ഇസ്‌ലാമാബാദ്: ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന 2003-ല്‍ തനിക്കെതിരെ രണ്ടുതവണ വധശ്രമം നടത്തിയതായി പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫ്. പാകിസ്താന്‍ ടി.വി. ചാനലായ ഹം ന്യൂസിലെ പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു വെളിപ്പെടുത്തല്‍. അതിനിടെ, മുഷ്റഫ് അധികാരത്തിലിരുന്നപ്പോള്‍ എന്തുകൊണ്ട് ജെയ്ഷെ മുഹമ്മദിനെതിരേ നടപടി സ്വീകരിച്ചില്ലെന്ന് ചോദിച്ചപ്പോള്‍ അന്നത്തെ കാലം വ്യത്യസ്തമായിരുന്നു എന്നായിരുന്നു മറുപടി.

തന്റെ ഭരണകാലത്ത് ജെയ്ഷെ മുഹമ്മദിനെ ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താനായി പാകിസ്താന്‍ ചാരസംഘടന ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ജെയ്ഷെ മുഹമ്മദിനെതിരേ ഇപ്പോള്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്നും പര്‍വേസ് മുഷ്റഫ് വ്യക്തമാക്കി. 

മുന്‍ പാക് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ ജെയ്ഷെ മുഹമ്മദിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പാക് സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. മുഷറഫിന്റെ വെളിപ്പെടുത്തലിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. 

Content Highlights: former pak president parvez mushraf says pak intelligence used jaishe for attacks in india