'കിങ് ഓഫ് ലൈറ്റ്ഹൗസസ്' എന്ന പേരിലറിയപ്പെടുന്ന ഫ്രാന്‍സിലെ കോര്‍ദുവാന്‍ ലൈറ്റ്ഹൗസിന്‌ യുനെസ്‌കോയുടെ അംഗീകാരം. നാനൂറ് കൊല്ലത്തിലേറെയായി കടല്‍ക്കാറ്റേറ്റും തിരമാലകളാഞ്ഞടിച്ചും നിലകൊള്ളുന്ന കോര്‍ദുവാന്‍ ലൈറ്റ്ഹൗസിന് ശനിയാഴ്ചയാണ് ലോക പൈതൃക പട്ടികയില്‍ യുനെസ്‌കോ ഇടം നല്‍കിയത്. അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൂറ്റന്‍ ലൈറ്റ്ഹൗസ്‌ കഠിനമായ കാലാവസ്ഥയോട് പൊരുതിയാണ് നിലനിന്നുപോരുന്നതെന്ന കാര്യം യുനെസ്‌കോ പ്രത്യേകം ചൂണ്ടിക്കാട്ടി. 

പാരിസ് ആര്‍ക്കിടെക്റ്റ് ലൂയി ദെ ഫോയിക്‌സാണ് കോര്‍ദുവാന്‍ രൂപ കല്‍പന ചെയ്തത്. നവോത്ഥാന കാലഘട്ടത്തിലെ സുപ്രധാന നിര്‍മിതികളിലൊന്നായ ഈ ലൈറ്റ്ഹൗസിന്റെ നിര്‍മാണത്തില്‍ രാജകൊട്ടാരം, ആരാധനാലയം, കോട്ട എന്നീ മൂന്ന് നിര്‍മാണശൈലികളും സംയുക്തമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 1584 ലാണ് ഇതിന്റെ നിര്‍മാണമാരംഭിച്ചതെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. 1611 ല്‍ പൂര്‍ത്തീകരിച്ചെങ്കിലും പതിനെട്ടാം നൂറ്റാണ്ടില്‍ മൂന്ന് നിലകള്‍ കൂടി പണിത് കോര്‍ദുവാന്റെ നവീകരണം നടത്തിയിരുന്നു.

48 അടി(15 മീറ്റര്‍) ഉയരത്തിലായിരുന്നു ആദ്യം ലൈറ്റ്ഹൗസ്‌ നിര്‍മിച്ചത്. കപ്പലുകള്‍ക്ക് ദിശ കാണിക്കുന്നതിനായി ലൈറ്റ്ഹൗസിന് മുകളില്‍ വിറക് കത്തിച്ചാണ് അക്കാലത്ത് വെളിച്ചം കാണിച്ചിരുന്നത്. ഈ ഭാഗത്ത് കൂടി കടന്നു പോകുന്ന കപ്പലുകള്‍ ചെറിയ തുക ചുങ്കമായി നല്‍കിയിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ലൈറ്റ്ഹൗസിന്റെ മുകള്‍ ഭാഗം തകര്‍ന്നു വീണത് കപ്പല്‍ ഗതാഗതത്തെ തടസ്സപ്പെടുത്തി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോസഫ് ട്യൂലര്‍ എന്ന എന്‍ജിനീയറുടെ നേതൃത്വത്തില്‍ കോര്‍ദുവാന്‍ ഇപ്പോള്‍ കാണുന്ന വിധത്തില്‍ നവീകരിച്ചത്. നിലവില്‍ 223 അടി(68 മീറ്റര്‍)യാണ് ഈ പൗരാണിക നിര്‍മിതിയുടെ ഉയരം. 

Cordouan
Photo : AFP

കരയില്‍ നിന്ന് സമുദ്രത്തിലേക്ക് ഏഴ് കിലോമീറ്റര്‍ അകലത്തിലാണ് കോര്‍ദുവാന്‍ സ്ഥിതിചെയ്യുന്നത്. കോര്‍ദുവാന് സമീപം ചെറിയൊരു ചാപ്പലും നിര്‍മിച്ചിരുന്നു. നിര്‍മാണകലയുടെ വിവിധസാങ്കേതികവിദ്യകള്‍ കോര്‍ദുവാനില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിത്രപ്പണികളും ശില്‍പകലയും ദീപസ്തംഭത്തെ മനോഹരമാക്കുന്നു. ലൈറ്റ്ഹൗസിലെ ദീപം തെളിയിക്കാന്‍ വിറകില്‍ നിന്ന് എണ്ണയിലേക്കും പിന്നീട് പെട്രോളിയം വാതകത്തിലേക്കും കാലക്രമേണ സാങ്കേതികത മാറി. 1948 ല്‍ വൈദ്യുതീകരിച്ച് 6,000 വാട്ട്‌സ് ബള്‍ബ് സ്ഥാപിച്ചു. 1984 ല്‍ 450 വാട്ട്സിന്റെ സെനോണ്‍ ലാംപ് സ്ഥാപിച്ചെങ്കിലും വിജയകരമായില്ല. മൂന്ന് കൊല്ലത്തിന് ശേഷം ഹാലജന്‍ വിളക്ക് സ്ഥാപിച്ചു. 

2006 ല്‍ ലൈറ്റ് ഹൗസ് പൂര്‍ണമായും ഓട്ടോമാറ്റിക്കായി. ഇപ്പോഴും ലൈറ്റ് ഹൗസില്‍ ജീവനക്കാരുണ്ട്. വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രങ്ങളിലൊന്നായ കോര്‍ദുവാന്റെ സംരക്ഷണത്തിനായി ഇപ്പോഴും സമയോചിത പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഇപ്പോഴും മേല്‍നോട്ടത്തിനായി ജീവനക്കാരെ നിയോഗിച്ചിരിക്കുന്ന ഫ്രാന്‍സിലെ അവസാനത്തെ ലൈറ്റ് ഹൗസാണ് കോര്‍ദുവാന്‍. 6-7 മൈല്‍ ദൂരത്ത് നിന്ന് തന്നെ കോര്‍ദുവാനെ കാണാന്‍ സാധിക്കും. 

Cordouan
Photo : AFP

കപ്പല്‍ യാത്രകളുടെ സുരക്ഷിതമുറപ്പാക്കി കാലങ്ങളായി നിലകൊള്ളുന്ന കോര്‍ദുവാന്‍ നിര്‍മാണകലയുടെ മഹത്തായ ഉദാഹരണമാണെന്ന് യുനെസ്‌കോ പറഞ്ഞു. കോര്‍ദുവാന്റെ ഉയരം വര്‍ധിപ്പിച്ചതും കാലോചിതമായി വിളക്കുകളുടെ സാങ്കേതികതയില്‍ വരുത്തിയ മാറ്റവും അഭിനന്ദനമര്‍ഹിക്കുന്നതായി യുനെസ്‌കോ കൂട്ടിച്ചേര്‍ത്തു. നവോത്ഥാന കാലഘട്ടത്തിന്റെ നിര്‍മാണശൈലിയും ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും പുരോഗതി അനുയോജ്യമായ വിധത്തില്‍ ഉപയോഗപ്പെടുത്തിയതും കോര്‍ദുവാനെ വ്യത്യസ്തമാക്കുന്നതായി യുനെസ്‌കോ വ്യക്തമാക്കി. 

 

 

Content Highlights: France's "King Of Lighthouses" Cordouan Wins UNESCO Heritage Listing