഇരട്ടിയായി.
19 ദശലക്ഷം ജനസംഖ്യയുള്ള വിഭവസമൃദ്ധമായ കസാഖ്സ്താനില്‍ ഒരു ദശലക്ഷത്തിലധികം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
തെരുവുകളിലെ കലാപം
ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന കലാപത്തില്‍ എട്ട് പോലീസുകാരും നാഷണല്‍ ഗാര്‍ഡ് സേനാംഗങ്ങളും കൊല്ലപ്പെട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംഭവങ്ങളില്‍ 95 പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 200-ഓളം പേരെ പോലീസ് പിടികൂടിയിട്ടുമുണ്ട്. തലസ്ഥാനമായ നൂര്‍ സുല്‍ത്താനില്‍ രണ്ടാഴ്ചത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
കസാഖ്സ്താനിലെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയിലെ വിമാനത്താവളത്തിന്റെ നിയന്ത്രണം പ്രതിഷേധക്കാര്‍ ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.
പിന്നില്‍ ഭീകരരെന്ന് പ്രസിഡന്റ്
വിദേശ പരിശീലനം ലഭിച്ച 'ഭീകര' സംഘങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും ആയുധങ്ങളും പിടിച്ചെടുക്കുകയാണെന്നും അല്‍മാട്ടി വിമാനത്താവളത്തില്‍ നിന്നും ഒരു വിദേശ വിമാനമുള്‍പ്പടെ അഞ്ച് വിമാനങ്ങള്‍ പിടിച്ചെടുത്തതായും പ്രസിഡന്റ് ടോകയേവ് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഇവരെ പ്രതിരോധിക്കാന്‍ സൈനിക യൂണിറ്റുകളെ അയക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് കസാഖ്സ്താന് അധികാരികള്‍.
ഇതുകൂടാതെ കസാഖ്സ്താനില്‍ സമാധാനം പു:നസ്ഥാപിക്കാന്‍ റഷ്യയുടെ നേതൃത്വത്തിലുള്ള മുന്‍ സോവിയറ്റ് രാജ്യങ്ങളുടെ സുരക്ഷാ സഖ്യം കസാക്കിസ്ഥാനിലേക്ക് സമാധാന സേനയെ അയക്കുമെന്ന് അര്‍മേനിയന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച പറഞ്ഞു.
Content Highlights: fuel prices hike in kasakhstan leads to resignation of government and huge protests
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..