ബനഡിക്ട് പതിനാറാമന്‍: അടിയുറച്ച നിലപാടുകള്‍, ദൈവശാസ്ത്ര പണ്ഡിതന്‍


ബനഡിക്ട് പതിനാറാമൻ

സഭാദര്‍ശനത്തിലൂടെയും പാണ്ഡിത്യത്തിലൂടെയും സ്ഥാനത്യാഗത്തിലൂടെയും ലോകജനതയുടെ ഹൃദയത്തില്‍ ഇടംനേടിയ പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍. കത്തോലിക്കാ സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ സ്വയം സ്ഥാനമൊഴിയുന്ന രണ്ടാമത്തെ പാപ്പ. 1415-ല്‍ ഗ്രിഗറി പതിനാറാമനാണ് രാജിവെച്ച ആദ്യ മാര്‍പാപ്പ. സഭയിലെ അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നായിരുന്നു ആ രാജി. ആറു നൂറ്റാണ്ടിനിടെ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യമാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍.

2013 ഫെബ്രുവരി 11-ന് വിശുദ്ധരുടെ നാമകരണ നടപടികളുടെ പൂര്‍ത്തീകരണത്തിനായി കര്‍ദിനാള്‍ സംഘത്തിന്റെ യോഗം നടക്കുകയായിരുന്നു. അതൊരു സാധാരണ നടപടിക്രമം മാത്രമായിരുന്നു. യോഗത്തില്‍ മാര്‍പാപ്പ ബനഡിക്ട് പതിനാറാമന്‍ പ്രസംഗിക്കുകയാണ്. പ്രസംഗത്തിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു. ''ഈ നടപടിക്രമം പൂര്‍ത്തീകരിക്കുന്നതിന് മാത്രമല്ല നമ്മളിവിടെ ചേര്‍ന്നിരിക്കുന്നത്. സഭാജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്..

'എന്റെ മനസ്സാക്ഷി ദൈവത്തിനുമുന്നില്‍ ആവര്‍ത്തിച്ചു പരിശോധിച്ചു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലിരുന്ന് വേണ്ടവിധം ശുശ്രൂഷ ചെയ്യാന്‍ പ്രായം ഇനിയും അനുവദിക്കുന്നില്ല. ശാരീരികമായും മാനസികമായും ഞാന്‍ അശക്തനാണ്. മാറ്റങ്ങള്‍ക്ക് വിധേയമായ ലോകത്ത് ആത്മീയമായും വിശ്വാസപരമായും സഭയെ നയിക്കുന്നതിന് ശാരീരികാരോഗ്യം മാത്രമല്ല, മനശ്ശക്തിയും വേണമെന്ന് എനിക്ക് ബോധ്യമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി മനശ്ശക്തിയും ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ട് റോമാ രൂപതയുടെ മെത്രാന്‍ സ്ഥാനത്തുനിന്നും ആഗോളസഭയുടെ പരമാധികാര സ്ഥാനത്തുനിന്നും ഞാന്‍ വിടവാങ്ങുന്നു. ഫെബ്രുവരി 28-ന് രാത്രി എട്ടുമുതല്‍ ഈ സിംഹാസനം ശൂന്യമായിരിക്കും. ഏറ്റവും യോഗ്യതയുള്ള ഒരാളെ ഈ പരമോന്നത പദവിയിലേക്ക് കോണ്‍ക്ലേവ് തിരഞ്ഞെടുക്കും'' - അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് കര്‍ദ്ദിനാള്‍ സംഘം ഞെട്ടിപ്പോയി. ചടങ്ങ് പൂര്‍ത്തിയാക്കി പാപ്പ തന്റെ മുറിയിലേക്ക് പോയി. ആരും അറിയാതെ അതീവ രഹസ്യമായാണ് അദ്ദേഹം തന്റെ കുറിപ്പ് തയ്യാറാക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഇത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഞെട്ടലായിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയും ബനഡിക്ട് പതിനാറാമനും | Photo: AFP

വത്തിക്കാന്‍ തോട്ടത്തിലുള്ള മാത്തര്‍ എക്ലേസിയ എന്ന മന്ദിരത്തിലായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. 2013 ഫെബ്രുവരി 28-ന് രാവിലെ കര്‍ദിനാള്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉച്ചയോടെ വത്തിക്കാന്‍ തോട്ടത്തിലുള്ള മാത്തര്‍ എക്ലേസിയയിലേക്ക് ബനഡിക്ട് പതിനാറാമന്‍ യാത്രയായി. വിരമിച്ച ശേഷവും മാര്‍പാപ്പയായപ്പോള്‍ സ്വീകരിച്ച ബനഡിക്ട് പതിനാറാന്‍ എന്ന പേര് അദ്ദേഹം നിലനിര്‍ത്തി. മാര്‍പാപ്പമാര്‍ അണിയുന്ന വെള്ള ളോഹ നിലനിര്‍ത്തിയപ്പോള്‍ പെല്ലെഗ്രീന എന്ന മേല്‍ വസ്ത്രവും അരപ്പട്ടയും മാര്‍പാപ്പാമാര്‍ അണിയാറുള്ള പേപ്പല്‍ ഷൂവും ഒഴിവാക്കി. മുക്കുവന്റെ മോതിരമെന്ന് അറിയപ്പെടുന്ന ഔദ്യോഗിക മോതിരവും അദ്ദേഹം തിരിച്ച് നല്‍കി.

ഏറ്റവും ജനപ്രിയ പാപ്പമാരില്‍ ഒരാളായ ജോണ്‍പോള്‍ രണ്ടാമന്റെ പിന്തുടര്‍ച്ചക്കാരനായിരുന്ന ബെനഡിക്ട് പതിനാറാമന്‍ കത്തോലിക്കാ സഭയുടെ പാരമ്പര്യത്തില്‍ അടിയുറച്ചു നിന്നുള്ള ഭരണമാണ് കാഴ്ച വെച്ചത്. ദൈവശാസ്ത്രത്തിലെ യാഥാസ്ഥിതിക നിലപാടുകളിലൂടെയാണ് അദ്ദേഹംശ്രദ്ധേയനായത്. ഗര്‍ഭച്ഛിദ്രത്തെയും സ്വവര്‍ഗവിവാഹങ്ങളെയും നഖശിഖാന്തം എതിര്‍ത്തു. വിട്ടുവീഴ്ചകള്‍ക്ക് ഒരിക്കലും തയ്യാറായില്ല. കുടുംബമൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം ഉദ്‌ബോധിപ്പിച്ചു.

Photo: AP

വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. 1981 മുതല്‍ വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ കത്തോലിക്കാ വിശ്വാസം സംരക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ അജണ്ട. ധാര്‍മികതയുടേയും വിശ്വസ സംഹിതകളുടേയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം ഒരുക്കമായിരുന്നില്ല. അതു കൊണ്ടു തന്നെ യാഥാസ്ഥിതികനായി അദ്ദേഹം മുദ്രകുത്തപ്പെട്ടു. വിശ്വാസത്തിനെതിരേ ഉയര്‍ന്നുവന്ന വെല്ലുവിളികള്‍ മുളയിലേ നുള്ളുന്നതില്‍ അദ്ദേഹം കാണിച്ച കാര്‍ക്കശ്യം അദ്ദേഹത്തെ പലര്‍ക്കും അനഭിമതനാക്കി.

സഭയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും മനസിലാക്കാന്‍ ലോകമെങ്ങുമുള്ള കത്തോലിക്കര്‍ ഉപയോഗിക്കുന്ന കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം എന്ന പുസ്തകം തയ്യാറക്കിയത് ബനഡിക്ട് പതിനാറാമനാണ്. ട്രന്റ് കൗണ്‍സിലിനെത്തുടര്‍ന്ന് 1566-ല്‍ കത്തോലിക്കാ സഭയ്ക്ക് റോമന്‍ കാറ്റിക്കിസം എന്ന പേരില്‍ ഒരു മതബോധന ഗ്രന്ഥം ഉണ്ടെങ്കിലും അത് സാധാരണക്കാര്‍ക്ക് ഗ്രഹിക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തില്‍ ഇത് മാറ്റണമെന്ന് ഒന്നാം വത്തിക്കാന്‍ കൗണ്‍സിലും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം തയ്യാറാക്കുക എന്ന ഉത്തരവാദിത്വം വിശ്വാസ തിരുസംഘത്തിന്റെ അന്നത്തെ അധ്യക്ഷമനായിരുന്ന കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗറെ ഏല്‍പ്പിച്ചത്. 1992-ലാണ് ഈ പദ്ധതി പൂര്‍ത്തിയായത്.

Photo: AP

യാഥാസ്ഥിതികന്‍ എന്ന് വിളിക്കപ്പെട്ടപ്പോളും ഇതരമതങ്ങളുടെ അടുത്ത സുഹൃത്തായി ബനഡിക്ട് പതിനാറാമന്‍ പ്രകീര്‍ത്തിക്കപ്പെട്ടു. സൗദിയിലെ അബ്ദുള്ള രാജാവ് വത്തിക്കാനിലെത്തി ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു. 66 പുസ്തകങ്ങളും മാര്‍പാപ്പ എന്ന നിലയില്‍ മൂന്ന് ചാക്രിക ലേഖനങ്ങളും മൂന്ന് അപ്പസ്‌തോലിക പ്രബോധനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സത്യത്തിന്റെ സ്‌നേഹം, ദൈവം സ്‌നേഹമാകുന്നു, രക്ഷയുടെ പ്രത്യാശ എന്നിവയാണ് ചാക്രിക ലേഖനങ്ങള്‍. പാപ്പാ പദവിയില്‍ ഇരിക്കുമ്പോള്‍ മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ചതാണ് നസ്രായനായ യേശു എന്ന പുസ്തകം. വളരെ ശ്രേഷ്ഠവും കാലികവുമായ ദൈവശാസ്ത്ര പഠന ഗ്രന്ഥമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ദൈവശാസ്ത്രത്തില്‍ വിശദമായ പഠനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ട രേഖകളാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ രചനകള്‍.

പഠനത്തിലും പ്രാര്‍ഥനയിലുമുള്ള ജീവിതമായിരുന്നു പിന്നീട് അദ്ദേഹം നയിച്ചത്. പ്രത്യേക അവസരങ്ങളില്‍ തന്റെ പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Content Highlights: Former Pope Benedict XVI


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented