പാരീസ്: പാകിസ്താന്റെ സൈനിക, പ്രതിരോധ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ഫ്രാന്‍സ് സഹായം നല്‍കില്ല. മിറാഷ് യുദ്ധ വിമാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനം, അഗസ്റ്റ 90 ബി ക്ലാസ് അന്തര്‍വാഹിനികള്‍ തുടങ്ങിയവ നവീകരിക്കാനുള്ള സഹായം ഫ്രാന്‍സ് നല്‍കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സില്‍ മതനിന്ദ ആരോപിച്ച് അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരേ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കടുത്ത വിമര്‍ശനം ഉന്നയിതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ തിരിച്ചടി. 

മിറാഷ് 3 യുദ്ധവിമാനങ്ങള്‍ നവീകരിച്ച് നല്‍കില്ലെന്ന ഫ്രാന്‍സിന്റെ തീരുമാനം പാക്ക് വ്യോമസേനയ്ക്ക് കനത്ത തിരിച്ചടിയണ്. ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷന്‍ നിര്‍മ്മിച്ച 150 ഓളം മിറാഷ്  യുദ്ധവിമാനങ്ങള്‍ പാകിസ്താന്റെ പക്കലുണ്ട്. എന്നാല്‍ ഇതില്‍ പകുതി മാത്രമേ നിലവില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നുള്ളൂ. സമാന രീതിയില്‍ ഫ്രഞ്ച്-ഇറ്റാലിയന്‍ വ്യോമ പ്രതിരോധ സംവിധാനം നവീകരിക്കുന്നതിനുള്ള പാകിസ്താന്റെ അഭ്യര്‍ഥനയും നിരസിക്കപ്പെട്ടു.

റഫാല്‍ വിമാനങ്ങളുടെ ജോലികളില്‍ പാക്ക് വംശജരായ സാങ്കേതിക വിദഗ്ദ്ധരെ ഉള്‍പ്പെടുത്തരുതെന്ന് ഖത്തറിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങിയ രാജ്യങ്ങളിലൊന്നാണു ഖത്തര്‍. ഈ സാഹചര്യത്തില്‍ പാക്ക് സ്വദേശികളെ അനുവദിക്കുന്നത് വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങള്‍ ഇസ്‌ലാമാബാദിലേക്ക് ചോരാന്‍ ഇടയാക്കുമെന്നാണ് ഫ്രാന്‍സ് ഭയക്കുന്നത്. 

ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങിയ ഇന്ത്യ തങ്ങളുടെ ആശങ്കകള്‍ നേരത്തെ ഫ്രാന്‍സിനെ അറിയിച്ചിരുന്നു. ഇന്ത്യയുടെ ആക്രമണത്തിന്റെ മുന്നണി പോരാളിയായ റഫാലിന്റെ വിവരങ്ങള്‍ പാകിസ്താനിലേക്ക് ചോരുമെന്നായിരുന്നു ആശങ്കകള്‍. മുന്‍കാലങ്ങളില്‍ പാകിസ്താന്‍ ചൈനയക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ചരിത്രവും ഫ്രാന്‍സിനെ ആശങ്കാകുലരാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം. 

ഫ്രഞ്ച് മാസികയായ ഷാര്‍ലി എബ്ദോയുടെ പാരീസ് മുന്‍ ഓഫീസിന് പുറത്തു നടന്ന കത്തി ആക്രമണത്തിന്റെയും ഇരുരാജ്യങ്ങളും തമ്മില്‍ അകന്നതിന്റേയും പശ്ചാത്തലത്തില്‍ അഭയം തേടിയുള്ള പാകിസ്താനികളുടെ അപേക്ഷകളില്‍ കര്‍ശന സൂക്ഷ്മ പരിശോധനയാണു ഫ്രാന്‍സ് നടത്തുന്നത്. സെപ്റ്റംബറില്‍, പാക് വംശജനായ അലി ഹസ്സന്‍ മാസികയുടെ മുന്‍ ഓഫീസിന് പുറത്ത് രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.

Content Highlights: France turns the screws on Imran Khan, declines upgrade for Mirage, subs and more