പാരിസ്: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിണമെന്ന നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി ഫ്രാന്‍സ്. കോവിഡ് രോഗബാധ കുറയുന്നതും വാക്‌സിനേഷന്‍ വ്യാപകമാകുന്നതുമാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിച്ചത്. 

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന വ്യാഴാഴ്ച(ജൂണ്‍ 17) അവസാനിക്കുമെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സ് അറിയിച്ചു. അതേസമയം ആള്‍ക്കൂട്ടങ്ങള്‍ ഉള്ളയിടങ്ങളിലും സ്റ്റേഡിയങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണം. 

ജൂണ്‍ ഇരുപതോടെ കോവിഡ് കര്‍ഫ്യൂ പിന്‍വലിക്കുമെന്നും കാസ്റ്റക്‌സ് കൂട്ടിച്ചേര്‍ത്തു. മുന്‍പ് തീരുമാനിച്ചതില്‍നിന്ന് വ്യത്യസ്തമായി പത്തുദിവസം നേരത്തെയാണ് കോവിഡ് കര്‍ഫ്യൂ പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കോവിഡ് കേസുകള്‍ കുറയുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. പ്രതീക്ഷിച്ചതിലും വേഗത്തില്‍ രാജ്യത്തെ ആരോഗ്യസാഹചര്യം മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം കാബിനറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫ്രാന്‍സിലെ ശരാശരി പ്രതിദിന കേസുകള്‍ ചൊവ്വാഴ്ച 3,200 ആയി കുറഞ്ഞിട്ടുണ്ട്. 2020 ഓഗസ്റ്റ് മുതലുള്ളതിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 

content highlights: france to end mandatory outdoor mask