ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി അടുത്ത വെള്ളിയാഴ്ചയിലെ ബാങ്ക് വിളിയും പ്രാര്‍ഥനകളും ടി.വിയിലൂടെയും റേഡിയോയിലൂടെയും സംപ്രേഷണം ചെയ്യുമെന്ന് ന്യൂസിലീന്‍ഡ് പ്രധാനമന്ത്രി ജസിന്ഡ ആര്‍ഡേന്‍. കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി രാജ്യമൊന്നാകെ രണ്ട് മിനുട്ട് മൗന പ്രാര്‍ഥന നടത്തുമെന്നും ജസിന്ഡ വ്യക്തമാക്കി. 

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കാനിരിക്കെ ജസിന്ഡ ഇന്ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ എത്തിയിരുന്നു. ഭീകരക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ട അല്‍ നൂര്‍ പള്ളി വെള്ളിയാഴ്ചത്തെ പ്രാര്‍ഥനകള്‍ക്കായി നവീകരിക്കുകയാണ്. മുസ്ലീം സമുദായത്തെ ചേര്‍ത്തു നിര്‍ത്താനുള്ള ദിവസമായി വരുന്ന വെള്ളിയാഴ്ച ആചരിക്കണമെന്ന് രാജ്യത്തെ പൗരന്മാരോട്  ആര്‍ഡേന്‍ ആഹ്വാനം ചെയ്തു. 

നേരത്തെ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ഹിജാബ് ധരിച്ച് സന്ദര്‍ശിച്ചും ജസിന്ഡ ലോകത്തിന്റെ കയ്യടി നേടിയിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ന്യൂസീലന്‍ഡ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അക്രമിയുടെ പേര് ഒരിക്കലും പറയില്ലെന്ന് ജസീന്ത ആണയിട്ടിരുന്നു. 'അയാളൊരു ഭീകരവാദിയാണ്. കുറ്റവാളിയാണ്. വംശീയ തീവ്രവാദിയാണ്, പക്ഷെ അയാളെ ഞാന്‍ പേരില്ലാതെ സംബോധന ചെയ്യുമെന്നും ജസിന്ഡ വ്യക്തമാക്കിയിരുന്നു. അസ്സലാമു അലൈക്കും' എന്ന അഭിസംബോധനയോടെയാണ് ജസീന്ഡ പാര്‍ലമെന്റില്‍ സംസാരിച്ച് തുടങ്ങിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂസീലന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ ഭീകരാക്രമണം നടന്നത്. പള്ളികളില്‍ പ്രാര്‍ഥനയ്ക്കെത്തിയവരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ഓസ്ട്രേലിയക്കാരനായ ബ്രെന്‍ടണ്‍ ടാരന്റ് എന്ന വംശവെറിയനാണ് ആക്രമണം നടത്തിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.