പാരീസ്:  ഈ വര്‍ഷം പുതിയൊരു കോവിഡ് വകഭേദത്തിന് സാധ്യതയെന്ന് ഫ്രഞ്ച് ഗവണ്‍മെന്റ് സയന്റിഫിക് കൗണ്‍സില്‍ തലവനായ ജീന്‍ ഫ്രാന്‍കോയിസ് ഡെല്‍ഫ്രെയസി. ഈ ശീതകാലത്ത് പുതിയൊരു വകഭേദം കൂടിയുണ്ടായേക്കാം, അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സില്‍ നിലവില്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം മൂലം കേസുകളുടെ എണ്ണം കൂടുകയാണ്. എന്നാല്‍ വരാനിരിക്കുന്ന വകഭേദം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് നിലവില്‍ പ്രവചിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാകുമോ എന്നതില്‍ ധാരണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ രാജ്യങ്ങളെ വേര്‍തിരിക്കുക, വാക്‌സിന്‍ സ്വീകരിച്ച രാജ്യങ്ങള്‍ അല്ലാത്ത രാജ്യങ്ങള്‍ എന്നിങ്ങനെയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യം പഴയപടിയാകാന്‍ 2022-ലോ 2023-ലോ മാത്രമാണ് സാധ്യത. കോവിഡ് നാലാം തരംഗത്തിലേക്ക് കടന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഫ്രാന്‍സ്. നാലാം തരംഗത്തെ ചെറുക്കാന്‍ ഹെല്‍ത്ത് പാസ് എന്നൊരു പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫ്രാന്‍സ്. വാക്‌സിന്‍ സ്വീകരിച്ച രേഖകളോ, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിവരങ്ങളോ ഹെല്‍ത്ത് പാസിലുണ്ടാകും. ഇത് ഉപയോഗിച്ച് പൊതുയിടങ്ങളിലേക്ക് പ്രവേശിക്കാം. 

നിലവില്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കിയുള്ള നിയമത്തിന്റെ കരട് രാജ്യത്ത് പാസ്സാക്കി. അതേസമയം ഫ്രാന്‍സില്‍ ഇതുവരെ 59,33,510 കേസുകള്‍ സ്ഥിരീകരിച്ചു. 1,11,565 മരണം ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 51,62,757 പേര്‍ ഇതുവരെ രോഗമുക്തി നേടി. 6,59,188 ആണ് സജീവ കേസുകളുടെ എണ്ണം. രാജ്യം നാലാം തരംഗത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പുതിയൊരു വകഭേദം കൂടിയെത്തിയാല്‍ കേസുകള്‍ അനിയന്ത്രിതമായി ഉയരുമെന്നറുപ്പാണ്.

 

Content Highlights: france to witness a new covid variant this year