ഗബ്രിയേൽ ബോറിക് | ചിത്രം: AFP
മുപ്പത്തിയഞ്ചുകാരനായ ഗബ്രിയേല്‍ ബോറിക് ഫോണ്ട് ചിലിയുടെ പ്രസിഡന്റാകുമ്പോള്‍ പുലരുന്നത് ചരിത്രമാണ്. നാല്പത്തിയെട്ടു കൊല്ലങ്ങൾക്കുശേഷം ചിലിയിൽ ഇടതുപക്ഷം അധികാരത്തിലേക്ക് എത്തുന്നു. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ഗബ്രിയേൽ ബോറിക്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെ പരാജയപ്പെടുത്തിയാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ മുന്നിലുണ്ടായിരുന്ന ബോറിക് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പുതുമ ആവശ്യപ്പെടുന്ന ചിലിയൻ ജനതയ്ക്ക് ഗബ്രിയേൽ ബോറിക് എന്ന യുവ ഇടതുപക്ഷ നേതാവ് പുത്തൻ പ്രതീക്ഷയാണ്.

ആകെ പോൾ ചെയ്തതിൽ 56 ശതമാനം വോട്ടും ഗബ്രിയേൽ ബോറിക് നേടി. ഇടതുപക്ഷത്തുള്ള സോഷ്യൽ കൺവേർജെൻസ് പാർട്ടി അധികാരത്തിലെത്തുന്നതും ചിലിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ്. കഴിഞ്ഞകുറച്ചു വർഷങ്ങളായി അഴിമതിക്കും അസമത്വത്തിനുമെതിരേ രാജ്യത്ത് നടന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വംനൽകിയ വിദ്യാർഥിനേതാവായിരുന്നു ബോറിക്.
വരാൻ പോകുന്ന നാളുകളിൽ രാജ്യത്ത് വലിയ മാറ്റങ്ങൾകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയാകാം ഒരു പക്ഷെ ബോറിക്കിനെ ചിലിയുടെ പ്രസിഡന്റ് കസേരയിലെത്തിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ആദ്യ റൗണ്ടിൽ ഹൊസെ അന്റോണിയോ കാസ്റ്റിന് പിന്നിലായിരുന്നു ബോറിക്. എന്നാൽ തലസ്ഥാനമായ സാന്റിയാഗോയിൽ പ്രതീക്ഷിച്ചിരുന്നതിനുമപ്പുറം വോട്ടുകൾ ലഭിക്കുകയും ഗ്രാമീണ മേഖലയിലെ വോട്ടർമാരെ തന്റെ നിലപാടുകൾ കൊണ്ട് ആകർഷിക്കാനും കഴിഞ്ഞതോടെ ചരിത്രപരമായ ഒരു ഉജ്ജ്വല വിജയത്തിലേക്ക് ഗബ്രിയേൽ ബോറിക് എത്തുകയായിരുന്നു.
താൻ പ്രസിഡന്റായാൽ ചിലിയിലെ അസമത്വത്തിനെതിരെ പോരാടാനും സാമൂഹിക പരിപാടികൾക്ക് പണം നൽകാനും പരിസ്ഥിതി പ്രവർത്തനങ്ങൾക്കും രാജ്യത്തെ അതിസമ്പന്നരിൽ നിന്നും അധിക നികുതി ഈടാക്കുമെന്നും ബോറിക് പ്രഖ്യാപിച്ചിരുന്നു. സ്വവർഗ വിവാഹത്തേയും ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തേയും അതിശക്തമായി പിന്തുണച്ചതിലൂടെ ബോറിക്കിന് പുരോഗമനവാദികളുടെയും യുവജനതയുടെയും പിന്തുണ നേടിയെടുക്കാൻ സാധിച്ചു.

സ്ത്രീകളുടെ പിന്തുണയും ബോറിക്കിനുണ്ടായിരുന്നു. പെൻഷൻ സമ്പ്രദായത്തിൽ വിപുലമായ മാറ്റം കൊണ്ടുവരിക, സാർവത്രിക ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള സാമൂഹിക സേവനങ്ങൾ വിപുലീകരിക്കുക, വൻകിട കമ്പനികൾക്കും സമ്പന്നരായ വ്യക്തികൾക്കും നികുതി വർധിപ്പിക്കുക, ഹരിത സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ അദ്ദേഹം തന്റെ തീവ്ര ഇടതുപക്ഷ കാഴ്ചപ്പാടുകളിൽ ചിലത് മയപ്പെടുത്തിയതും ജയത്തിൽ നിർണായകമായി.
സ്ഥാനാർത്ഥികളായ ഹൊസെ അന്റോണിയോ കാസ്റ്റിനെയും ഗബ്രിയേൽ ബോറിക്കിനെപ്പറ്റിയും രാജ്യത്തെ ജനങ്ങൾ ആശങ്കാകുലരാണെന്നാണ് ചിലിയിലെ രാഷ്ട്രീയ വിദഗ്ധർ അഭിപ്രായപ്പെട്ടത്. കാസ്റ്റ് തീവ്രമായ നയങ്ങൾ രാജ്യത്ത് കൊണ്ടുവരുമെന്നുള്ള ഭീതി ജനങ്ങൾക്കിടയിലുണ്ടായിരുന്നു. എന്നാൽ ഇടതുപക്ഷക്കാരനായിരുന്നെങ്കിലും ബോറിക് അനുഭവപരിചയമില്ലാത്ത നേതാവാണെന്ന ആശങ്കയും രാജ്യത്ത് നിലനിന്നിരുന്നു. എന്നാൽ തീവ്രനയങ്ങൾക്കെതിരാണ് തങ്ങളെന്നും മാറ്റമാണ് രാജ്യത്തിനാവശ്യമെന്നും വിധിയെഴുതിയിരിക്കുകയാണ് ചിലിയിലെ ജനങ്ങൾ.

സാൽവഡോർ അലെൻഡെയാണ് ചിലിയിലെ ഒടുവിലത്തെ കമ്യൂണിസ്റ്റ് പ്രസിഡന്റ്. 1973-ൽ അദ്ദേഹത്തെ വധിച്ചശേഷം അമേരിക്കൻ പിന്തുണയോടെ സെെനികത്തലവനായിരുന്ന അഗസ്റ്റോ പിനോഷെ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. ചിലിയിൽ പിന്നീട് 1990 വരെ പിനോഷെയുടെ ഏകാധിപത്യ ഭരണമായിരുന്നു. തുടർന്ന് വലതുപക്ഷമാണ് രാജ്യംഭരിച്ചത്. 2018 മുതൽ ലിബറൽ കൺസർവേറ്റീവ് പാർട്ടിയായ ‘നാഷണൽ റിന്യൂവൽ പാർട്ടി’ അംഗം സെബാസ്റ്റ്യൻ പിനേരയാണ് പ്രസിഡന്റ്.
ആരാണ് ഗബ്രിയേല്‍ ബോറിക്?
1986 ഫെബ്രുവരി 11ന് ചിലിയുടെ തെക്കേ അറ്റത്തുള്ള പൂണ്ട അരീനസിലാണ് ഗബ്രിയേൽ ബോറിക്കിന്റെ ജനനം. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ സജീവമായി. 2011ല്‍ ചിലി യൂണിവേഴ്സിറ്റിയില്‍ നിയമ വിദ്യാർഥിയായിരിക്കെ വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നേതൃരാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് മെച്ചപ്പെട്ടതും ചെലവ് കുറഞ്ഞതുമായ വിദ്യാഭ്യാസം ആവശ്യപ്പെട്ട് ബഹുജന പ്രകടനങ്ങൾക്ക് നേതൃത്വം നൽകിയപ്പോഴാണ് ശ്രദ്ധേയനാകുന്നത്.

ചിലി യൂണിവേഴ്സിറ്റിയിൽ നിയമ വിദ്യാർത്ഥിയായിരുന്നെങ്കിലും ബോറിക് തന്റെ പഠനം പൂർത്തിയാക്കിയില്ല. പകരം പൂർണമായും രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 2013-ൽ ഇരുപത്തിയേഴാം വയസിൽ ബോറിക് മഗല്ലൻസ് പ്രദേശത്തെ പ്രതിനിധീകരിച്ച് സ്വതന്ത്രനായി കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, പിന്നീട് വമ്പൻ ജയത്തോടെ രണ്ടാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്ത് കൂടുതൽ ശ്രദ്ധനേടി. ചിലിയുടെ രണ്ട് പ്രധാന സഖ്യങ്ങള്‍ക്ക് പുറത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ കോണ്‍ഗ്രസ് അംഗങ്ങളിൽ ഒരാളായി ബോറിക് മാറി.
വിദ്യാർഥി പ്രക്ഷോഭ മാർച്ചുകളുടെ മുൻനിരയിൽ കണ്ടിരുന്ന ആ പഴയ ബോറിക്കിൽ നിന്ന് വ്യത്യസ്തനായി ഇന്ന് അദ്ദേഹം വിനയാന്വിതനും പക്വതയുള്ള ഒരു നേതാവാണ്. താടിയുള്ള, പച്ചകുത്തി, കാഷ്വൽ വസ്ത്രത്തിൽ ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഗബ്രിയേൽ ബോറിക് ജനങ്ങൾ കണ്ട് പഴകിയ നേതാക്കളിൽ നിന്ന് നിന്ന് വ്യത്യസ്തനായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനെത്തിയതോടെ തന്റെ ആക്ടിവിസ്റ്റ് കാലത്തെ നീണ്ട മുടി അദ്ദേഹം ഉപേക്ഷിച്ചു. ടാറ്റൂ മറക്കുന്ന നീളൻ സ്ലീവുള്ള ജാക്കറ്റുകളും ട്രിം ചെയ്ത താടിയുമായാണ് പ്രചാരണത്തിന്റെ ഘട്ടങ്ങളിൽ ബോറിക് പ്രത്യക്ഷപ്പെട്ടിരുന്നത്.

താൻ കവിതയും ചരിത്രവും ആഴത്തിൽ വായിക്കുന്നയാളാണെന്നും ഒരു മിതവാദ സോഷ്യലിസ്റ്റ് ആണെന്നുമാണ് ബോറിക് സ്വയം വിശേഷിപ്പിക്കുന്നത്. ചിലിയുടെ രാഷ്ട്രീയ നേതാക്കളിൽ പലരുടെയും പെട്ടെന്നുള്ള നയം മാറ്റങ്ങൾക്കുപിന്നിലെ പ്രേരകശക്തിയായിരുന്നു ബോറിക്. ചിലിയൻ ഏകാധിപതി അഗസ്റ്റോ പിനോഷെയുടെ നയങ്ങളെയും പിന്മുറക്കാരെയും എന്നെന്നേക്കുമായി ചിലിയൻ രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്തണമെന്ന ദൃഢനിശ്ചയമുള്ള വിദ്യാർത്ഥി നേതാക്കളുടെ തലമുറയിൽപെട്ടയാളാണ് ഗബ്രിയേൽ ബോറിക്. "നിയോലിബറലിസത്തിന്റെ കളിത്തൊട്ടിലായിരുന്നു ചിലിയെങ്കിൽ, അതിന്റെ ശവകുടീരവും ചിലിയിൽ തന്നെയാകട്ടെ" എന്നാണ് തന്റെ പ്രഥമ വിജയത്തിന്റെ രാത്രിയിൽ അദ്ദേഹം പറഞ്ഞത്.
1973 മുതൽ 1990 വരെ ചിലിയിൽ അധികാരത്തിലിരുന്ന സ്വേച്ഛാധിപതി അഗസ്റ്റോ പിനോഷെയുടെ കാലത്ത് നടപ്പിലാക്കിയ ചില സാമ്പത്തിക നയങ്ങളിൽ നിന്ന് രാജ്യത്തെ ജനങ്ങളെ മുക്തരാക്കുമെന്ന് അദ്ദേഹം പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്തിരുന്നു. അതേസമയം പ്രചാരണ വേളയിൽ പിനോഷെ കാലത്തെ ചില നയങ്ങളെ എതിർ സ്ഥാനാർഥി കാസ്റ്റ് പ്രശംസിക്കുകയും ചെയ്തിരുന്നു.
അമ്പത്തഞ്ചുകാരനായ കാസ്റ്റ് 2017-ൽ ലഭിച്ചത് കേവലം 8 ശതമാനത്തിൽ താഴെ വോട്ടാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുസ്മരിക്കുന്ന വിധത്തിൽ നയപരമായ ചില വാദങ്ങൾകൊണ്ട് കഴിഞ്ഞ നാല് വർഷങ്ങളിൽ അദ്ദേഹം ജനപ്രീതി നേടി. ഹെയ്തി, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുമെന്ന് കാസ്റ്റ് പറഞ്ഞിരുന്നു. കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണം കുടിയേറ്റക്കാരാണെന്ന ഭയം നിലനിൽക്കുന്നവരിലിടയിലേക്ക് കൂടുതൽ ഭീതി പടർത്താനാണ് കാസ്റ്റ് ശ്രമിച്ചത്.

കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള ചിലിയിലെ ഇടതുപക്ഷ പാർട്ടികൾ ബോറിക്കിനെ അകമഴിഞ്ഞ് പിന്തുണച്ചു. ഏതൊരു മാറ്റവും സാവധാനത്തിലും ഉത്തരവാദിത്തത്തോടെയുമാണ് ഉണ്ടാകാറുള്ളതെന്നും പ്രതീക്ഷ കെെവിടരുതെന്നും തന്നെ പിന്തുണക്കുന്നവരോട് ഗബ്രിയേൽ ബോറിക് പറഞ്ഞിരുന്നു.
ജയിച്ചാലും കോൺഗ്രസിൽ ഭിന്നിപ്പുള്ളതിനാൽ ചിലിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ ബോറിക്കിന് കഴിഞ്ഞേക്കില്ല. കൂടാതെ, ചിലിയുടെ ഭരണഘടന പിനോഷെയുടെ കാലത്തിനു ശേഷം ആദ്യമായി പൊളിച്ചെഴുതാനുള്ള പ്രക്രിയയിലാണ്. അതിനാൽ സമീപഭാവിയിൽ തന്നെ ഒരു പുതിയ തിരഞ്ഞെടുപ്പ് ഉണ്ടായേക്കാം. ഇതാണ് ഗബ്രിയേൽ ബോറിക് നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. എന്നാൽ പിനോഷെയുടെ സ്വേച്ഛാധിപത്യത്തിന്റെ കെട്ടുപാടുകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയെന്നതായിരിക്കും ബോറിക്കിന്റെ ആത്യന്തികമായ ലക്ഷ്യത്തെയും നിലനിൽപ്പിനെയും നിർവചിക്കുന്നത്.
Content Highlights: from student protest leader to the president of chile gabriel boric
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..