ബനഡിക്ട് പതിനാറാമൻ | Photo: AFP
വത്തിക്കാന്‍ സിറ്റി: കാലംചെയ്ത പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങുകള്‍ ജനുവരി അഞ്ച് (വ്യാഴാഴ്ച) നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇതിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ജനുവരി രണ്ട് (തിങ്കളാഴ്ച) മുതല്‍ പൊതുദര്‍ശനത്തിന് വെക്കും.
റോമിലെ സെയ്ന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കുന്ന സംസ്കാരച്ചടങ്ങിന് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കുമെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു. ശനിയാഴ്ച പ്രാദേശികസമയം 9.34-നാണ് വത്തിക്കാനിലെ മേറ്റര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍വെച്ച് ബനഡിക്ട് പതിനാറാമന്‍ കാലംചെയ്തത്. 2005 മുതല്‍ 2013 വരെ മാര്‍പാപ്പയായിരുന്ന ബനഡിക്ട് പതിനാറാമന്‍ 2013 ഫെബ്രുവരി 28-നാണ് സ്ഥാനംരാജിവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് തുടങ്ങിയവര്‍ ബനഡിക്ട് പതിനാറാമന്റെ വിയോഗത്തില്‍ അനുശോചിച്ചു. സമൂഹത്തിന് നല്കിയ മഹത്തായ സേവനങ്ങളുടെ പേരില്‍ അദ്ദേഹം ഓര്‍മിക്കപ്പെടുമെന്ന് മോദി ട്വീറ്റ് ചെയ്തു.
ബനഡിക്ട് പതിനാറാമന്റെ വിയോഗത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കത്തോലിക്കാ ബാവയും അനുശോചിച്ചു
മാര്‍ ജോര്‍ജ് ആലഞ്ചേരി
ബനഡിക്ട് പതിനാറാമന്റെ വിയോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. ചരിത്രം സൃഷ്ടിച്ച പാപ്പയാണ് ഓര്‍മയായതെന്ന് അദ്ദേഹം പറഞ്ഞു. ലോകമാകെയുള്ള ക്രൈസ്തവസമൂഹം വേദനയുടെ നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഭാരതസഭയുടെയും സിറോമലബാര്‍ സഭയുടെയും ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കത്തോലിക്കാ ബാവ
കത്തോലിക്കാ സഭയെ ദിശാബോധത്തോടെ നയിച്ച മാര്‍പാപ്പയാണ് പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്‍ എന്ന് സിറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കത്തോലിക്കാ ബാവ അനുസ്മരിച്ചു. ഇന്ത്യയില്‍ വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്നും ബാവ കൂട്ടിച്ചേര്‍ത്തു.
Content Highlights: Former Pope Benedict XVI passes away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..