പാരീസ്: ഇസ്രയേല്‍ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മൊബൈല്‍ ഫോണും നമ്പറും മാറ്റി. ഫോണ്‍ ചോര്‍ത്തലിന് വിധേയമായ ലോകനേതാക്കളുടെ പട്ടികയില്‍ മാക്രോണിന്റെ നമ്പറുമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഫ്രാന്‍സിന്റെ സുരക്ഷാ നടപടി. 

ഫോണ്‍ ചോര്‍ത്തല്‍ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന് സുരക്ഷാ പ്രോട്ടോക്കോള്‍ സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അത്താല്‍ പറഞ്ഞു. പ്രസിഡന്റിന് നിരവധി ഫോണ്‍ നമ്പറുകളുണ്ട്. ഇതിനര്‍ഥം അദ്ദേഹം നിരീക്ഷണത്തിന് വിധേയമായിട്ടുണ്ട് എന്നല്ല. ഇതൊരു അധിക സുരക്ഷ മാത്രമാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

പെഗാസസ് ഉപയോഗിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ആഗോളതലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം ഫോണ്‍ ചോര്‍ത്തല്‍ റിപ്പോര്‍ട്ടുകള്‍ പെഗാസസ് നിര്‍മാതാക്കളായ എന്‍എസ്ഒ കമ്പനി നിഷേധിച്ചു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുറ്റകൃത്യവും തീവ്രവാദവും തടയാനാണ് തങ്ങളുടെ സോഫ്‌റ്‌വെയര്‍ ഉപയോഗിക്കുന്നതെന്നുമാണ് കമ്പനിയുടെ വിശദീകരണം. 

മൊറോക്കോയ്ക്കുവേണ്ടി മാക്രോണിനു പുറമേ ഏതാനും മന്ത്രിമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വിവരമാണ് നേരത്തെ പുറത്തുവന്നിരുന്നത്. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടിയന്തരമായി ദേശീയസുരക്ഷായോഗം വിളിച്ചിരുന്നു. അതേസമയം ആരോപണം മൊറോക്കോ നിഷേധിച്ചിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കാന്‍ ഇസ്രയേല്‍ പ്രത്യേക സര്‍ക്കാര്‍ കമ്മിഷനേയും നിയോഗിച്ചിട്ടുണ്ട്. പെഗാസസിന്റെ വിദേശരാജ്യ സേവനം നിയന്ത്രിക്കണമെന്ന് ഇസ്രയേല്‍ പാര്‍ലമെന്റിലും ആവശ്യമുയര്‍ന്നിട്ടുണ്ട്.

content highlights: France's Emmanuel Macron Changes Phone Over Pegasus Scandal