കെന്നഡി വധം മുതല്‍ ബ്രക്‌സിറ്റ് വരെ; 70 വര്‍ഷത്തിനിടെ രാജ്ഞി സാക്ഷിയായത് ചരിത്ര സംഭവങ്ങള്‍ക്ക് 


ജോര്‍ജ് ആറാമന്‍ രാജാവിന്റെ മരണത്തോടെയാണ് അവര്‍ രാജ്ഞി പദത്തിലെത്തുന്നത്. മരണ സമയത്ത് അവര്‍ കെനിയ സന്ദര്‍ശനത്തിലായിരുന്നു. 1952 ഫെബ്രുവരി ആറിന് അവര്‍ രാജ്ഞി ആയെങ്കിലും ഒരു വര്‍ഷം കഴിഞ്ഞാണ് കിരീടധാരണ ചടങ്ങ് നടക്കുന്നത്.

എലിസബത്ത് രാജ്ഞി | Photo - AFP

96-ാം വയസില്‍ അന്തരിച്ച എലിസബത്ത് രാജ്ഞി സിംഹാസനത്തിലിരുന്നത് നീണ്ട 70 വര്‍ഷക്കാലം. ബ്രിട്ടന്റെ രാജസിഹാസനത്തില്‍ ഏറ്റവും കൂടുതല്‍ കാലമിരുന്ന വ്യക്തിയും ലോകത്തുതന്നെ രാജവാഴ്ചയില്‍ ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയും അവരാണ്. നീണ്ട 70 വര്‍ഷത്തിനിടെ അവര്‍ക്ക് സാക്ഷിയാകേണ്ടിവന്നത് നിരവധി ചരിത്ര സംഭവങ്ങള്‍ക്കാണ്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ വധം, ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തുകയും വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്ത ഡയാന രാജകുമാരിയുടെ മരണം, യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതായി ബ്രിട്ടന്‍ മാറിയ ബ്രക്‌സിറ്റ്, ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരി എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ജോര്‍ജ് ആറാമന്‍ രാജാവിന്റെ മരണത്തോടെയാണ് അവര്‍ രാജ്ഞി പദത്തിലെത്തുന്നത്. മരണ സമയത്ത് അവര്‍ കെനിയ സന്ദര്‍ശനത്തിലായിരുന്നു. 1952 ഫെബ്രുവരി ആറിന് അവര്‍ രാജ്ഞി ആയെങ്കിലും ഒരു വര്‍ഷം കഴിഞ്ഞാണ് കിരീടധാരണ ചടങ്ങ് നടക്കുന്നത്.

കെന്നഡി വധം

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയേയും പ്രഥമ വനിത ജാക്വലിനെയും 1961 ല്‍ രാജ്ഞി അത്താഴ വിരുന്നിന് ക്ഷണിച്ചിരുന്നു. 1963 ല്‍ കെന്നഡി വധിക്കപ്പെട്ടപ്പോള്‍ ജാക്വലിനെ അവര്‍ അനുശോചനം അറിയിച്ചിരുന്നു. 1965 ല്‍ കെന്നഡി സ്മാരകം ഉദ്ഘാടനം ചെയ്യാന്‍ ജാക്വലിനെ അവര്‍ ബ്രിട്ടനിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

അബര്‍ഫാന്‍ ദുരന്തം

ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഖനി അപകടം നടക്കുന്നത് 1966 ഒക്ടോബര്‍ 21-ന് സൗത്ത് വെയില്‍സിലെ അബര്‍ഫാന്‍ ഗ്രാമത്തിലാണ്. കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെത്തുടര്‍ന്നായിരുന്നു ഖനി അപകടം. 116 കുട്ടികളും 28 മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്. ദുരന്തം ഉണ്ടായതിന് തൊട്ടുപിന്നാല സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ രാജ്ഞി വിസമ്മതിച്ചു. തന്റെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. ദുരന്തം നടന്ന് എട്ട് ദിവസത്തിനുശേഷം ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയ അവര്‍ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.

മനുഷ്യന്‍ ചന്ദ്രനില്‍

1969 ജൂലായ് 20-ന് അപ്പോളോ 11 ബഹിരാകാശ വാഹനം ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ബസ് ആള്‍ഡ്രിനെയും അഭിനന്ദിച്ചുകൊണ്ട് രാജ്ഞി സന്ദേശം അയച്ചിരുന്നു. മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാന്‍ കാട്ടിയ മിടുക്കിനെയും ധൈര്യത്തെയും ബ്രിട്ടീഷ് ജനതയ്ക്കുവേണ്ടി അഭിനന്ദിക്കുവെന്ന് അവര്‍ സന്ദേശത്തില്‍ കുറിച്ചു. മനുഷ്യന്റെ അറിവും ക്ഷേമവും ഈ ദൗത്യം വര്‍ധിപ്പിക്കട്ടെയെന്നും അവര്‍ ആശംസിച്ചിരുന്നു.

രജത ജൂബിലി: 1977-ലാണ് രാജ്ഞി പദവിയുടെ രജത ജൂബിലി അവര്‍ ആഘോഷിക്കുന്നത്. ബ്രിട്ടനിലെങ്ങും വിരുന്നു സത്കാരങ്ങളും റാലികളും ആഘോഷ ചടങ്ങുകളും നടന്നിരുന്നു.

മാര്‍ഗ്രറ്റ് താച്ചര്‍ പ്രധാനമന്ത്രിയാകുന്നു: 1979-ല്‍ ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മാര്‍ഗ്രറ്റ് താച്ചര്‍ അധികാരമേറ്റ ചരിത്ര നിമിഷത്തിന് എലിസബത്ത് രാജ്ഞി സാക്ഷിയായി. താച്ചര്‍ രാജിവെക്കുന്നതുവരെ നീണ്ട 11 വര്‍ഷക്കാലം രാജ്ഞി അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

ചാള്‍സ് - ഡയാന വിവാഹം: ചാള്‍സ് രാജകുമാരനും ഡയാനയും തമ്മിലുള്ള വിവാഹം 1981 ജൂലായ് 29-ന് സെന്റ് പോള്‍സ് കത്തീഡ്രലിലാണ് നടന്നത്. എലിസബത്ത് രാജ്ഞിയടക്കം 750-ഓളം പേര്‍ ചടങ്ങിന് സാക്ഷികളായി.

ചെര്‍ണോബില്‍ ദുരന്തം: ലോക ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്നത് 1986 ല്‍ യുക്രൈനിലാണ്. യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു അന്ന് യുക്രൈന്‍. ചെര്‍ണോബില്‍ ആണവ നിലയത്തിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്.

ബെര്‍ലിന്‍ മതിലിന്റെ പതനം: കിഴക്ക്, പടിഞ്ഞാറന്‍ ജര്‍മനികളെ വേര്‍തിരിച്ചിരുന്ന ബെര്‍ലിന്‍ മതില്‍ 1989 നവംബര്‍ 9-നാണ് പ്രതിഷേധക്കാര്‍ തകര്‍ക്കുന്നത്.

ഡയാനയുടെ മരണം

1997 ഓഗസ്റ്റ് 31-നാണ് ഡയാന രാജകുമാരി പാരീസില്‍വച്ച് അപകടത്തില്‍ മരിക്കുന്നത്. പാപ്പരാസികള്‍ പിന്‍തുര്‍ന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സ്‌കോട്‌ലന്‍ഡില്‍ അവധിക്കാലം ആസ്വദിക്കുകയായിരുന്ന പേരക്കുട്ടികളായ വില്യമില്‍നിന്നും ഹാരിയില്‍നിന്നും വാര്‍ത്ത മറച്ചുവെക്കാന്‍ രാജ്ഞി ആദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നു. മരണം നടന്ന് അഞ്ച് ദിവസത്തിനുശേഷം ലണ്ടനിലെത്തിയ രാജ്ഞി ശവസംസ്‌കാര ചടങ്ങിനുമുമ്പ് അനുശോചന പ്രസംഗം നടത്തിയിരുന്നു.

സെപ്റ്റംബര്‍ 11 ആക്രമണം

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനുനേരെ ഭീകരാക്രമണം നടക്കുന്നത് 2001 സെപ്റ്റംബര്‍ 11-നാണ്. ബ്രിട്ടനില്‍ കഴിയുന്ന അമേരിക്കക്കാരില്‍ ഭീകരാക്രമണം ഏതെങ്കിലും തരത്തില്‍ ബാധിച്ചവരെ ആശ്വസിപ്പിച്ചുകൊണ്ട് അവര്‍ പ്രത്യേക സന്ദേശം അയച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്തുള്ള മിലിട്ടറി ബാന്‍ഡിനോട് അമേരിക്കന്‍ ദേശീയഗാനം ആലപിക്കാന്‍ രാജ്ഞി നിര്‍ദ്ദേശം നല്‍കി. പിന്നീട് ആക്രമണത്തില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തവര്‍ക്കുവേണ്ടി സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങിലും രാജ്ഞി പങ്കെടുത്തിരുന്നു.

സുവര്‍ണ ജൂബിലി: 2002-ലാണ് എലിസബത്ത് രാജ്ഞി സിംഹാസനത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നത്. എന്നാല്‍ ഇതേ വര്‍ഷം ഫെബ്രുവരിയില്‍ രാജ്ഞിയുടെ സഹോദരി മാര്‍ഗ്രറ്റ് അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതയായി കഴിയുകയായിരുന്നു അവര്‍. ഒരു മാസം കഴിഞ്ഞ് അവരുടെ അമ്മയും മരിച്ചു.

ലണ്ടന്‍ ഒളിമ്പിക്‌സ്: 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിനോട് അനുബന്ധിച്ചാണ് രാജ്ഞി സിംഹാസനത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷിച്ചത്. ഉദ്ഘാടന ചടങ്ങില്‍ രാജ്ഞിയുടെ വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു.

ബ്രക്‌സിറ്റ്: യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനഹിത പരിശോധനയില്‍ 52 ശതമാനം ബ്രിട്ടീഷുകാരും വോട്ട് ചെയ്തതിനും പിന്നീട് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതായി മാറുന്നതിനും രാജ്ഞി സാക്ഷിയായി. 2016-ലായിരുന്നു ഇത്.

കോവിഡ് മഹാമാരി: കോവിഡ് മഹാമാരിക്കും ലോക്ഡൗണിനുമിടെ അവര്‍ റേഡിയോയുലൂടെ ബ്രിട്ടീഷുകാരെ അഭിസംബോധന ചെയ്തിരുന്നു. 70 വര്‍ഷക്കാലം സിംഹാസനത്തില്‍ ഇരുന്ന അവരുടെ ഇത്തരത്തിലുള്ള അഞ്ചാമത്തെ സന്ദേശമായിരുന്നു അത്. ഗള്‍ഫ് യുദ്ധം, ഡയാന രാജകുമാരിയുടെ മരണം തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് അവര്‍ മുന്‍പ് ജനങ്ങളെ അഭിസോബോധന ചെയ്തിരുന്നത്.

ഫിലിപ്പ് രാജകുമാരന്റെ മരണം: 2021 ലാണ് എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയും അവര്‍ സെന്റ് ജോര്‍ജ്‌സ് ചാപ്പലില്‍ നടന്ന ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

Content Highlights: From Kennedy assassination to Brexit; historic events in Queen Elizabeth reign

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented