പോപ്പ് എമിരറ്റ്‌സ് ബനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു


പോപ്പ് എമിരറ്റ്‌സ് ബനഡിക്ട് പതിനാറാമൻ | Photo: AP

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരറ്റ്‌സ് ബനഡിക്ട് പതിനാറാമന്‍ (95) കാലം ചെയ്തു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പ്രാദേശിക സമയം 9.34-നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. 2013-ലാണ് അദ്ദേഹം മാര്‍പാപ്പ സ്ഥാനം രാജിവെച്ചത്.

2005-ല്‍ തന്റെ 78-ാം വയസ്സിലാണ് അദ്ദേഹം മാര്‍പാപ്പയായി സ്ഥാനമേറ്റത്. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായംകൂടിയ മാര്‍പാപ്പയായിരുന്നു അദ്ദേഹം. എട്ടുവര്‍ഷത്തിന് ശേഷം 2013-ല്‍ സ്ഥാനമൊഴിഞ്ഞു. 1415-ല്‍ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ പോപ്പാണ് ബനഡിക്ട് പതിനാറാമന്‍.

1927 ഏപ്രില്‍ 16-ന് ജര്‍മനിയിലെ ബവേറിയിലാണ് ജോസഫ് റാറ്റ്സിംഗര്‍ എന്ന പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്റെ ജനനം. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗര്‍ സീനിയറിന്റേയും മരിയയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫ് റാറ്റ്സിംഗര്‍. സാല്‍സ്ബര്‍ഗില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഓസ്ട്രിയന്‍ അതിര്‍ത്തിയിലെ ട്രോണ്‍സ്റ്റീന്‍ ഗ്രാമത്തിലാണ് ജോസഫ് റാറ്റ്‌സിംഗര്‍ ബാല്യ, കൗമാരങ്ങള്‍ ചെലവഴിച്ചത്. 1941-ല്‍ പതിനാലാം വയസ്സില്‍, ജോസഫ് റാറ്റ്‌സിംഗര്‍, നാസി യുവ സംഘടനയായ ഹിറ്റ്ലര്‍ യൂത്തില്‍ അംഗമായി. അക്കാലത്ത് ജര്‍മനിയില്‍ 14 വയസു കഴിഞ്ഞ എല്ലാ കുട്ടികളും ഹിറ്റ്ലര്‍ യൂത്തില്‍ പ്രവര്‍ത്തിച്ചിരിക്കണമെന്ന് നിഷ്‌കര്‍ഷയുണ്ടായിരുന്നു.

കുര്‍ബാന അര്‍പ്പിച്ചതിന് വൈദികനെ നാസികള്‍ ആക്രമിക്കുന്നത് ഉള്‍പ്പെടെ കത്തോലിക്കാ സഭക്കെതിരായ ഒട്ടേറെ പീഡനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു വളര്‍ന്നത് ജോസഫിന്റെ വിശ്വാസം കൂടുതല്‍ ശക്തമാക്കി. വൈകാതെ സെമിനാരിയില്‍ ചേര്‍ന്ന ജോസഫ് റാറ്റ്‌സിംഗര്‍, 1943-ല്‍ പതിനാറാം വയസില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയിലെ ആന്റി എയര്‍ക്രാഫ്റ്റ് കോര്‍പ്‌സ് വിഭാഗത്തില്‍ സഹായിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ജര്‍മന്‍ കാലാള്‍പടയില്‍ പരിശീലനം നേടിയെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് കടുത്ത സൈനിക ജോലികളില്‍നിന്ന് ഒഴിവ് ലഭിച്ചു.

റാറ്റ്‌സിംഗറുടെ സ്വദേശം ഉള്‍പ്പെടുന്ന മേഖലയില്‍ അമേരിക്കന്‍ സൈന്യം ചുവടുറപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം യുദ്ധത്തടവുകാരുടെ ക്യാമ്പില്‍ അടക്കപ്പെട്ടു.1945-ല്‍ യുദ്ധത്തിനു ശേഷം മോചിപ്പിക്കപ്പെട്ട റാറ്റ്‌സിംഗര്‍ അതേ വര്‍ഷം നവംബറില്‍ സഹോദരന്‍ ജോര്‍ജിനൊപ്പം വീണ്ടും സെമിനാരിയില്‍ തിരിച്ചെത്തി. ട്രോണ്‍സ്റ്റീനിലെ സെന്റ് മൈക്കിള്‍ സെമിനാരിയിലായിരുന്നു തുടര്‍പഠനം. 1946 മുതല്‍ 1951 വരെ മ്യൂണിക്ക് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഫ്രെയ്‌സിങ് സ്‌കൂളില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1951 ജൂണ്‍ 29-ന് ഫ്രെയ്‌സിംഗില്‍ മ്യൂണിക്കിലെ കര്‍ദ്ദിനാള്‍ മൈക്കിള്‍ വോണ്‍ ഫോള്‍ഹാര്‍ബറില്‍നിന്ന് ഇരുവരും പൗരോഹിത്യം സ്വീകരിച്ചു.

1959-ല്‍ ബോണ്‍ സര്‍വകലാശാലയില്‍ അധ്യാപകനായി. 1963-ല്‍ മുന്‍സ്റ്റെര്‍ സര്‍വകലാശാലയിലെത്തി. ചുരുങ്ങിയ കാലം കൊണ്ട് ദൈവശാസ്ത്ര പണ്ഡിതനെന്ന നിലയില്‍ പ്രശസ്തനായിക്കഴിഞ്ഞിരുന്നു ഫാ. ജോസഫ് റാറ്റ്‌സിംഗര്‍. 1963 വരെ ബോണില്‍ അദ്ധ്യാപകനായിരുന്നു. 1963 മുതല്‍ 1966 വരെ മുന്‍സ്റ്റെറിലും 1966 മുതല്‍ 1969 വരെ തുബിന്‍ഗെനിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. 1969-ല്‍ റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ ഗവേഷണ മേധാവിയായും സര്‍വകലാശാലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

1969-ല്‍ റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ സേവനമാരംഭിച്ച റാറ്റ്‌സിംഗര്‍ ഹാന്‍സ് ഉര്‍സ വോണ്‍ ബല്‍ത്തസര്‍, ഹെന്റി ഡേ ലുബാക്, വാള്‍ട്ടര്‍ കാസ്‌പെര്‍ തുടങ്ങിയവര്‍ക്കൊപ്പം കമ്യൂണോ എന്ന ദൈവശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ പ്രസാധനത്തിന് മുന്‍കൈ എടുത്തു. 1972ലാണ് കമ്യൂണോയുടെ ആദ്യപ്രതി പുറത്തിറങ്ങിയത്. 1977 മാര്‍ച്ച് 25-ന് പോള്‍ ആറാമന്‍ മാര്‍പാപ്പ ജോസഫ് റാറ്റ്‌സിംഗറെ മ്യൂണിക്ക് ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. എണ്‍പതു വര്‍ഷത്തിനിടെ ബവേറിയയിലെ ഏറ്റവും വിഖ്യാതമായ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പാകുന്ന ആദ്യ സ്വദേശിയായിരുന്നു അദ്ദേഹം. അതേ വര്‍ഷം ജൂണ്‍ 27-ന് പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ആര്‍ച്ച് ബിഷപ്പ് ജോസഫ് റാറ്റ്‌സിംഗറെ കര്‍ദ്ദിനാളായി ഉയര്‍ത്തി.

1981 നവംബര്‍ 25-ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ റാറ്റ്‌സിംഗറെ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ട് ആയും രാജ്യാന്തര ദൈവശാസ്ത്ര കമ്മീഷന്റെയും പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്റെയും പ്രസിഡന്റായും നിയമിച്ചു. 1998 നവംബര്‍ ആറിന് കര്‍ദ്ദിനാള്‍ സംഘത്തിന്റെ വൈസ് ഡീനായും 2002 നവംബര്‍ 30ന് ഡീനായും ഉയര്‍ത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തെത്തുടര്‍ന്ന് 2005 ഏപ്രില്‍ 19 ന് എഴുപത്തെട്ടാം വയസ്സില്‍ 265-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ഫെബ്രുവരി 28-ന് പാപ്പ പദവി ഒഴിഞ്ഞ് പോപ്പ് എമിരറ്റ്സായി. ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവര്‍ത്തിച്ചതിനാല്‍ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമര്‍ശകര്‍ ചിത്രീകരിക്കുന്നത്. അദ്ദേഹത്തിന്റെ അവിവാഹിതയായിരുന്ന സഹോദരി മരിയ 1991 ലും സഹോദരന്‍ ഫാ. ജോര്‍ജ് റാറ്റ്സിംഗര്‍ 2020 ജൂലൈ ഒന്നിനും അന്തരിച്ചു.

Content Highlights: Former Pope Benedict XVI dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented